---
title: "#Keriangadi | 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ;  കീരിയങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും"
english_title: "#malinyamuktam #navakerala #campaign #cleaning #work #done #Keriangadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150130/malinyamuktam-navakerala-campaign-cleaning-work-done-keriangadi"
published_at: "2023-09-30T21:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65184aebb6d09_maalinya.jpg"
keywords: []
---

# #Keriangadi | 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിൻ;  കീരിയങ്ങാടിയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും

> **Lead Summary:** **കടമേരി: ** 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിനിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കീരിങ്ങാടിയിൽ ചേർന്ന ആരോഗ്യ ശുചിത്വ സമിതി യോഗത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു.

## Article Content

**കടമേരി: ** 'മാലിന്യമുക്തം നവകേരളം' ക്യാമ്പയിനിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് കീരിയങ്ങാടിയിൽ ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കീരിങ്ങാടിയിൽ ചേർന്ന ആരോഗ്യ ശുചിത്വ സമിതി യോഗത്തിൽ വിവിധങ്ങളായ പദ്ധതികൾ ആസൂത്രണം ചെയ്തു.

ഒക്ടോബർ ഒന്ന് ഞായറാഴ്ച മുഴുവൻ വാർഡ് നിവാസികളും അവരുടെ വീടും പരിസരവും ശുചീകരിക്കണം. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മുഴുവൻ അജൈവ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യാതെ, മുഴുവൻ ശേഖരിച്ച് ഘട്ടം ഘട്ടമായി ഹരിത കർമ്മ സേനാംഗങ്ങൾക്ക് കൈമാറണം.

കൂടാതെ മഴക്കാല രോഗങ്ങളും മറ്റു പകർച്ചവ്യാധികളും തടയുന്നതിന് വീടും പരിസരവും വൃത്തിയാക്കുകയും കൊതുകിന്റെ ഉറവിടം കണ്ടെത്തി അവ നശിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ കടമേരി എം.യു.പി.സ്കൂൾ പരിസരം, കീരിയങ്ങാടി ടൗൺ, പഞ്ചായത്ത് ആയുർവേദ ആശുപത്രി തുടങ്ങിയ പൊതു ഇടങ്ങളും സ്ഥാപനങ്ങളും ശുചീകരിക്കും.

കടകളിലെ മാലിന്യങ്ങൾ അവർ തന്നെ സംസ്കരിക്കാനുള്ള നിർദ്ദേശങ്ങൾ നൽകും. എൻ്റെ മാലിന്യം എൻ്റെ ഉത്തരവാദിത്വമാണ് എന്ന ബോധം സമൂഹത്തിൽ സൃഷ്ടിക്കുകയും അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്യും.

സമ്പൂർണ്ണ ശുചിത്വ വാർഡായി പ്രഖ്യാപിക്കുന്നതിന് മുഴുവൻ വാർഡ് നിവാസികളും സഹകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു. വാർഡ് മെമ്പർ ടി. കെ. ഹാരിസ് അധ്യക്ഷത വഹിച്ചു. വികസന സമിതി കൺവീനർ തറമൽ കുഞ്ഞമ്മദ്, ആശാവർക്കർ എം. ടി. കെ. ബീന, ഹരിതസേന വളണ്ടിയർ അജിത എടവന തുടങ്ങിയവർ സംസാരിച്ചു.

ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന സമൂഹ ശുചീകരണ പ്രവർത്തനങ്ങളിൽ കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ സേന വളണ്ടിയർമാർ, രാഷ്ട്രീയ - സാമൂഹിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ സജീവമായി പങ്കെടുക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150130/malinyamuktam-navakerala-campaign-cleaning-work-done-keriangadi)