---
title: "#success | പ്രധാന അധ്യാപകൻ വാക്കുപാലിച്ചു; പ്രതിഭകൾ മതിമറന്നുല്ലസിച്ചു "
english_title: "#headmaster #kept #word #talents #overjoyed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150332/headmaster-kept-word-talents-overjoyed"
published_at: "2023-10-01T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/651985b8904f3_news_9.jpg"
keywords: []
---

# #success | പ്രധാന അധ്യാപകൻ വാക്കുപാലിച്ചു; പ്രതിഭകൾ മതിമറന്നുല്ലസിച്ചു 

> **Lead Summary:** **ആയഞ്ചേരി: ** വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടാൻ അധ്യാപകരും രക്ഷിതാക്കളും വിവിധങ്ങളായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കാലമാണിത്.

## Article Content

**ആയഞ്ചേരി: ** വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയം നേടാൻ അധ്യാപകരും രക്ഷിതാക്കളും വിവിധങ്ങളായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന കാലമാണിത്.

കഴിഞ്ഞ വർഷത്തെ എൽ. എസ്. എസ്, യു.എസ്.എസ്. പരീക്ഷയ്ക്ക് മുമ്പ് കടമേരി എം. യു. പി. സ്കൂൾ പ്രധാന അധ്യാപകനായ ടി. കെ. നസീർ മാസ്റ്റർ വിദ്യാർഥികൾക്ക് നൽകിയത് പരീക്ഷ വിജയിക്കുന്ന മുഴുവൻ കുട്ടികൾക്കും ഒരു ദിവസത്തെ അടിപൊളി സൗജന്യ ടൂർ നൽകുമെന്നാണ്. അധ്യാപകന്റെ തന്ത്രം പാഴായില്ല.

ഓഫർ മുന്നിൽകണ്ട് വിദ്യാർത്ഥികൾ നന്നായി പഠിച്ചു പരീക്ഷ എഴുതി. സ്കൂളിൻ്റെ ചരിത്രത്തിലാദ്യമായി 27 വിദ്യാർത്ഥികളാണ് സ്കോളർഷിപ്പ് പരീക്ഷയിൽ വിജയം നേടിയത്. പ്രധാന അധ്യാപകൻ വാക്ക് തെറ്റിച്ചില്ല.

യു.എസ്.എസ്. നേടി സമീപത്തെ വിവിധ ഹൈസ്കൂളുകളിൽ എട്ടാം തരത്തിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും എൽ.എസ്.എസ്. വിജയികളെയും കൂടാതെ സമീപ സ്കൂളുകളിൽ നിന്ന് എൽ. എസ്.എസ്. നേടി അഞ്ചാം ക്ലാസിലേക്ക് പ്രവേശനം നേടിയവരെയും ഉൾപ്പെടുത്തി 35 പ്രതിഭകളെയും കൊണ്ട് കുട്ടികളുടെ ഇഷ്ടപ്രകാരം കണ്ണൂർ വിസ്മയ അമ്യൂസ്മെൻറ് പാർക്കിലേക്കാണ് അടിച്ചുപൊളിക്കാനായി പോയത്.

അതിരാവിലെ പുറപ്പെട്ട വിദ്യാർത്ഥികൾ രാത്രി പത്ത് മണിയോടെയാണ് തിമിർത്തുല്ലസിച്ച് തിരിച്ചെത്തിയത്. മത്സര പരീക്ഷഫലം വന്നയുടൻ തന്നെ മുഴുവൻ കുട്ടികളെയും വീട് സന്ദർശിച്ച് ഉപഹാരങ്ങൾ സമ്മാനിക്കുകയും പ്രതിഭകളെ പങ്കെടുപ്പിച്ചു ബാൻഡ് താള മേളങ്ങളോടെ തണ്ണീർപ്പന്തൽ ടൗണിൽ വർണ്ണശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.

വിനോദയാത്രയ്ക്ക് ബസ്, ഭക്ഷണം, ടിക്കറ്റ് മുതലായവയ്ക്കായി മുപ്പതിനായിരത്തിലധികം രൂപയാണ് പ്രധാന അധ്യാപകൻ ചെലവഴിച്ചത്. എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകൾക്ക് വിദ്യാർത്ഥികളെ തയ്യാറാക്കിയ അധ്യാപകരും യാത്രയിൽ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150332/headmaster-kept-word-talents-overjoyed)