---
title: "#ekvijayan | 'അറിവുത്സവം' പുതിയ അറിവുകൾ ആർജ്ജിച്ച് മുന്നേറാൻ വിദ്യർത്ഥികൾക്ക് അവസരമൊരുക്കും - ഇ കെ വിജയൻ എംഎൽ എ "
english_title: "#arivutsavam #students #opportunity #gain #new #knowledge #progress #ekVijayan #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/150360/arivutsavam-students-opportunity-gain-new-knowledge-progress-ekvijayan-mla"
published_at: "2023-10-01T21:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65199cc9ab9a4_laaast_11.jpg"
keywords: []
---

# #ekvijayan | 'അറിവുത്സവം' പുതിയ അറിവുകൾ ആർജ്ജിച്ച് മുന്നേറാൻ വിദ്യർത്ഥികൾക്ക് അവസരമൊരുക്കും - ഇ കെ വിജയൻ എംഎൽ എ 

> **Lead Summary:** **വടകര: **വിദ്യാർത്ഥികളെ സ്കൂൾ അങ്കണങ്ങളിൽ നിന്ന് പൊതുവേദികളിലെത്തിക്കാൻ ജനയുഗവും എ കെ എസ് ടി യുവും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഇ കെ വിജയൻ എം എൽ എ അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **വിദ്യാർത്ഥികളെ സ്കൂൾ അങ്കണങ്ങളിൽ നിന്ന് പൊതുവേദികളിലെത്തിക്കാൻ ജനയുഗവും എ കെ എസ് ടി യുവും ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് ഇ കെ വിജയൻ എം എൽ എ അഭിപ്രായപ്പെട്ടു.

ജനയുഗം സഹപാഠി - എ കെ എസ് ടി യു അറിവുത്സവത്തിന്റെ ജില്ലാതല സമാപന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ അറിവുകൾ ആർജ്ജിച്ച് മുന്നേറാൻ വിദ്യർത്ഥികൾക്ക് അവസരമൊരുക്കുന്നതാണ് അറിവുത്സവം. നാം മനസ്സിലാക്കിയതിനേക്കാൾ എത്രയോ ഇരട്ടിയാണ് ഇന്നും നമുക്ക് അജ്ഞാതമായിട്ടുള്ളത്.

ഈ അടുത്ത് ഒരു ഭൂഖണ്ഡം കൂടി കണ്ടെത്തിയിട്ടുണ്ട്. പഴയ തലമുറ പഠിച്ചതിൽ നിന്നും ഏറെ വ്യത്യസ്തമാണ് പുതിയ തലമുറയുടെ പഠനം. ശാസ്ത്ര - സാങ്കേതിക രംഗത്തെ കുതിപ്പിൽ അതിനൊപ്പം മുന്നേറാൻ പുതിയ പുതിയ അറിവുകൾ ആർജിച്ചേ മതിയാകൂ.

ഈ കുതിപ്പിനൊപ്പം മുന്നേറാൻ ജനയുഗം സഹപാഠിയും എ കെ എസ് ടി യു വും ചേർന്ന് ആരംഭിച്ച അറിവുത്സവത്തിനും കഴിയുന്നുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. മുൻ വർഷങ്ങളെ അപേക്ഷിച്ച് അറിവുത്സവത്തിലുള്ള വർധിച്ച പങ്കാളിത്തം അതിനുള്ള തെളിവാണ്.

വരും വർഷങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികളെ അറിവുത്സവത്തിന്റെ ഭാഗമാക്കാൻ കഴിയണം. ഒപ്പം ജനയുഗം സഹപാഠിയിലൂടെ വിദ്യാർത്ഥികളുടെ സർഗ്ഗ വൈഭവം കൂടി പ്രകടിപ്പിക്കാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വടകര ബിഇഎംഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങിൽ വടകര നഗരസഭ ഉപാധ്യക്ഷൻ പി സജീവ് കുമാർ അധ്യക്ഷനായിരുന്നു. ജനയുഗം സഹപാഠി - എ കെ എസ് ടി യു അറിവുത്സവത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ച ജനയുഗം കോഴിക്കോട് യൂണിറ്റ് മാനേജരും സി പി ഐ ജില്ലാ സെക്രട്ടറിയുമായ കെ കെ ബാലൻ മാസ്റ്റർ പറഞ്ഞു.

ഓരോ വർഷം കഴിയുന്തോറും മത്സരത്തിലെ പങ്കാളിത്തം ഏറിവരികയാണ്. അധ്യാപക സംഘടനയായ എ കെ എസ് ടി യു വിന്റെ പരിപൂർണ്ണ പിന്തുണയാണ് ഈ മാറ്റത്തിന് കാരണം. വരും വർഷങ്ങളിൽ കൂടുതൽ പങ്കാളിത്തം ഉറപ്പു വരുത്തി സ്കൂൾ തലങ്ങളിൽ തന്നെ അറിവുത്സവം കുട്ടികളുടെ ആഘോഷമാക്കി മാറ്റാൻ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി സുരേഷ് ബാബു, ലൈബ്രറി കൗൺസിൽ ജില്ലാ നിർവാഹക സമിതി അംഗം സോമൻ മുതുവന, എ കെ എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി ബിജു, ജോയിന്റ് കൗൺസിൽ ജില്ലാ സെക്രട്ടറി കെ ജയപ്രകാശ്, എ കെ എസ് ടി യു ജില്ലാ സെക്രട്ടറി കെ പ്രദീപ് കുമാർ, ജില്ലാ പ്രസിഡന്റ് കെ വി ആനന്ദൻ എന്നിവരും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അറിവുത്സവം ജില്ലാ കോഡിനേറ്റർ ബാബു ആനവാതിൽ സ്വാഗതവും പി അനീഷ് നന്ദിയും പറഞ്ഞു. മത്സരങ്ങൾക്ക് എ ടി വിനീഷ്, ഒ കെ ഷിജു, ജിജോയ് ആവള, സുധിന, വിദ്യ ജി എൻ, സി വി സജിത്ത്, സുനിൽ മൊകേരി, സി കെ ബാലകൃഷ്ണൻ, ബി ബി ബിനീഷ്, രമേശൻ, എം ബിന്ദു, കെ ശ്രീവിദ്യ, ജനയുഗം പ്രതിനിധികളായ അനിൽ കുമാർ ഒഞ്ചിയം, ടി പി ബാലകൃഷ്ണൻ, പ്രവീൺ, ഷൈജു തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതികൂല കാലാവസ്ഥയിലും അറിവുത്സവത്തിന് നിറഞ്ഞ പങ്കാളിത്തമായിരുന്നു. അറിവിന്റെ പുതിയ ആകാശം തേടി കുരുന്നുകൾ എത്തിയപ്പോൾ അത് എല്ലാവർക്കും ആവേശമായി. ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നായി മത്സരത്തിലൂടെ വിജയിച്ചെത്തിയ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി.

എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ജില്ലാതല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർക്ക് മലപ്പുറത്ത് നടക്കുന്ന അറിവുത്സവം സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/150360/arivutsavam-students-opportunity-gain-new-knowledge-progress-ekvijayan-mla)