---
title: "പാറക്കലിന് മറുപടിയുമായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ വാര്‍ത്താസമ്മേളനം"
english_title: " KP Kunhammad Kutty MLA's press conference in reply to Parakil abdulla "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15082/kp-kunhammad-kutty-mlas-press-conference-in-reply-to-parakil-abdulla"
published_at: "2021-12-08T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b084ef8a2a3_mla kunnjammad kutti .jpg"
keywords: []
---

# പാറക്കലിന് മറുപടിയുമായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയുടെ വാര്‍ത്താസമ്മേളനം

> **Lead Summary:** വടകര: കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. 5 വര്‍ഷം എംഎല്‍എ ആയിട്ടും റോഡിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.രാഷ്ട്രീയ പ്രേരിതമായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വരുന്ന എല്ലാ വികസന പദ്ധതികള്‍ക്കും എതിരായി നില്‍ക്കുകയെന്നതാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. ഇത് പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലും ഇതേ സമീപനമാണ് സ്വീകരിച്ച് വരുന്നത്- കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ വടകരയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

## Article Content

വടകര: കുറ്റ്യാടി നിയമസഭാ മണ്ഡലത്തിലെ കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ. 5 വര്‍ഷം എംഎല്‍എ ആയിട്ടും റോഡിന് വേണ്ടി ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.രാഷ്ട്രീയ പ്രേരിതമായി അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ട് വരുന്ന എല്ലാ വികസന പദ്ധതികള്‍ക്കും എതിരായി നില്‍ക്കുകയെന്നതാണ് യുഡിഎഫും ബിജെപിയും സ്വീകരിക്കുന്നത്. ഇത് പ്രദേശിക തലത്തിലും സംസ്ഥാന തലത്തിലും ഇതേ സമീപനമാണ് സ്വീകരിച്ച് വരുന്നത്- കെ പി കുഞ്ഞമ്മദ് കുട്ടി എംഎല്‍എ വടകരയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നത് വരെ അറ്റകുറ്റപണി വേണ്ട എന്ന നിലപാടിനോട് അംഗീകരിക്കാന്‍ കഴിയില്ല. പാറക്കലിന് മനസാക്ഷിക്കുത്തുണ്ടെന്നും റോഡ് അറ്റകുറ്റപണിക്ക് 2.69 രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ആയി ചുമതലയേറ്റതിന് നിരവധി പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കഴിഞ്ഞിട്ടുണ്ട്. കുറ്റ്യാടി ബൈപ്പാസ് , വടകര - വില്യാപ്പള്ളി -ചേലക്കാട് റോഡുകളുടെ നിര്‍മ്മാണവുമായി അലൈന്‍മെന്റ് ്‌സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വടകര - മാഹി കനാലിന്റെ ഭാഗമായുള്ള മൂഴിക്കല്‍ ലോക്ക് -കം -ബ്രിഡ്ജിന്റെ പ്രവൃത്തി നല്ല പുരോഗതിയിലാണ് 7.6 കോടി രൂപയുടെ ടെന്‍ഡര്‍ അംഗീകരിച്ചിട്ടുണ്ട്. കുന്നുമ്മല്‍ വോളിബോള്‍ അക്കാദമിക്കായി സ്ഥല പരിശോധന നടത്തി. പദ്ധതിക്ക് വേണ്ടി ഒരു കോടി രൂപയുടെ ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കും.

പുറമേരിയില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസ് കം കമ്മ്യൂണിറ്റി ഹാളിന് പ്രത്യേക ഭരണാനുമതി ലഭിക്കുകയും 1.28 കോടി രൂപ അനുവദിക്കുകയും ചെയ്തു. വട്ടോളി ഗവ യു പി സ്‌കൂള്‍, പറമ്പില്‍ ഗവ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉടന്‍ യഥാര്‍ത്ഥ്യമാകും. നിര്‍മ്മാണ പ്രവൃത്തിയുടെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു. മൊകേരി ഗവ കോളജിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി 55 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുറ്റ്യാടി നാളികേര പാര്‍ക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാക്കും. പദ്ധതി പ്രദേശത്തെ കാട് പിടിച്ച് കിടക്കുന്ന പ്രദേശങ്ങള്‍ വെട്ടിത്തെളിച്ചിട്ടുണ്ട്. ചുറ്റുമതില്‍ നിര്‍മ്മാണവും തുടര്‍ പ്രവര്‍ത്തനങ്ങളും ഉടന്‍ തുടങ്ങും.

വില്യാപ്പള്ളി , മണിയൂര്‍ ഐടിഐ കള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും. സാങ്കേതിക അനുമതിക്കായി നടപടി സ്വീകരിച്ചിട്ടുണ്ട്. ലോകനാര്‍കാവ് ക്ഷേത്ര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് 3.91 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചിട്ടുണ്ട്്. പയംകുറ്റിമല പദ്ധതിയുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡ് നിര്‍മ്മിക്കും വേളം ഗ്രാമ പഞ്ചായത്തില്‍ ക്ഷീര ഗ്രാമം പദ്ധതിയും മണിയൂര്‍ ഗ്രാമ പഞ്ചായത്തിലും കേരഗ്രാമം പദ്ധതിയും നടപ്പിലാക്കും. മണ്ഡലത്തിലെ ചെരണ്ടത്തൂര്‍ ചിറ ഉള്‍പ്പെടെയുള്ള നെല്‍പാടങ്ങളില്‍ കൃഷിയിറക്കാന്‍ നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ എല്‍ഡിഎഫ് നേതാക്കളായ കെ കെ ദിനേശന്‍, കെ കെ നാരായണന്‍, ടി പി ഗോപാലന്‍, കെ എം ബാബു, വി പി ബാലന്‍ മാസ്റ്റര്‍ എന്നിവരും പങ്കെടുത്തും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15082/kp-kunhammad-kutty-mlas-press-conference-in-reply-to-parakil-abdulla)