---
title: "#Prophet'sday | 'മെഹ്ഫിലെ മീലാദ്'; ജനശ്രദ്ധയാകർഷിച്ച് നബിദിനാഘോഷം"
english_title: "#MehflMilad #Celebration #Prophet'sday #public #attention"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152286/mehflmilad-celebration-prophetsday-public-attention"
published_at: "2023-10-09T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6524133e184bc_11.jpg"
keywords: []
---

# #Prophet'sday | 'മെഹ്ഫിലെ മീലാദ്'; ജനശ്രദ്ധയാകർഷിച്ച് നബിദിനാഘോഷം

> **Lead Summary:** **ഒഞ്ചിയം: **തിരുപ്പിറവി ദിനാഘോഷം ഒഞ്ചിയത്ത് സമുചിതമായി ആഘോഷിച്ചു. 'മെഹ്ഫിലെ മീലാദ് 2023' എന്ന നാമധേയത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷം സംഘാടന മികവ് കൊണ്ടും ജനബാഹുല്യം കൊണ്ടും ഒഞ്ചിയത്ത് ശ്രദ്ധ പിടിച്ചുപറ്റി.

## Article Content

**ഒഞ്ചിയം: **തിരുപ്പിറവി ദിനാഘോഷം ഒഞ്ചിയത്ത് സമുചിതമായി ആഘോഷിച്ചു. 'മെഹ്ഫിലെ മീലാദ് 2023' എന്ന നാമധേയത്തിൽ സംഘടിപ്പിച്ച നബിദിനാഘോഷം സംഘാടന മികവ് കൊണ്ടും ജനബാഹുല്യം കൊണ്ടും ഒഞ്ചിയത്ത് ശ്രദ്ധ പിടിച്ചുപറ്റി.

പ്രവാചക തിരുമേനി മുഹമ്മദ് നബിയുടെ 1498ാം മത് ജന്മദിനാഘോഷമാണ് ഒഞ്ചിയം നുസ്രത്തുൽ ഇസ്ലാം മദ്രസ മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നത്. നുസ്രത്തുൽ ഇസ്ലാം മദ്രസയുടെ മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ മർഹൂം പി പി മഹ്മൂദ് ഹാജി (ചോന്നോര കണ്ടി) നഗറിൽ ഞായറാഴ്ച കാലത്ത് 7:30 ന് പതാക ഉയർത്തലോടെയാണ് തുടക്കമായത്.

കെ പി ഇബ്രാഹിം ഹാജി ( മഹല്ല് ജമാഅത്ത് പ്രസിഡന്റ്) പതാക ഉയർത്തി. ശേഷം പ്രവാചകന്റെ പേരിൽ ഭക്തിസാന്ദ്രമായി മൗലിദ് പാരായണവും, പ്രണയ സൂക്തങ്ങളും ആലപിച്ചു. തുടർന്ന് നടന്ന നബിദിന സന്ദേശ റാലി മാനവരാശിയുടെ സമാധാനത്തിനും ഐക്യത്തിനും വേണ്ടി നമ്മൾ ഓരോരുത്തരും പ്രവർത്തിക്കണമെന്ന സന്ദേശം പറഞ്ഞറിയിക്കുന്നതായിരുന്നു.

നബിദിന റാലിയിൽ മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, ഇശൽ തനിമ ഒഞ്ചിയം ദഫ് ടീമിന്റെ വർണ്ണ ശഭളമായ ദഫ്മുട്ട്, എന്നിവ നടന്നു. റാലിയിൽ ഒഞ്ചിയം ഹിഫ്ള് കോളേജ് വിദ്യാർത്ഥികൾ, എൻ.ഐ.എം മദ്രസ പൂർവ്വ വിദ്യാർത്ഥികൾ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സന്ദേശ റാലിക്ക് മദ്രസ മഹല്ല് കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകി.

റാലിക്ക് ശേഷം നടന്ന പൊതു പരിപാടിയുടെ ഉദ്ഘാടനം ഒഞ്ചിയം മഹല്ല് ഖാസി കുഞ്ഞബ്ദുള്ള മൗലവി നിർവഹിച്ചു. സ്വാഗത സംഘം ചെയർമാൻ കെ.പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. വി.പി ജാഫർ ഹാജി ( വലിയ പറമ്പത്ത്) മുഖ്യ അതിഥിയായി പങ്കെടുത്തു.സഹദ് ബാഖവി ( തലായി മദ്രസ സദർ മുഅല്ലിം) മുഖ്യപ്രഭാഷണം നടത്തി.

സി കെ മൊയ്തു സാഹിബ് ( ഒഞ്ചിയം മഹല്ല് കമ്മിറ്റി മുൻ പ്രസിഡണ്ട്), യു അഷ്റഫ് മാസ്റ്റർ (മഹല്ല് സെക്രട്ടറി), ഉസ്മാൻ ഒരിയാന (എൻ ഐ എം കമ്മിറ്റി വൈസ് പ്രസിഡണ്ട്), നവാസ് മൗലവി (മദ്രസ സദർ മുഅല്ലിം), ഉസ്താദുമാരായ അബ്ദുറഹ്മാൻ മൗലവി, സുഫൈൽ മൗലവി സംസാരിച്ചു. തുടർന്ന് മദ്രസ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ രക്ഷിതാക്കൾ, നാട്ടുകാർ, സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ വൻ ജനാവലി പങ്കെടുത്തു.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ പൊതുപരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്കുള്ള അവാർഡ് ദാനവും സ്വർണ്ണ മെഡൽ വിതരണവും നടന്നു. കൂടാതെ നബിദിനാഘോഷത്തിന്റെ ഭാഗമായി നടന്ന വിവിധ മത്സരയിനങ്ങളിൽ പങ്കെടുത്തു വിജയിച്ചവർക്കുള്ള സമ്മാനവിതരണം നടന്നു. വൈവിധ്യമായ മധുര പലഹാരങ്ങളും ഐസ്ക്രീം ഉൾപ്പെടെയുള്ളവയുടെ വിതരണവും വിദ്യാർത്ഥികളിൽ എന്നപോലെ രക്ഷിതാക്കളും ആസ്വദിച്ചു.

ഉദാരമനസ്കാരായ നിരവധിപേരുടെ അക്ഷീണപ്രയത്നം കൊണ്ടാണ് പരിപാടി ഇത്രയധികം വിജയിച്ചത്. ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉറക്കമൊഴിച്ച് കൊണ്ട് ഈ വർഷത്തെ നബിദിനാഘോഷ പരിപാടി മുൻ കാലങ്ങളിൽ കഴിഞ്ഞുപോയ നബിദിനത്തേക്കാൾ ഏറെ ഉത്സാഹപൂരിതമാക്കണമെന്ന ഒറ്റ ചിന്തയിൽ വളരെയധികം അടുക്കും ചിട്ടയോടും പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രവർത്തിച്ചു.

നാട്ടിലും വിദേശത്തുമുള്ള പൂർവ വിദ്യാർത്ഥികളിൽ പലരും നിർലോഭമായ സംഭാവനയാണ് നൽകിയത്. ഏതൊരു കാര്യത്തിന് മദ്രസ മഹല്ല് കമ്മിറ്റി സമീപിച്ചാലും അതേറ്റെടുത്ത് വേണ്ട സഹകരണങ്ങൾ ഉദാരമതികളായ വി.പി. ജാഫർ ഹാജിയെ പോലുള്ളവർ നൽകി. 

രാത്രി 8 മണിയോടെയാണ് പരിപാടി സമാപിച്ചത്. ജാതിഭേദമന്യേ നബിദിന സന്ദേശ റാലി കാണുവാനും, കുട്ടികളുടെ വിവിധ കലാപരിപാടികൾ ആസ്വദിക്കുവാനും നിരവധി പേർ പങ്കെടുത്തു. മതേതരത്വത്തിന്റെയും മതസൗഹാർദത്തിന്റെയും പുതിയൊരു അദ്ധ്യായം കൂടി ഈ വർഷത്തെ നബിദിനാഘോഷം കൊണ്ട് ഒഞ്ചിയത്ത് സാധ്യമായി. സ്വാഗതസംഘം കൺവീനർ പി പി കെ അബ്ദുല്ല സ്വാഗതം പറഞ്ഞു. മദ്രസ കമ്മിറ്റി ഖജാൻജി കെ പി അബ്ദുല്ലഹാജി നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152286/mehflmilad-celebration-prophetsday-public-attention)