---
title: "#vadakaragovthospital | വടകര ഗവ. ആശുപത്രിയിൽ നടക്കുന്നത്  ഭരണ നേതൃത്വത്തിന്റെ സ്‌പോൺസേർഡ് സമരാഭാസം - ജനകീയ മുന്നണി"
english_title: "#vadakaragovthospital #sponsored #struggle #ruling #leadership #janakiyamunnani "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/152432/vadakaragovthospital-sponsored-struggle-ruling-leadership-janakiyamunnani"
published_at: "2023-10-10T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6525029151613_news7.jpg"
keywords: []
---

# #vadakaragovthospital | വടകര ഗവ. ആശുപത്രിയിൽ നടക്കുന്നത്  ഭരണ നേതൃത്വത്തിന്റെ സ്‌പോൺസേർഡ് സമരാഭാസം - ജനകീയ മുന്നണി

> **Lead Summary:** **വടകര: **സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായ വടകര ജില്ലാ ആശുപത്രിയെ തങ്ങളുടേതായ രാഷ്ട്രീയ ലാഭത്തിനായുള്ള സമരകേന്ദ്രമാക്കിമാറ്റുന്നതിന് പിന്നിൽ ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ കഴിവുകേടും ഗൂഡ്ഡലോചനയുമാണെന്ന് ജനകീയമുന്നണി അഭിപ്രായപ്പെട്ടു.

## Article Content

**വടകര: **സാധാരണ ജനങ്ങളുടെ ആശ്രയകേന്ദ്രമായ വടകര ജില്ലാ ആശുപത്രിയെ തങ്ങളുടേതായ രാഷ്ട്രീയ ലാഭത്തിനായുള്ള സമരകേന്ദ്രമാക്കിമാറ്റുന്നതിന് പിന്നിൽ ജില്ലാ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ കഴിവുകേടും ഗൂഡ്ഡലോചനയുമാണെന്ന് ജനകീയമുന്നണി അഭിപ്രായപ്പെട്ടു.

ആശുപത്രിക്കു കീഴിൽ നടത്തുന്ന താത്കാലിക ജീവനക്കാരുടെ നിയമനം സർക്കാർ നിയമങ്ങൾക്ക് വിധേയമായി നടത്തണമെന്ന ആശുപത്രി സൂപ്രണ്ടിന്റെ നിലപാടിന് എതിരെയാണ് ഭരണകക്ഷിയുടെ ട്രേഡ് യൂണിയനായ സി.ഐ.ടി.യു നേതൃത്വത്തിൽ ആശുപത്രിക്ക് മുൻപിൽ താത്കാലിക ജീവനക്കാരിൽ ചിലരുടെ സമരം നടക്കുന്നത്.

സർക്കാർ തസ്തികകൾക്ക് പുറമെ ആവശ്യമായി വരുന്ന പോസ്റ്റുകളിൽ താത്കാലികമായി നടത്തുന്ന നിയമനങ്ങൾ എപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്തണമെന്നാണ് സർക്കാർ ചട്ടം. എന്നാൽ ജില്ലാ ആശുപത്രികളിലെ നിയമങ്ങളൊന്നും ആ നിലയിൽ നടന്നതല്ല.

നിയമിക്കപെടുന്ന ജീവനക്കാർ 179 ദിവസത്തേക്കുള്ള ബോണ്ട് ഒപ്പിവച്ചതിനു ശേഷമാണ് ജോലിയിൽ പ്രവേശിക്കേണ്ടതെന്നും, 179 ദിവസത്തിന് ശേഷം വീണ്ടും ആ പോസ്റ്റ് ആവശ്യമാണെങ്കിൽ പുതിയ ഇന്റർവ്യൂ നടക്കുകയോ, പഴയ ആൾ തന്നെ തുടരുകയാണെങ്കിൽ ഒരു ദിവസം ലീവിൽ പ്രവേശിച്ചു പുതിയ ബോണ്ട് ഒപ്പുവെക്കണമെന്നും സർക്കാർ നിഷ്കർഷിക്കുന്നു. എന്നാൽ ജില്ലാ ആശുപത്രിയിലെ ഒരു നിയമനവും ഈ നിലയിലുള്ള സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചല്ല തുടരുന്നത്.

ഇത് പാലിക്കപ്പെടണമെന്ന് ആശുപത്രി സൂപ്രണ്ട് നിർദ്ദേശിച്ചതാണ് ജീവനക്കാരിൽ ചിലരെ ചൊടിപ്പിച്ചത്. മാത്രമല്ല ഏതു താത്കാലിക പോസ്റ്റിലും പി.എസ്.സി വഴിയുള്ള നിയമനങ്ങൾ ഉണ്ടായാൽ ആ പോസ്റ്റ് അസാധു ആവുകയും താത്കാലിക ജീവനക്കാരൻ പുറത്തു പോവുകയും ചെയ്യണം. ഈ നിലയിൽ പുറത്തുപോയ ജീവനക്കാരനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കൂടെയാണ് സി.ഐ.ടി.യു ഈ സമരകോലാഹലം നടത്തുന്നത്.

താത്കാലിക നിയമനങ്ങൾ നടത്തുന്നതിന്റെ എല്ലാ സർക്കാർ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി ഭരണകക്ഷിയിൽപെട്ടതും, ചില നേതാക്കളുടെ ബന്തുനിയമങ്ങളെയും സംരക്ഷിക്കാൻ വേണ്ടി ആശുപത്രി സൂപ്രണ്ടിനെ സമ്മർദ്ദത്തിലാക്കാനുള്ള തന്ത്രമാണ് ഈ സമരത്തിലൂടെ സി.ഐ.ടി.യു ഉദ്ദേശിക്കുന്നത്. ഇതിനുള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നേരിട്ടാണ് എന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

തെറ്റായ രീതിയിലുള്ള നിയമങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആശുപത്രി സുപ്രണ്ടിനുമേൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തന്റെ അധികാരമുപയോഗിച്ചു സമ്മർദ്ദം ചെലുത്തുന്നതും ഒരു തരത്തിലും അംഗീകരിക്കാം കഴിയുന്ന കാര്യമല്ല. ആശുപത്രി സൂപ്രണ്ടിന്റെ വീട്ടിനു മുൻപിൽ അപകീർത്തികരമായ പോസ്റ്റർ പതിച്ചും, വ്യക്തിപരമായി അവരെ അവഹേളിച്ചും നിയമവിരുദ്ധ നടപടികൾ നടപ്പിലാക്കാൻ ഇവരെല്ലാം ചേർന്ന് സമ്മർദ്ദം ചെലുതുകയാണ്. ഇത് ഒരുതരത്തിലും അനുവദിക്കാവുന്ന കാര്യമല്ല.

ഈ നടപടിക്കെതിരെ ആശുപത്രിയിലെ സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ മറ്റൊരു സമരമുഖം തുറക്കുകയാണിപ്പോൾ. പ്രശ്നത്തിൽ ഇടപെട്ട് അത് പരിഹരിക്കുന്നതിൽ ജില്ലാ പഞ്ചായത്തിന് സംഭവിക്കുന്ന വീഴ്ച്ച കാരണം ബുദ്ധിമുട്ടനുഭവിക്കുന്നത് സാധാരണ ജനങ്ങളും രോഗികളുമാണ്. ജില്ലാ പഞ്ചായത്തിന്റെ ഈ പിടിപ്പുകേടുകൾക്കെതിരെ ജനങ്ങളെ ഇറക്കി പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകുമെന്നും. ഒരു രാഷ്ട്രീയ സമരകേന്ദ്രമാക്കി ഒരു ആതുരാലയത്തെ മാറ്റുന്ന നടപടിയെ ചെറുത് തോൽപ്പിക്കുമെന്നും.

നിയമാനുസൃതമായി ജോലി നിർവ്വ ഹണം നടത്തുന്ന ആശുപത്രി സൂപ്രണ്ടിനെ എല്ലാവിധത്തിലും സംരക്ഷിക്കണം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.പി അബ്ദുല്ല ഹാജി ,.എം.സി.ഇബ്രാഹിം,സതീശൻ കുരിയാടി,പി.എം.വിനു, പ്രദീപ് ചോമ്പാല, കെ.പി.കരുണൻ,രാഘവൻ നല്ലാടത്ത്, വി .കെ.പ്രേമൻ,കെ.മനോജ്, എം.ഫൈസൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/152432/vadakaragovthospital-sponsored-struggle-ruling-leadership-janakiyamunnani)