---
title: "മദ്യക്കുപ്പി ; വടകരയില്‍ റസ്റ്റ് ഹൗസ് ജീവനക്കാരെ  പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം"
english_title: " Liquor bottle; Rust House employees in Vadakara Protests are strong over the dismissal action"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15286/liquor-bottle-rust-house-employees-in-vadakara-protests-are-strong-over-the-dismissal-action"
published_at: "2021-12-09T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b1eb1d06bc7_pwd reset house .jpg"
keywords: []
---

# മദ്യക്കുപ്പി ; വടകരയില്‍ റസ്റ്റ് ഹൗസ് ജീവനക്കാരെ  പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം

> **Lead Summary:** വടകര: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്നു വടകര റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ ഒരു മദ്യക്കുപ്പി കിട്ടിയതിന്റെ പേരില്‍ റസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം. പിരിച്ച് വിട്ട ജീവനക്കാരുടെ ഒഴിവിലേക്ക് പുതിയ നിയമനത്തിനുളള നീക്കം നടക്കുന്നുണ്ട്. പിരിച്ച് വിട്ട നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാക്കുന്നത്.

## Article Content

വടകര: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധനയെ തുടര്‍ന്നു വടകര റസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ ഒരു മദ്യക്കുപ്പി കിട്ടിയതിന്റെ പേരില്‍ റസ്റ്റ് ഹൗസിലെ രണ്ടു ജീവനക്കാരെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധം ശക്തം. പിരിച്ച് വിട്ട ജീവനക്കാരുടെ ഒഴിവിലേക്ക് പുതിയ നിയമനത്തിനുളള നീക്കം നടക്കുന്നുണ്ട്. പിരിച്ച് വിട്ട നടപടി പിന്‍വലിക്കണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടിയുണ്ടാക്കുന്നത്.

മാലിന്യ കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും വളരെ പഴക്കമുള്ള ഒരു മദ്യകുപ്പി കിട്ടിയതാണ് വര്‍ഷങ്ങളായി ഇവിടെ ജോലിചെയ്തു വരുന്ന താല്‍ക്കാലിക ജീവനക്കാരായ രണ്ട് സാധാരണ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലാക്കുന്ന തരത്തിലേക്കെത്തിയത്. ഈ കോമ്പൗണ്ടിനകത്തു തന്നെയാണ് വടകര ആര്‍.ഡി.ഒ ഓഫീസും പ്രവര്‍ത്തിക്കുന്നത്, സ്വാഭാവികമായും കോമ്പൗണ്ട് പരിസരത്തെ ശുചിയാക്കി സൂക്ഷിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിനോടൊപ്പം റവന്യൂ വകുപ്പിനും തുല്യ പങ്കാളിത്തമുണ്ട് . ആ നിലയിലുള്ള വല്ല പരിശോധനയും നടത്തിയതിനു ശേഷമാണോ ഇങ്ങനെയൊരു പിരിച്ചുവിടല്‍ ഉണ്ടായതെന്നും മന്ത്രി വ്യക്തമാക്കേണ്ടതുണ്ട്. ആര്‍.എം.പി.ഐ വടകര ഏരിയ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞമാസമാണ് വടകരയെ സമ്പൂര്‍ണ്ണ മാലിന്യമുക്ത നഗരസഭയായി വടകര നഗരഭരണാധികാരികള്‍ പ്രഖ്യാപിച്ചത്. നഗരസഭാ പരിധിക്കു കീഴില്‍, നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന പ്രധാന ഓഫീസായ ആര്‍.ഡി.ഒ ഉള്‍പ്പെടുന്ന പരിസരം പോലും ശുചിയാക്കാതെയുള്ള എന്ത് മാലിന്യ മുക്ത പ്രഖ്യാപനമാണ് നഗരസഭാ അധികൃതര്‍ നടത്തിയതെന്നും വ്യക്തമാക്കേണ്ടതുണ്ട്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഇത്തരം പ്രഖ്യാപനങ്ങളും, മിന്നല്‍ പരിശോധനകളുമെല്ലാം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കാന്‍ വേണ്ടിയാവരുതെന്നും ആര്‍.എം.പി.ഐ ചൂണ്ടിക്കാട്ടിണ്ടി. രണ്ടു വകുപ്പുകളുടെ ഭരണ വൈകല്യത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം താത്കാലിക ജീവനക്കാരായ രണ്ടുപേരുടെ തലയിലിട്ട് മഹത്തായ തിരുത്തല്‍ പ്രക്രിയ നടത്തി എന്ന് മേനിനടിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പാവപ്പെട്ടവന്റെ അന്നം മുടക്കിയില്ല ഇത്തരം പ്രഹസനകള്‍ക്ക് കളമൊരുക്കേണ്ടതെന്നും, പിരിച്ചുവിട്ട തൊഴിലാളികളെ അടിയന്തിരമായി തിരിച്ചെടുക്കണമെന്നും ആര്‍.എം.പി.ഐ വടകര ഏരിയ സെക്രട്ടറി പി.എം വിനു, ചെയര്‍മാന്‍ എ.പി ഷാജിത്ത് എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് വടകര റസ്റ്റ് ഹൗസിലെ താല്‍ക്കാലിക ജീവനക്കാരെ അന്യായമായി പിരിച്ചുവിട്ട നടപടി പിന്‍വലിക്കണമെന്ന് സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ വടകര ഏരിയാ സെക്രട്ടറി ശ്രീജിത്ത് ഒഞ്ചിയം ആവശ്യപ്പെട്ടു.

സംസ്ഥാന റോഡുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോള്‍ അതിന്റെ കരാറുകാര്‍ക്കെതിരെ യോ എഞ്ചിനീയര്‍മാര്‍ ക്കെതിരെ യോ യാതൊരു നടപടിയും സ്വീകരിക്കാതെ എന്നോ ഉപേക്ഷിച്ച മദ്യക്കുപ്പിയുടെ പേരില്‍ രണ്ട് കുടുംബങ്ങളെ പട്ടിണിയിലേക്ക് വലിച്ചെറിഞ്ഞ മന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ് - ശ്രീജിത്ത് ഒഞ്ചിയം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15286/liquor-bottle-rust-house-employees-in-vadakara-protests-are-strong-over-the-dismissal-action)