---
title: "#Trafficchange | ഗതാഗതമാറ്റം; വീരഞ്ചേരി, ജെ.ടി. റോഡ്, പെരുവാട്ടുംതാഴ പ്രദേശങ്ങൾക്ക് തിരിച്ചടിയാകുന്നു "
english_title: "#Trafficchange #Viranchery #JTRoad #Peruvattumthazhe #areas #affected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/153903/trafficchange-viranchery-jtroad-peruvattumthazhe-areas-affected"
published_at: "2023-10-15T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652bdfae80644_88.jpg"
keywords: []
---

# #Trafficchange | ഗതാഗതമാറ്റം; വീരഞ്ചേരി, ജെ.ടി. റോഡ്, പെരുവാട്ടുംതാഴ പ്രദേശങ്ങൾക്ക് തിരിച്ചടിയാകുന്നു 

> **Lead Summary:** **വടകര: ** ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടത്തിയ ഗതാഗതമാറ്റം വീരഞ്ചേരി, ജെ.ടി. റോഡ്, പെരുവാട്ടുംതാഴ പ്രദേശങ്ങൾക്ക് തിരിച്ചടിയായി ഇതുവഴി ബസ്സോട്ടം നിലച്ചു. ആശുപത്രികളും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുമുള്ള മേഖലയാണിത്. ബസുകൾ ഇതുവഴി വരാതായതോടെ ഈ മേഖലയിലെ വ്യാപാരമേഖല ഉൾപ്പെടെ കടുത്ത മാന്ദ്യത്തിലായി.

## Article Content

**വടകര: ** ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി നടത്തിയ ഗതാഗതമാറ്റം വീരഞ്ചേരി, ജെ.ടി. റോഡ്, പെരുവാട്ടുംതാഴ പ്രദേശങ്ങൾക്ക് തിരിച്ചടിയായി ഇതുവഴി ബസ്സോട്ടം നിലച്ചു. ആശുപത്രികളും ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുമുള്ള മേഖലയാണിത്. ബസുകൾ ഇതുവഴി വരാതായതോടെ ഈ മേഖലയിലെ വ്യാപാരമേഖല ഉൾപ്പെടെ കടുത്ത മാന്ദ്യത്തിലായി.

ആശുപത്രിയിലെത്തുന്നവർ ചുറ്റിസഞ്ചരിക്കണം. പ്രശ്നം പരിഹരിക്കാൻ നടപടിയാവശ്യപ്പെട്ട് താലൂക്ക് വികസന സമിതി ജെ.ടി. റോഡ് പൗരസമിതിയും വ്യാപാരിസംഘടനകളും രംഗത്തെത്തി.പെരുവാട്ടുംതാഴയിൽ മേൽപ്പാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് രണ്ടാഴ്ച മുമ്പേ ഗതാഗതപരിഷ്‌കാരം ഏർപ്പെടുത്തിയത്.

ഇതുപ്രകാരം തലശ്ശേരി, നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽനിന്നുവരുന്ന ബസുകൾക്ക് പെരുവാട്ടുംതാഴ, വീരഞ്ചേരി വഴി പ്രവേശനമില്ല. പകരം ബസുകൾ ബൈപ്പാസ് വഴി നേരെപോയി അടയ്ക്കാത്തെരു ജങ്ഷൻ- മാർക്കറ്റ് റോഡ് വഴിയും ലിങ്ക് റോഡ് വഴിയുമാണ് വടകര പഴയ സ്റ്റാൻഡ് പരിസരത്തേക്ക് പോകേണ്ടത്.

ബസുകൾ ഇതുവഴി പോകുമ്പോൾ പെരുവാട്ടുംതാഴ, വീരഞ്ചേരി, ജെ.ടി.റോഡ് എന്നിവിടങ്ങളിൽ യാത്രക്കാർക്ക് ഇറങ്ങാൻ കഴിയില്ല. ഇവിടങ്ങളിലേക്ക് വരേണ്ടവർ പഴയ സ്റ്റാൻഡിലെത്തി ഓട്ടോറിക്ഷ പിടിച്ചു വേണം ഇങ്ങോട്ടേക്ക് വരാൻ. അല്ലെങ്കിൽ പെരുവാട്ടുംതാഴ മേൽപ്പാലത്തിനു സമീപം ഇറങ്ങി ഇവിടെനിന്ന് ഓട്ടോ പിടിക്കണം. ഇത് ഇരട്ടിച്ചെലവായതിനാൽ പലരും ഈ ഭാഗത്തെ ആശുപത്രികളെയും വ്യാപാര സ്ഥാപനങ്ങളെയും ഒഴിവാക്കുന്നുവെന്നാണ് പരാതി.

ക്ലിനിക്കുകൾ ഉൾപ്പെടെ നാല് ആശുപത്രിയും സ്കാനിങ് സെന്ററുകളും ഈ റോഡിലുണ്ട്. രണ്ട് പെട്രോൾപമ്പുകളും ഒട്ടേറെ വർക്‌ഷോപ്പുകളും സ്പെയർപാർട്‌സ് കടകളും ഈ ഭാഗത്തുണ്ട്. വടകര റൂറൽ ബാങ്ക്, കോപ്പോൾ, ജലഅതോറിറ്റി ഓഫീസ്, കോട്ടക്കുളങ്ങര സ്വാമിനാഥ ക്ഷേത്രം തുടങ്ങിയവയും ഇവിടെയാണ്.

ദൈനംദിന ജീവിതവുമായി ബന്ധപ്പെടുന്ന ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇവിടെ. യാത്രയ്ക്ക് ബസുകളെ ആശ്രയിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്കാണ് ഏറെ പ്രശ്നം. പാലംപണി നടക്കുന്നതിനാൽ ദേശീയപാതയിൽനിന്ന്‌ യു ടേൺ എടുത്ത് ബസുകൾക്ക് പഴയ സ്റ്റാൻഡ് റോഡിലേക്ക് കടക്കാൻ പ്രയാസമുള്ളതുകൊണ്ടാണ് ഇത്തരമൊരു ഗതാഗതപരിഷ്‌കാരമെന്നാണ് ദേശീയപാതാ അധികൃതരുടെ വിശദീകരണം.

പാലംപണി പൂർത്തിയാകാൻ മാസങ്ങളെടുക്കുമെന്നതിനാൽ ഗതാഗതപരിഷ്കാരം തുടർന്നാൽ അത് വ്യാപാരമേഖലയെ തകർച്ചയിലാക്കുമെന്ന ആശങ്ക ശക്തമാണ്. ബസ് ഗതാഗതം പുനഃസ്ഥാപിക്കാൻ നടപടിയാവശ്യപ്പെട്ട് എം.പിക്കും എം.എൽ.എ.ക്കും നിവേദനം നൽകാൻ ജെ.ടി. റോഡ് പൗരസമിതിയോഗം തീരുമാനിച്ചു.

ഇക്കാര്യത്തിൽ അനുകൂലമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. ടി.പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. പത്മനാഭൻ, താഹ എന്നിവർ സംസാരിച്ചു പുഞ്ചിരിമിൽ, വീരഞ്ചേരി, ജെടി റോഡ്, വഴി സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന ബസ്സുകൾ ഇതേ വഴിയിലൂടെ തന്നെ പഴയ സ്റ്റാൻഡിലേക്ക് സർവ്വീസ് നടത്താൻ അനുവദിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/153903/trafficchange-viranchery-jtroad-peruvattumthazhe-areas-affected)