---
title: "#Familycourt | വടകര കുടുംബകോടതി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28-ന് "
english_title: "#Vadakara #Family #Court #inauguration #new #building #28th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/154796/vadakara-family-court-inauguration-new-building-28th-new"
published_at: "2023-10-18T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652faa149b7df_44.jpg"
keywords: []
---

# #Familycourt | വടകര കുടുംബകോടതി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28-ന് 

> **Lead Summary:** **വടകര: **വടകര കുടുംബകോടതി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28-ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ശിലാസ്ഥാപനം ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ നിർവഹിക്കും.

## Article Content

**വടകര: **വടകര കുടുംബകോടതി പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം 28-ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. ശിലാസ്ഥാപനം ഹൈക്കോടതി ജസ്റ്റിസ് രാജ വിജയരാഘവൻ നിർവഹിക്കും.

9.2 കോടി രൂപയാണ് കെട്ടിടത്തിന് സർക്കാർ അനുവദിച്ചത്. കോടതിക്കെട്ടിടസമുച്ചയത്തിനു സമീപം നിലവിൽ പാർക്കിങ് ഗ്രൗണ്ടായി ഉപയോഗിക്കുന്ന സ്ഥലത്താണ് പുതിയകെട്ടിടം പണിയുക. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്ളോർ ഉൾപ്പെടെ മൊത്തം നാലുനിലകളിലാണ് കെട്ടിടം പണിയുക. ബേസ്‌മെന്റിൽ പാർക്കിങ് സൗകര്യമൊരുക്കും. 

ഗ്രൗണ്ട് ഫ്ളോറിൽ കോടതിമുറി, ജഡ്ജിയുടെ ചേംബർ, കൗൺസിലിങ് മുറി, ശൗചാലയങ്ങൾ എന്നിവയുണ്ടാകും. ഒന്ന്, രണ്ട് നിലകളിൽ ലൈബ്രറി, അഭിഭാഷകമുറി, ക്ലാർക്ക് റൂം എന്നിവയും സജ്ജമാക്കും. ലിഫ്റ്റ് സൗകര്യമുണ്ടാകും.

2009-ൽ പ്രവർത്തനം ആരംഭിച്ച കോടതിക്ക് 13 വർഷങ്ങൾക്കുശേഷമാണ് സ്വന്തംകെട്ടിടമാകുന്നത്. നേരത്തേ, 2.58 കോടി രൂപ കെട്ടിടത്തിന് അനുവദിച്ചിരുന്നെങ്കിലും മണ്ണുപരിശോധനയിൽ പൈലിങ് നടത്തി പില്ലർ സ്ഥാപിക്കണമെന്ന നിർദേശം വന്നു. ഇതോടെ ആ തുകയ്ക്ക് പ്രവൃത്തി തീരാത്ത സ്ഥിതിയായി. പിന്നീട് 2022-ലാണ് 9.2 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചത്.

വടകര ബാർ അസോസിയേഷന്റെയും കെ.കെ. രമ എം.എൽ.എ. ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെയും ഇടപെടലുകളും നിർണായകമായി. ശിലാസ്ഥാപനച്ചടങ്ങിൽ ജില്ലാ ജഡ്ജി പ്രദീപ് കുമാർ, കെ. മുരളീധരൻ എം.പി., കെ.കെ. രമ എം.എൽ.എ., നഗരസഭാ ചെയർപേഴ്‌സൺ കെ.പി. ബിന്ദു, ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.എം. രാംദാസ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/154796/vadakara-family-court-inauguration-new-building-28th-new)