---
title: "വടകര ഗവ:  ജില്ലാ ആശുപത്രിയിലെ പുതിയ  കെട്ടിട നിര്‍മ്മാണം ; നബാര്‍ഡ് ഫണ്ട് നഷ്ടപെടുമോ ?"
english_title: "Vadakara Govt: New in District Hospital Construction of the building should be completed soon"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15559/vadakara-govt-new-in-district-hospital-construction-of-the-building-should-be-completed-soon"
published_at: "2021-12-11T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b45ba7d492f_bulding govt hospital .jpg"
keywords: []
---

# വടകര ഗവ:  ജില്ലാ ആശുപത്രിയിലെ പുതിയ  കെട്ടിട നിര്‍മ്മാണം ; നബാര്‍ഡ് ഫണ്ട് നഷ്ടപെടുമോ ?

> **Lead Summary:** വടകര : ഗവ. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടനിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കി മാര്‍ച്ച് 31നുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശം. മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രവൃത്തി വൈകിയതിന്റെ കാരണമന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് നിര്‍ദേശിച്ചു.

## Article Content

വടകര : ഗവ. ജില്ലാ ആശുപത്രിയിലെ പുതിയ കെട്ടിടനിര്‍മാണത്തിലെ തടസ്സങ്ങള്‍ നീക്കി മാര്‍ച്ച് 31നുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിര്‍ദേശം. മന്ത്രി തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയത്. പ്രവൃത്തി വൈകിയതിന്റെ കാരണമന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് നിര്‍ദേശിച്ചു.

പ്രവൃത്തി വൈകുന്ന സാഹചര്യത്തില്‍ തടസ്സം നീക്കാന്‍ യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് കെ.കെ. രമ എം.എല്‍.എ. മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി പ്രത്യേകയോഗം വിളിച്ചത്. ജില്ലാപഞ്ചായത്തും വിവിധ രാഷ്ട്രീയകക്ഷികളും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. 201516 ല്‍ നബാര്‍ഡ് പദ്ധതിയില്‍പെടുത്തിയാണ് 13.7 കോടി രൂപ കെട്ടിടത്തിന് അനുവദിച്ചത്. പലകാരണങ്ങളാല്‍ വൈകിപ്പോയ പദ്ധതിക്ക് ജീവന്‍ വെച്ചത് 2019 ജനുവരിയില്‍ നിര്‍മാണച്ചുമതല യു.എല്‍.സി.സി.എസിനെ ഏല്‍പ്പിച്ചതോടെയാണ്. അവര്‍ പ്രവൃത്തി തുടങ്ങിയെങ്കിലും പിന്നീട് കോവിഡും ലോക്ഡൗണുമെല്ലാം വന്നതോടെ പ്രവൃത്തി ഏറെക്കാലം വൈകുകയായിരുന്നു. ഇപ്പോള്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലാണ്.

ഇലക്ട്രിക്കല്‍ പ്രവൃത്തിയുടെ നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. മന്ത്രി വിളിച്ച യോഗത്തില്‍ ഈ വിഷയം ചര്‍ച്ചയായി. ഇലക്ട്രിക്കല്‍ പ്രവൃത്തിക്കാവശ്യമായ ഉത്തരവ് ഉടന്‍ നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മാര്‍ച്ച് 31നുള്ളില്‍ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിനായി ഓരോ ഘട്ടവും സമയക്രമവും നിജപ്പെടുത്തിയിട്ടുണ്ട്.

പുരോഗതി വിലയിരുത്താന്‍ ജനുവരി 25നും 30നും ഇടയില്‍ വീണ്ടും യോഗം ചേരാനും മന്ത്രി നിര്‍ദേശം നല്‍കി. മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തിയാക്കാതെ വന്നാല്‍ നബാര്‍ഡ് ഫണ്ട് നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും ഇതൊഴിവാക്കാനാണ് യോഗം വിളിക്കാന്‍ മന്ത്രിക്ക് കത്ത് നല്‍കിയതെന്നും എം.എല്‍.എ. പറഞ്ഞു. യോഗത്തില്‍ കെ.കെ. രമ എം.എല്‍.എ, പി.ഡബ്ല്യു.ഡി. സെക്രട്ടറി ആനന്ദ് സിങ്, യു.എല്‍.സി.സി. പ്രതിനിധികള്‍, പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15559/vadakara-govt-new-in-district-hospital-construction-of-the-building-should-be-completed-soon)