---
title: "#AhmedPunnakkal | സർക്കാർ ജീവനക്കാരോടും അധ്യാപകരോടുമുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം - അഹമ്മദ് പുന്നക്കൽ"
english_title: "#Chitamma #policy #against #government #employees #teachers #shouldbe #stopped #AhmedPunnakkal"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/155860/chitamma-policy-against-government-employees-teachers-shouldbe-stopped-ahmedpunnakkal"
published_at: "2023-10-21T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6533cac175265_10.jpg"
keywords: []
---

# #AhmedPunnakkal | സർക്കാർ ജീവനക്കാരോടും അധ്യാപകരോടുമുള്ള ചിറ്റമ്മ നയം അവസാനിപ്പിക്കണം - അഹമ്മദ് പുന്നക്കൽ

> **Lead Summary:** **വടകര: **സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സംസ്ഥാന സർക്കാർ അനുവർത്തിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.

## Article Content

**വടകര: **സർക്കാർ ജീവനക്കാരോടും അധ്യാപകരോടും സംസ്ഥാന സർക്കാർ അനുവർത്തിക്കുന്ന ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്ന് യു.ഡി.എഫ് ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ആവശ്യപ്പെട്ടു.

കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വടകര ഡി.ഇ.ഒ. ഒഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ധൂർത്തും സ്വജന പക്ഷപാതവും മുഖമുദ്രയാക്കിയ പിണറായി സർക്കാർ അധ്യാപകരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ തുടർച്ചയായി നിഷേധിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിദ്യാഭ്യാസ രംഗം ഇത്രയധികം കുത്തഴിഞ്ഞ ഒരു കാലഘട്ടം ഉണ്ടായിട്ടില്ലെന്നും സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നതായും പുന്നക്കൽ തുടർന്നു. വിദ്യാഭ്യാസ ജില്ലാ പ്രസിഡൻറ് എം മഹമൂദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി അബ്ദുൽ ഗഫൂർ മുഖ്യ പ്രഭാഷണം നടത്തി.

മുൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി എം ഫൈസൽ ആശംസകൾ നേർന്നു. ടി.ജമാലുദ്ദീൻ, മണ്ടോടി ബഷീർ, ടി.കെ.മുഹമ്മദ് റിയാസ്, ഇ. അൻവർ, എൻ.കെ അബ്ദു സലിം, പി.സി. സഫ് വാൻ, ഷംസീർ കെ.പി. എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി കെ.കെ. മുഹമ്മദലി സ്വാഗതവും സബ് ജില്ലാ സെക്രട്ടറി സി.എച്ച് സുനീത് ബക്കർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/155860/chitamma-policy-against-government-employees-teachers-shouldbe-stopped-ahmedpunnakkal)