---
title: "സഹകരണ മേഖല  തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയന്ത്രണത്തിനു പരവതാനി വിരിക്കുന്നു : ആര്‍.എം.പി. ഐ."
english_title: "State to destroy co-operative sector Government stands by: RMP (I)"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/15633/state-to-destroy-co-operative-sector-government-stands-by-rmp-i"
published_at: "2021-12-11T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b4afdb0f583_RMP .jpg"
keywords: []
---

# സഹകരണ മേഖല  തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയന്ത്രണത്തിനു പരവതാനി വിരിക്കുന്നു : ആര്‍.എം.പി. ഐ.

> **Lead Summary:** വടകര: അക്കൗണ്ടന്റ് ജനറലിനു കീഴിലുള്ള സീനിയര്‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയമിക്കുക വഴി സഹകരണ മേഖലയെ വരുതിയിലാക്കാനും ഫണ്ടുകള്‍ നിയന്ത്രിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനു സംസ്ഥാന സര്‍ക്കാര്‍ പരവതാനി വിരിക്കുകയാണെന്ന് ആര്‍.എം.പി.ഐ കേരള സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

## Article Content

വടകര: അക്കൗണ്ടന്റ് ജനറലിനു കീഴിലുള്ള സീനിയര്‍ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയമിക്കുക വഴി സഹകരണ മേഖലയെ വരുതിയിലാക്കാനും ഫണ്ടുകള്‍ നിയന്ത്രിക്കാനുമുള്ള കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനു സംസ്ഥാന സര്‍ക്കാര്‍ പരവതാനി വിരിക്കുകയാണെന്ന് ആര്‍.എം.പി.ഐ കേരള സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

കരുവന്നൂര്‍ ബാങ്കിലെ വന്‍ കൊള്ളയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരിലും ഓഡിറ്റ് സംവിധാനത്തിലുമാണെന്നു വരുത്തി തടിയുരുന്നതിനാണ് ശ്രമിക്കുന്നത്. സഹകരണ വകുപ്പ് എല്ലായ്‌പോഴും ഭരിക്കുന്നവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ക്കു താളം തുളളുന്ന സ്ഥിതിയുണ്ട്. സി.പി.ഐ (എം) നേതൃത്വത്തിന്റെ ഒത്താശയോടെ ഭരണത്തിന്റെ തണലില്‍ തട്ടിപ്പുകള്‍ മൂടിവെച്ചതും നടപടികള്‍ തടഞ്ഞതുമാണ് കരുവന്നൂരിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാവാന്‍ ഇടവരുത്തിയത്. അതിന്റെ മറവില്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിച്ചു വരുത്തുന്നത് എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്ന നടപടിയാണ്.

സംസ്ഥാന സര്‍ക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സ്വപ്‌നപദ്ധതിയായി കേരള ബാങ്ക് രൂപീകരിച്ചത് കേരളത്തിലെ സഹകരണ മേഖല സ്വരൂപിക്കുന്ന ഫണ്ടുകളുടേയും നയരൂപീകരണത്തിന്റേയും നിയന്ത്രണം സഹകാരികള്‍ക്കു നഷ്ടമാക്കിയ സാഹചര്യമാണുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ കേന്ദ്രബാങ്ക് എന്ന നിലയില്‍ കരുവന്നൂര്‍ വിഷയത്തില്‍ കേരള ബാങ്ക് ഒന്നും ചെയ്തില്ല. സംസ്ഥാന സഹകരണ ബാങ്ക് ഭരണ സമിതി നോക്കുകുത്തി ആയി മാറി. പ്രാഥമിക സഹകരണ സംഘങ്ങളുടെ മേല്‍നോട്ട ചുമതല കേരള ബാങ്ക് വഴി റിസര്‍വ്വ് ബാങ്ക് നിയന്ത്രണത്തിലേക്കു മാറിയിരിക്കുന്നു. ഇപ്പോള്‍ ഓഡിറ്റിന്റെ നിയന്ത്രണവും അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥനു കൈമാറിയിരിക്കയാണ്. ഇത് ഭാവിയില്‍ ഗൗരവമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ആര്‍.എം.പി.ഐ. ഓര്‍മ്മിപ്പിച്ചു.

സഹകരണരംഗത്ത് ഓഡിറ്റിങ് കാര്യക്ഷമമാക്കി ശക്തിപ്പെടുത്തുന്നതും പ്രൊഫഷണലിസം കൊണ്ടുവരുന്നതും ആവശ്യമാണ്. അതിനാവശ്യമായ നടപടികള്‍ ഇവിടെ എടുക്കുകയാണു വേണ്ടത്. സംസ്ഥാന അധികാരമുള്ള സഹകരണമേഖലയെ കേന്ദ്രനിയന്ത്രണത്തിലേക്കു മാറ്റുന്നതിന് ഒത്താശയായിത്തീരുന്ന നടപടികള്‍ക്കെതിരെ സഹകാരികള്‍ രംഗത്തു വരണമെന്ന് ആര്‍.എം.പി.ഐ അഭ്യര്‍ത്ഥിച്ചു. സാധാരണക്കാര്‍ക്കും ദരിദ്ര ജനതക്കും വായ്പാ ആവശ്യങ്ങള്‍ക്ക് ആശ്രയിക്കാവുന്ന ഒരേയൊരു വിശ്വസനീയ സംവിധാനമാണ് സഹകരണ സംഘങ്ങള്‍. പ്രാദേശിക വികസനത്തിലും തൊഴില്‍ ലഭ്യമാക്കുന്നതിലും നിസ്തുലമായ പങ്ക വഹിക്കുന്നു. നിക്ഷേപങ്ങള്‍ പ്രാദേശികമായി വിനിയോഗിച്ചാണ് ഇത് നിര്‍വ്വഹിക്കുന്നത്. അനാവശ്യ ഇടപെടലുകള്‍ സഹകരണ രംഗത്തെ സ്വയംഭരണത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും തടസമായി ത്തിരുമെന്ന് ആര്‍.എം.പി.ഐ മുന്നറിയിപ്പു നല്‍കി.

പുതുതായി സഹകരണ വകുപ്പു രൂപീകരിച്ച് അമിത് ഷായെ മന്ത്രിയാക്കി സംസ്ഥാന വിഷയമായ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്യമങ്ങള്‍ വ്യക്തമാണ്. ഫെഡറല്‍ ഘടനക്കുവേണ്ടി വാദിക്കവെ തന്നെ സഹകരണ മേഖല കേന്ദ്രനിയന്ത്രണത്തിനു തുറന്നു കൊടുക്കുന്ന വഞ്ചന അവസാനിച്ചിച്ച് നടപടികള്‍തിരുത്തണമെന്ന് ആര്‍.എം.പി.ഐ. സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/15633/state-to-destroy-co-operative-sector-government-stands-by-rmp-i)