---
title: "#keralolsavam | ആയഞ്ചേരിയിൽ കേരളോത്സവം സമാപിച്ചു; കലാ കിരീടം യുവത മംഗലാടിന് "
english_title: "#kerala #festival #concludes #ayanchery #art #crown #yuvata #mangalad"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/156868/kerala-festival-concludes-ayanchery-art-crown-yuvata-mangalad"
published_at: "2023-10-25T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65392b694d8b4_vatakara_4.jpg"
keywords: []
---

# #keralolsavam | ആയഞ്ചേരിയിൽ കേരളോത്സവം സമാപിച്ചു; കലാ കിരീടം യുവത മംഗലാടിന് 

> **Lead Summary:** ആയഞ്ചേരി: കേരള സർക്കാർ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഞ്ചായത്ത് തല കേരളോത്സവം ആയഞ്ചേരി പഞ്ചായത്തിൽ സമാപിച്ചു.

## Article Content

ആയഞ്ചേരി: കേരള സർക്കാർ യുവജനക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന പഞ്ചായത്ത് തല കേരളോത്സവം ആയഞ്ചേരി പഞ്ചായത്തിൽ സമാപിച്ചു.

15ന് കടമേരി ആർ.എ.സി. ഹൈസ്കൂളിൽ അത് ലറ്റിക്സ് മത്സരത്തോടെ ആരംഭിച്ച കേരളോത്സവം കഴിഞ്ഞ ദിവസം നടന്ന കലാ മത്സര സ്റ്റേജ് പരിപാടിയോടെ സമാപിച്ചു.

അന്യം നിന്നു പോവുകയും ആധുനിക സംഗീതത്തിന്റെയും സിനിമാറ്റിക് ഡാൻസിന്റെയും അതിപ്രസരണത്തിൽ വൈകൃതമാക്കപ്പെടുകയും ചെയ്യുന്ന നാടൻ കലകളെ അതിൻ്റെ തനിമയോടെ സമൂഹത്തിൽ നിലനിർത്തുകയും അവതരിപ്പിക്കുകയും ചെയ്യുകയെന്നതാണ് കലാ വിഭാഗം മത്സരങ്ങളുടെ പ്രധാന ലക്ഷ്യം.

കൂടാതെ സ്കൂൾ പഠനകാലത്ത് സ്റ്റേജുകളിൽ തിളങ്ങുകയും പിന്നീട് ഔപചാരിക വിദ്യാഭ്യാസത്തിനുശേഷം അവരുടെ കഴിവുകൾ വീണ്ടും പ്രദർശിപ്പിക്കാൻ അവസരം ലഭിക്കുകയും ചെയ്യുക എന്നതും ജാതിമത രാഷ്ട്രീയ ചിന്തകൾക്കതീതമായി കലാകായിക കൂട്ടായ്മയിലൂടെ സാമൂഹിക, സാംസ്കാരിക പുരോഗതിയുമാണ് കേരളോത്സവം ലക്ഷ്യമിടുന്നത്.

കലാ മത്സരം പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് സരള കൊള്ളിക്കാവിൽ അധ്യക്ഷയായി.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഷറഫ് വെള്ളിലാട്ട്, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, ടി. കെ. ഹാരിസ്, നാസർ ആക്കായി, കൺവീനർ രാഘവൻ മാസ്റ്റർ, പഞ്ചായത്ത് സെക്രട്ടറി കെ. ശീതള, സ്കൂൾ ഹെഡ്മാസ്റ്റർ സി. എച്ച്. അബ്ദുല്ലത്തീഫ്, ശരീഫ് മുടിയല്ലൂർ,

കെ.ശ്രീജിലാൽ, കെ. കെ. രാജൻ, വി. കെ. ഹമീദ് എന്നിവർ സംസാരിച്ചു. രചനാ മത്സരങ്ങൾ പറമ്പിൽ ഗവ.യുപി സ്കൂളിലും കായിക വിഭാഗം ഗെയിംസ് മത്സര ഇനങ്ങളായ വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ഷട്ടിൽ, കമ്പവലി, കളരിപ്പയറ്റ്, ചെസ്സ് തുടങ്ങിയവ വിവിധ ഗ്രൗണ്ടിലും ടർഫുകളിലുമായി നടത്തി.

കലാ വിഭാഗത്തിൽ യുവത മംഗലാട് ഓവറോൾ കിരീടവും എക്കോ ആർട്സ് കുനിങ്ങാട് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റും വാർഡ് മെംബർ ടി. കെ. ഹാരിസ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/156868/kerala-festival-concludes-ayanchery-art-crown-yuvata-mangalad)