---
title: "#KKRama | വേനൽകാല വരൾച്ച; കനാലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും - കെ.കെ.രമ എം.എൽ.എ"
english_title: "#summer #drought #Comprehensive #plans #formulated #resolve #dilapidated #condition #canals #KKRama #MLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157664/summer-drought-comprehensive-plans-formulated-resolve-dilapidated-condition-canals-kkrama-mla"
published_at: "2023-10-28T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653d009958dc1_4.jpg"
keywords: []
---

# #KKRama | വേനൽകാല വരൾച്ച; കനാലുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് സമഗ്ര പദ്ധതികൾ ആവിഷ്കരിക്കും - കെ.കെ.രമ എം.എൽ.എ

> **Lead Summary:** **വടകര: **വേനൽകാല വരൾച്ച പരിഹരിക്കുന്നതിന് മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ കനാലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു നവീകരിക്കുന്നതിനും പുനർനിർമ്മാണ പ്രവൃത്തി നടത്തുന്നതിനും സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നു കെ.കെ.രമ എം.എൽ.എ.

## Article Content

**വടകര: **വേനൽകാല വരൾച്ച പരിഹരിക്കുന്നതിന് മണ്ഡലത്തിലെ കുറ്റ്യാടി ഇറിഗേഷൻ കനാലുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ചു നവീകരിക്കുന്നതിനും പുനർനിർമ്മാണ പ്രവൃത്തി നടത്തുന്നതിനും സമഗ്ര പദ്ധതികൾ ആവിഷ്കരിച്ചു സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നു കെ.കെ.രമ എം.എൽ.എ.

ഈ വിഷയം ചർച്ചചെയ്യുന്നതിന് മണ്ഡലത്തിലെ ജനപ്രതിനിധികളുടെയും വകുപ്പ്തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം വിളിച്ചു ചേർത്തത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. വലിയ ജലക്ഷാമം അനുഭവിക്കുന്ന സമയങ്ങളിൽ കൃഷിയിടങ്ങളിലും കിണറുകളിലും വെള്ളമെത്തിക്കാൻ കഴിയും വിധം ഉൾനാടുകളിലൂടെ കടന്നുപോകുന്ന കനാലുകളിൽ പലതും ഇപ്പോൾ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തന ക്ഷമമല്ല.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ 17 കിലോമീറ്ററിൽ പരം നീളമുള്ള അഴിയൂർ ബ്രാഞ്ച് കനാലും അതിനോട് അനുബന്ധമായ എട്ടോളം ഡിസ്ട്രിബ്യുട്ടറി കനാലുകളുമാണ് മണ്ഡലത്തിലൂടെ കടന്നു പോകുന്നത്. ഇതിൽ അഴിയൂർ പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപെ അക്വയർ ചെയ്ത രണ്ട് കിലോമീറ്റർ ദൂരം ഇപ്പോഴും കനാൽ നിർമ്മാണം പൂർത്തിയായിട്ടില്ല.

പല ഡിസ്ട്രിബ്യുട്ടറി കനാലുകളും അക്യുഡേറ്റുകളും ചോർച്ച കാരണവും കാലപ്പഴക്കത്താലും പ്രവർത്തന രഹിതവും, അപകട ഭീഷണിയുള്ളതുമാണ്. ഇതെല്ലാം കൃത്യമായി പരിശോധിച്ച് നവീകരണത്തിനായുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുമെന്നും എം.എൽ.എ പറഞ്ഞു.

ഈ വർഷം നവംബർ ഡിസംബർ മാസങ്ങളിൽ മുഴവൻ കനാലുകളും കാടുകൾ വെട്ടിത്തെളിച്ചു ജലവിതരണത്തിനായുള്ള തയ്യാറെടുപ്പുകൾ നടത്തും. ഇതിനായുള്ള ടെണ്ടർ നടപടികൾ നടന്നു വരികയാണ്. നവംമ്പർ രണ്ടാമത്തെ ആഴ്ച കാനാലുകളുടെ പ്രധാന പോയിന്റുകൾ എം.എൽ.എയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും വകുപ്പുതല ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സന്ദർശനം നടത്തി സ്ഥിതികൾ വിലയിരുത്തും.

തുടർന്ന് കനാലുകളുടെ തുടക്കം മുതൽ ഒടുക്കം വരെയുള്ള മുഴുവൻ ഭാഗവും ഇതേസംഘം 'കനാൽ നടത്തം' നടത്തി സമഗ്രമായ പരിശോധന നടത്തുമെന്നും എം.എൽ.എ പറഞ്ഞു. കഴിഞ്ഞ വർഷം വരെ രണ്ടു തവണയായാണ് കനാലുകളിൽ വെള്ളം പമ്പ് ചെയ്തിരുന്നത്. ഈ വർഷം അത് നാലുതവണയെങ്കിലുമാക്കി വർധിപ്പിക്കണമെന്നും എം.എൽ.എ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

കെ.കെ.രമ എം.എൽ.എ അധ്യക്ഷത വഹിച്ച യോഗത്തിൽ കുറ്റ്യാടി ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ യു.കെ.ഗിരീഷ്‌കുമാർ കാര്യങ്ങൾ വിശദീകരിച്ചു. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. അസിസ്റ്റന്റ് എക്സിക്ക്യൂട്ടീവ് എഞ്ചിനീയർ അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157664/summer-drought-comprehensive-plans-formulated-resolve-dilapidated-condition-canals-kkrama-mla)