---
title: "#forestryclub | പൂർവ്വ വിദ്യാർത്ഥി മാതൃകയായി; സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന് മാവിൻ തൈകൾ നൽകി "
english_title: "#Alumni #role #models #Mangosaplings #given #school #forestryclub"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/157917/alumni-role-models-mangosaplings-given-school-forestryclub"
published_at: "2023-10-29T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653e77a5ddd00_laaa.jpg"
keywords: []
---

# #forestryclub | പൂർവ്വ വിദ്യാർത്ഥി മാതൃകയായി; സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന് മാവിൻ തൈകൾ നൽകി 

> **Lead Summary:** **ആയഞ്ചേരി: **സ്വയം ഉല്പാദിപ്പിച്ച ആയിരത്തോളം മാവിൻ തൈകൾ സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന് നൽകി പൂർവ വിദ്യാർത്ഥി മാതൃകയായി. കടമേരി എം. യു. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ കീരിയങ്ങാടി സ്വദേശി പറമ്പത്ത് സഹദാണ് ഈ മാതൃകാ യുവാവ്.

## Article Content

**ആയഞ്ചേരി: **സ്വയം ഉല്പാദിപ്പിച്ച ആയിരത്തോളം മാവിൻ തൈകൾ സ്കൂൾ ഫോറസ്ട്രി ക്ലബ്ബിന് നൽകി പൂർവ വിദ്യാർത്ഥി മാതൃകയായി. കടമേരി എം. യു. പി. സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ കീരിയങ്ങാടി സ്വദേശി പറമ്പത്ത് സഹദാണ് ഈ മാതൃകാ യുവാവ്.

നാട്ടിൽ നാമാവശേഷമാകുന്ന വിവിധയിനം നാട്ടുമാവിൻ തൈകൾക്ക് പുറമേ പ്രശസ്തമായ അരൂർ എളോർ, നീല പറങ്കി, കോമാങ്ങ, കുറുക്കൻ മാങ്ങ, തത്തക്കൊത്തൻ, കിളിച്ചുണ്ടൻ തുടങ്ങി പേരറിയുന്നതും അറിയാത്തതുമായ ആയിരത്തോളം മാവിൻ തൈകളാണ് സ്കൂളിന് നൽകിയത്. കഴിഞ്ഞ വേനലിന് ശേഷം ഈ ലക്ഷ്യവുമായി തിരിച്ച സഹദ് കണ്ണിൽ കാണുന്ന മാങ്ങയുടെ അണ്ടികളെല്ലാം ശേഖരിച്ച് പ്രത്യേകം തയ്യാറാക്കിയ ഗ്രോ ബാഗിൽ നട്ടു മുളപ്പിക്കുകയായിരുന്നു.

രണ്ടായിരത്തോളം ശേഖരിച്ചതിൽ പകുതി മാത്രമാണ് ശരിയായ രീതിയിൽ മുള വന്നത്. വിത്ത് മുളപ്പിക്കുന്നതിന്റെ ശാസ്ത്രീയ വശങ്ങൾ നന്നായി അറിയില്ലെങ്കിലും ഇപ്പോൾ അതെല്ലാം അനുഭവത്തിന്റെ അടിസ്ഥാനത്തിലും യൂട്യൂബിലും മറ്റും പഠിച്ച് മനസ്സിലാക്കി വരുന്നു.

സ്കൂളിൽ നൽകിയതിന് പുറമേ അവശേഷിക്കുന്ന തൈകൾ നാട്ടിലും പൊതു ഇടങ്ങളിലും സ്ഥാപനങ്ങളിലും വെച്ച് പിടിപ്പിക്കാനാണ് പരിപാടി. നാട്ടിൽ അന്യം നിന്നു പോകുന്ന മാമ്പഴങ്ങൾ തിരികെ കൊണ്ടുവരികയെന്നത് മാത്രമാണ് ഇതിൻ്റെ ഉദ്ദേശമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം ആയിരത്തിലധികം കശുമാവ്, വിവിധയിനം പ്ലാവുകൾ, അന്യം നിന്നു പോകുന്ന മറ്റു ഫല വർഗങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് സന്നദ്ധ സംഘടനകൾക്കും വനംവകുപ്പിനും സമർപ്പിക്കാനാണ് ലക്ഷ്യം. കടമേരി എം.യു.പി. സ്കൂൾ പ്രധാന അധ്യാപകൻ ടി. കെ. നസീർ സഹദിൽ നിന്നും മാവിൻ തൈകൾ സ്വീകരിച്ചു.

ചടങ്ങിൽ വാർഡ് മെംബർ ടി. കെ. ഹാരിസ്, ഫോറസ്ട്രി ക്ലബ്ബ് കൺവീനർ കെ. കെ. അയ്യൂബ്, അധ്യാപകരായ പി. കെ അഷറഫ്, കെ. കെ. സഫീറ, കെ. സി. ഫാസിൽ എന്നിവർ സംബന്ധിച്ചു. സഹദിനെ സ്കൂൾ സ്റ്റാഫ്, പി.ടി.എ. കമ്മിറ്റി അനുമോദിച്ചു. പ്രദേശത്തെ സജീവ സാമൂഹ്യ പ്രവർത്തകൻ കൂടിയാണ് സഹദ്.

ട്രോമാകെയർ വളണ്ടിയറായ അദ്ദേഹം കഴിഞ്ഞ പ്രകൃതി ദുരന്തങ്ങളിലും മറ്റും സ്തുത്യർഹമായ സേവനം ചെയ്തു ഇതിനകം തന്നെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. ഇപ്പോഴും പ്രദേശത്തുകാർ ഇത്തരം സന്ദർഭങ്ങളിൽ സഹദിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ കേരള വനം വകുപ്പിന്റെ സ്നെയ്ക് റെസ്ക്യൂ സർട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഐ.ടി. വിദഗ്ധനായ സഹദ് ഇപ്പോൾ കേരള സർക്കാരിന്റെ കീഴിലുള്ള മുഴുവൻ സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു മൊബൈൽ ആപ്പിന്റെ പണിപ്പുരയിലാണ്. സർക്കാർ സേവനങ്ങൾ തികച്ചും സൗജന്യമായ രീതിയിൽ ഒരു കുടക്കീഴിൽ അണിനിരത്തി ജനങ്ങൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും എത്തിക്കുകയെന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഇപ്പോൾ തന്നെ പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും കേരള സ്പോട്ട് എന്ന പേരിൽ ആപ്പ് ലഭ്യമാണ്. ഇതിന് പുറമേ കേരളത്തിലെ എൽ. പി. സ്‌കൂൾ മുതൽ യൂണിവേഴ്സിറ്റി വരെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം ഉടൻതന്നെ പൊതുജനങ്ങൾക്ക് ലഭ്യമായി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/157917/alumni-role-models-mangosaplings-given-school-forestryclub)