---
title: "#laborunions | അപ്രഖ്യാപിത പണിമുടക്ക് അംഗീകരിക്കുന്നില്ല - തൊഴിലാളി യൂണിയനുകൾ"
english_title: "#Unannounced #strikes #not #accepted #laborunions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158130/unannounced-strikes-not-accepted-laborunions"
published_at: "2023-10-30T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/653f9ce28cff6_6.jpg"
keywords: []
---

# #laborunions | അപ്രഖ്യാപിത പണിമുടക്ക് അംഗീകരിക്കുന്നില്ല - തൊഴിലാളി യൂണിയനുകൾ

> **Lead Summary:** ** വടകര: **ജില്ലയിൽ സ്വകാര്യ ബസ്സ് ഗതാഗത മേഖലയിൽ അടിക്കടി ഉണ്ടാവുന്ന മിന്നൽ പണിമുടക്ക് അവസാനിപ്പിക്കാൻ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ വടകര താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

## Article Content

** വടകര: **ജില്ലയിൽ സ്വകാര്യ ബസ്സ് ഗതാഗത മേഖലയിൽ അടിക്കടി ഉണ്ടാവുന്ന മിന്നൽ പണിമുടക്ക് അവസാനിപ്പിക്കാൻ പോലീസ് കാര്യക്ഷമമായി ഇടപെടണമെന്ന് സംയുക്ത മോട്ടോർ തൊഴിലാളി യൂണിയൻ വടകര താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

യാത്രക്കാരേയും തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന ഇത്തരം അപ്രഖ്യാപിത പണിമുടക്ക് തൊഴിലാളി യൂണിയനുകൾ അംഗീകരിക്കുന്നില്ല. വിദ്യാർത്ഥികളുമായുള്ള തർക്കത്തിന് പകപോക്കൽ നയം സ്വീകരിച്ചു കൊണ്ട് ബസ്സ് തൊഴിലാളികളുടെ പേരിൽ പോക്സോ കേസ് എടുത്ത നടപടി ന്യായീകരിക്കാൻ കഴിയില്ലെന്നും യോഗം വ്യക്തമാക്കി.

വിവിധ ആവശ്യങ്ങൾക്കായി അതിരാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട യാത്രക്കാരേയും സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന വിദ്യാർത്ഥികളെയും , നിത്യവൃത്തിക്കായി പോകുന്ന തൊഴിലാളികളെയും പെരുവഴിയിലാക്കുന്ന ഇത്തരം കുത്സിത പ്രവൃത്തിക്കെതിരെ പൊതു സമൂഹവും പ്രതികരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സംയുക്ത സമിതി ചെയർമാൻ എം.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എ.സതീശൻ , അഡ്വ: ഇ നാരായണൻ നായർ , വിനോദ് ചെറിയത്ത്, മജീദ് അറക്കിലാട്, രഞ്ചിത്ത് കണ്ണോത്ത്, ദിലീപൻ, വി.ആർ രമേശ്, കെ. പ്രകശൻ, ഇ. പ്രദിപ് കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158130/unannounced-strikes-not-accepted-laborunions)