---
title: "#Overall | ജില്ലാ സ്കൂൾ ശാസ്ത്രോത്സവം; മേമുണ്ട സ്കൂളിന് ഓവറോൾ "
english_title: "#District #School #Science #Festival #Overall #Memunda #School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/158991/district-school-science-festival-overall-memunda-school"
published_at: "2023-11-02T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543c3e44049b_8.jpg"
keywords: []
---

# #Overall | ജില്ലാ സ്കൂൾ ശാസ്ത്രോത്സവം; മേമുണ്ട സ്കൂളിന് ഓവറോൾ 

> **Lead Summary:** **വടകര: ** ഇന്നലെ കൊയിലാണ്ടിയിൽ സമാപിച്ച കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 429 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മാന്വൽ പരിഷ്‌ക്കരണത്തിന് ശേഷം തുടർച്ചയായി അഞ്ചാം തവണയാണ് മേമുണ്ട സ്കൂൾ ഓവറോൾ കരസ്ഥമാക്കുന്നത്.

## Article Content

**വടകര: ** ഇന്നലെ കൊയിലാണ്ടിയിൽ സമാപിച്ച കോഴിക്കോട് ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ 429 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. മാന്വൽ പരിഷ്‌ക്കരണത്തിന് ശേഷം തുടർച്ചയായി അഞ്ചാം തവണയാണ് മേമുണ്ട സ്കൂൾ ഓവറോൾ കരസ്ഥമാക്കുന്നത്.

വിവിധ വിഭാഗങ്ങളിലായി ഒൻപത് ഫസ്റ്റ്, ആറ് സെക്കന്റ്, ആറ് തേർഡ്, അറുപത്തിമൂന്ന് എ ഗ്രേഡ് എന്നിവ നേടിയാണ് മേമുണ്ട സ്കൂൾ ഈ ചരിത്രനേട്ടം കരസ്ഥമാക്കിയത്. മേമുണ്ടയിലെ 135 പ്രതിഭകൾ പങ്കെടുത്ത ജില്ലാ ശാസ്ത്രോത്സവത്തിൽ നിന്ന് 28 വിദ്യാർത്ഥികൾക്ക് വിവിധ വിഭാഗങ്ങളിലായി തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.

ശാസ്ത്രമേള, ഗണിതശാസ്ത്രമേള, പ്രവൃത്തി പരിചയമേള, സാമൂഹ്യ ശാസ്ത്രമേള, ഐ ടി മേള എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലാണ് ശാസ്ത്രോത്സവത്തിൽ മത്സരങ്ങൾ നടന്നത്. ഈ അഞ്ച് വിഭാഗത്തിലെയും മൊത്തം പോയിന്റ് പരിഗണിച്ചാണ് ഓവറോൾ പ്രഖ്യാപിക്കുന്നത്. ഇതിൽ ജില്ലാ ശാസ്ത്രമേളയിൽ 54 പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കിയ മേമുണ്ട സ്കൂൾ ജില്ലയിലെ മികച്ച ശാസ്ത്ര വിദ്യാലയമായി മാറി.

ജില്ലാ ഗണിത ശാസ്ത്രമേളയിൽ 123 പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കിയ മേമുണ്ട ജില്ലയിലെ മികച്ച ഗണിതശാസ്ത്ര വിദ്യാലയമായും, ജില്ലാ സാമൂഹ്യശാസ്ത്രമേളയിൽ 70 പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കിയ മേമുണ്ട സ്കൂൾ ജില്ലയിലെ മികച്ച സാമൂഹ്യശാസ്ത്ര വിദ്യാലയമായും മാറി. പ്രവൃത്തി പരിചയമേളയിൽ മേമുണ്ട സ്കൂൾ 153 പോയിന്റ് നേടി ഓവറോൾ നാലാം സ്ഥാനം നേടിയപ്പോൾ ഐ ടി മേളയിൽ 29 പോയിന്റ് നേടി ഓവറോൾ നാലാം സ്ഥാനത്തും ആണ് മേമുണ്ട സ്കൂൾ.

മൂന്ന് വിഭാഗങ്ങളിലും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കുക എന്ന ചരിത്ര നേട്ടത്തിനാണ് മേമുണ്ട സ്കൂൾ സാക്ഷ്യം വഹിച്ചത്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി നേരത്തെ നടന്ന ശാസ്ത്രനാടക മത്സരത്തിലും മേമുണ്ടക്കായിരുന്നു ഒന്നാം സ്ഥാനം. 429 പോയിന്റ് നേടി ഓവറോൾ കരസ്ഥമാക്കിയ മേമുണ്ടയിലെ വിദ്യാർത്ഥി പ്രതിഭകളെയും, അതിന് അവരെ പ്രാപ്തരാക്കിയ അധ്യാപകരെയും മാനേജ്മെന്റും, പിടിഎ യും ചേർന്ന് അഭിനന്ദിച്ചു.

348 പോയിന്റ് നേടിയ മടവൂർ ചക്കാലക്കൽ ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനവും, 318 പോയിന്റ് നേടിയ മേപ്പയൂർ ജിവിഎച്ച്എസ്എസ് ഓവറോൾ മൂന്നാം സ്ഥാനവും നേടി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/158991/district-school-science-festival-overall-memunda-school)