---
title: "#thanneerpanthal | തണ്ണീർ പന്തലിൽ പ്രകാശമില്ല; ഇരുട്ടായാൽ ജനങ്ങൾ ഭീതിയിൽ  "
english_title: "#light #dark #people #afraid #thanneerpanthal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/160113/light-dark-people-afraid-thanneerpanthal"
published_at: "2023-11-06T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65491f77579f0_light.jpg"
keywords: []
---

# #thanneerpanthal | തണ്ണീർ പന്തലിൽ പ്രകാശമില്ല; ഇരുട്ടായാൽ ജനങ്ങൾ ഭീതിയിൽ  

> **Lead Summary:** **തണ്ണീർ പന്തൽ: [** ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തണ്ണീർപന്തൽ പ്രദേശത്ത് ഇരുട്ടായാൽ ജനങ്ങൾ ഭീതിയിൽ. തണ്ണീർ പന്തലിൽ നിന്നും എളയടം ഭാഗത്തേക്ക് പോകുന്ന റോഡിലെ തെരുവ് വിളക്ക് പ്രകാശിക്കാത്തതാണ് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നത്.

## Article Content

**തണ്ണീർ പന്തൽ: [** ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ തണ്ണീർപന്തൽ പ്രദേശത്ത് ഇരുട്ടായാൽ ജനങ്ങൾ ഭീതിയിൽ. തണ്ണീർ പന്തലിൽ നിന്നും എളയടം ഭാഗത്തേക്ക് പോകുന്ന റോഡിലെ തെരുവ് വിളക്ക് പ്രകാശിക്കാത്തതാണ് ജനങ്ങളുടെ ഭീതി വർധിപ്പിക്കുന്നത്.

തണ്ണീർപ്പന്തൽ ടൗണിൽനിന്നും ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ് എളയടത്തേക്ക്. രാത്രിയെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡാണിത്.

പാതയോരത്ത് തെരുവു വിളക്കുകൾ പ്രകാശിച്ചിട്ട് മാസങ്ങളായി എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ ഉൾപ്പെടെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

പക്ഷേ ഇതുവരെയും നടപടി ആയില്ല. തെരുവു വിളക്കുകൾ പ്രകാശിക്കാത്തത് മൂലം ഡ്രൈവർമാർ വളരെയധികം ബുദ്ധിമുട്ടുന്നു. വശങ്ങളിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്തോ, ഇല്ലയോ എന്ന് അറിയാൻ സാധിക്കുന്നില്ല.

കൂടാതെ, മുമ്പിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഗതി മനസ്സിലാക്കുന്നതിലും പിഴവ് സംഭവിക്കുന്നു. ഭാഗ്യവശാലാണ് അപകടം സംഭവിക്കാത്തത്. തൽസ്ഥിതിക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ട്.

തണ്ണീർപ്പന്തൽ കനാൽ പാലം സുപ്രധാനമായ മറ്റൊരു ജംഗ്ഷനാണ്. ഇവിടെ നാല് ദിക്കുകളിൽ നിന്നും വാഹനങ്ങൾ ഇടതടവില്ലാതെ വരുന്നു. നേരത്തെ ട്രാൻസ്ഫോമറിന് സമീപത്തായി സ്ഥാപിച്ച തെരുവ് വിളക്ക് ഇപ്പോൾ മിന്നി മിന്നിയാണ് പ്രകാശിക്കുന്നത്.

പാലത്തിന് സമീപത്തായുള്ള രക്തസാക്ഷി ധീര ജവാന്റെ ഛായ ചിത്രവും, ഭാരത മാപ്പിന്റെ കോൺക്രീറ്റ് സ്തൂപവും രാത്രിയായാൽ കാണാൻ സാധ്യമല്ല. തൊട്ടടുത്ത് തന്നെ ആഴമേറിയ കനാലുള്ളതും അപകടസാധ്യത വർധിപ്പിക്കുന്നു.

തണ്ണീർപ്പന്തൽ- എളയടം റോഡിൽ തെരുവു വിളക്ക് പ്രകാശ പൂരിതമാകുന്ന ഭാഗം താഴേക്കോത്ത് മുക്കിലാണ്. വിരലിലെണ്ണാവുന്ന ചില സ്ഥലങ്ങൾ ഒഴിച്ചു നിർത്തിയാൽ മറ്റു ഭാഗങ്ങൾ ഇരുട്ടാണ്.

സഹായമനസ്കരായ നാട്ടുകാരുടെ വീടിന് സമീപത്തായി സ്ഥാപിക്കുന്ന വൈദ്യുതി ബൾബുകളാണ് വാഹന, കാൽനടയാത്രക്കാരുടെ പ്രധാന ആശ്രയം.

എത്രയും പെട്ടെന്ന് തന്നെ തണ്ണീർപ്പന്തൽ ടൗൺ മുതൽ എളയടം വരെയുള്ള ഭാഗങ്ങളിലെ മുഴുവൻ തെരുവു വിളക്കുകളും പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.

ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും നിർദേശിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/160113/light-dark-people-afraid-thanneerpanthal)