---
title: "#VibeNMMS | മത്സരിക്കേണ്ടത് നമ്മോടുതന്നെ; വൈബ് എൻ.എം.എം.എസ് പരിശീലനത്തിന് തുടക്കമായി "
english_title: "#compete #ourselves #Vibe #NMMS #training #begins"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161685/compete-ourselves-vibe-nmms-training-begins"
published_at: "2023-11-12T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655105af9d415_mla.jpg"
keywords: []
---

# #VibeNMMS | മത്സരിക്കേണ്ടത് നമ്മോടുതന്നെ; വൈബ് എൻ.എം.എം.എസ് പരിശീലനത്തിന് തുടക്കമായി 

> **Lead Summary:** **വടകര: [** കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് എൻ.എം.എം.എസ് പരീക്ഷാപരിശീലനത്തിന്റെ ഉദ്ഘാടനം വടകര ടൗൺഹാളിൽ നടന്നു.

## Article Content

**വടകര: [** കെ.കെ രമ എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിന്റെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാമത് എൻ.എം.എം.എസ് പരീക്ഷാപരിശീലനത്തിന്റെ ഉദ്ഘാടനം വടകര ടൗൺഹാളിൽ നടന്നു.

മണ്ഡലത്തിലെ സ്‌കൂളുകളിൽ പഠിക്കുകയോ, മണ്ഡലത്തിൽ താമസിക്കുകയോ ചെയ്യുന്ന എട്ടാംക്ലാസ് വിദ്യാർഥികളാണ് കഴിഞ്ഞ രണ്ടുമാസമായി നടക്കുന്ന പരിശീലനത്തിൽ പങ്കെടുക്കുന്നത്. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം കെ.കെ രമ എം.എൽ.എ നിർവഹിച്ചു.

പ്രീ പ്രൈമറി തലം മുതൽ എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ്പുകൾ, പ്ലസ്ടുവിനുശേഷം പുതിയ കോഴ്‌സുകൾ ഏതെന്നു വരെയുള്ള എല്ലാ കാര്യങ്ങൾക്കും വൈബ് എന്നും വിദ്യാർഥികളുടെ കൂടെയുണ്ടാകുമെന്ന് എം.എൽ.എ പറഞ്ഞു.

ജീവിതവിജയത്തിന് മത്സരം നമ്മോടുതന്നെയായിരിക്കണമെന്നും അതിലൂടെയാണ് വ്യക്തിത്വവും പ്രൊഫഷനിലിസവും വളരുകയെന്നും പദ്ധതി വിശദീകരണം നടത്തിയ വൈബ് കൺവീനർ ഡോ.ശശികുമാർ പുറമേരി പറഞ്ഞു.

ചടങ്ങിൽ വൈബ് കോ-ഓഡിനേറ്റർ എം.എൻ പ്രമോദ് അധ്യക്ഷനായി. വടകര സയൻസ് സെന്ററും കോഴിക്കോട് റെയ്‌സും ചേർന്നുള്ള എയ്‌ഗൺ എന്ന സ്ഥാപനമാണ് ഈ വർഷത്തെ പരിശീലനം നൽകുന്നത്.

കേരളത്തിലെതന്നെ ഏറ്റവും മികച്ച പരിശീലകരാണ് മണ്ഡലത്തിലെ വടകര ബി.ഇ.എം ഹയർസെക്കൻഡറി സ്കൂൾ, ഓർക്കാട്ടേരി കമ്മ്യൂണിറ്റി ഹാൾ എന്നീ സെന്ററുകളിൽ പരിശീലനം നൽകുന്നത്.

പ്രവർത്തി ദിവസങ്ങളിൽ ഓൺലൈനായും പരിശീലനം നടക്കുന്നുണ്ട്. രജീഷ് തേറത്ത്, എയ്‌ഗൺ എൻ.എം.എം.എസ് കോ-ഓർഡിനേറ്റർ ഫസൽ റഹ്മാൻ, ഫാക്കൽറ്റി ശ്രീലക്ഷ്മി എന്നിവർ സംസാരിച്ചു. ഇസ്മായിൽ പറമ്പത്ത് സ്വാഗതവും എൻ.സോഷിമ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161685/compete-ourselves-vibe-nmms-training-begins)