---
title: "#CoastalWorkshop | ഉച്ചയ്ക്ക് ഗൃഹസന്ദർശനം; വനിത കമ്മിഷൻ തീരദേശ ശിൽപ്പശാല മടപ്പള്ളിയിൽ തുടങ്ങി "
english_title: "#Afternoon #home #visit #Women'sCommission #started #CoastalWorkshop #Madapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/161801/afternoon-home-visit-womenscommission-started-coastalworkshop-madapally"
published_at: "2023-11-13T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6551c8b08db5b_workshop.jpg"
keywords: []
---

# #CoastalWorkshop | ഉച്ചയ്ക്ക് ഗൃഹസന്ദർശനം; വനിത കമ്മിഷൻ തീരദേശ ശിൽപ്പശാല മടപ്പള്ളിയിൽ തുടങ്ങി 

> **Lead Summary:** **വടകര: [** സംസ്ഥാന വനിത കമ്മിഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകോപന സദസും തീരദേശ ശിൽപശാലയും ഇന്ന് രാവിലെ 10 മുതൽ മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ തുടങ്ങി.

## Article Content

**വടകര: [** സംസ്ഥാന വനിത കമ്മിഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകോപന സദസും തീരദേശ ശിൽപശാലയും ഇന്ന് രാവിലെ 10 മുതൽ മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ തുടങ്ങി.

കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഏകോപന സദസും തീരദേശ ശിൽപ്പശാലയും ഉദ്ഘാടനം ചെയ്തു. ഗാർഹികാതിക്രമവും മദ്യാസക്തിയും എന്ന വിഷയത്തിലാണ് ശിൽപ്പശാല സംഘടിപ്പിച്ചത്.

തീരദേശ മേഖലയിൽ വർധിച്ചു വരുന്ന ഗാർഹിക പീഡനങ്ങളും മദ്യാസക്തിയും സംബന്ധിച്ച് വിവരശേഖരണത്തിനും ബോധവൽക്കരണത്തിനുമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് വനിത കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അറിയിച്ചു.

ഉരുത്തിരിഞ്ഞു വരുന്ന അഭിപ്രായങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിക്കുമെന്നും വനിത കമ്മിഷൻ അധ്യക്ഷ അറിയിച്ചു. പരിപാടിയുടെ ഭാഗമായി മത്സ്യ തൊഴിലാളി ഭവനങ്ങൾ വനിത കമ്മിഷൻ സന്ദർശിച്ച് പ്രശ്നങ്ങൾ നേരിട്ടു മനസിലാക്കും.

വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അധ്യക്ഷയായി. വനിത കമ്മിഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. പി. കുഞ്ഞായിഷ, വി.ആർ. മഹിളാമണി, അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, ജൻഡർ കൺസൾട്ടന്റ് ഡോ. ടി.കെ. ആനന്ദി,

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. സത്യൻ മാസ്റ്റർ, ശശികല ദിനേശൻ, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു വള്ളിൽ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.പി. സുധീഷ് എന്നിവർ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/161801/afternoon-home-visit-womenscommission-started-coastalworkshop-madapally)