---
title: "കെ - റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ്  18 ന് കലക്‌ട്രേറ്റിലേക്ക് ജനകീയ മാര്‍ച്ച് "
english_title: "UDF opposes K-Rail project Popular march to the Collectorate on the 18th"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16199/udf-opposes-k-rail-project-popular-march-to-the-collectorate-on-the-18th"
published_at: "2021-12-15T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9cc4ae609d_k - rali photo .jpg"
keywords: []
---

# കെ - റെയില്‍ പദ്ധതിക്കെതിരെ യുഡിഎഫ്  18 ന് കലക്‌ട്രേറ്റിലേക്ക് ജനകീയ മാര്‍ച്ച് 

> **Lead Summary:** വടകര: കെ - റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

## Article Content

വടകര: കെ - റെയില്‍ പദ്ധതിക്കെതിരെ (സില്‍വര്‍ലൈന്‍) യു.ഡി.എഫ് പ്രതിഷേധം ഡിസംബര്‍ 18ന്. സെക്രട്ടേറിയറ്റിന് മുന്നിലും സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന പത്ത് ജില്ലാ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ജനകീയ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തുന്നത്. ജനകീയ മാര്‍ച്ചിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം കളക്ടറേറ്റിന് മുന്നില്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിലെ ധര്‍ണ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് പി.കെ കുഞ്ഞാലിക്കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

** ജനകീയ മാര്‍ച്ച് വിജയിപ്പിക്കണം: യുഡിഎഫ് **

വടകര :സംസ്ഥാനത്തെ വന്‍മതില്‍ കെട്ടി രണ്ടായി തിരിക്കുന്ന കെ. റെയില്‍ പദ്ധതി നടപ്പാക്കരുതെന്നു യു ഡി എഫ് അഴിയൂര്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു 18 ന് കോഴിക്കോട് കളക്ടറേറ്റ് പടിക്കലേക്ക് നടത്തുന്ന ജനകീയ മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ തീരുമാനിച്ചു. ചെയര്‍മാന്‍ കെ അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു.

പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി.കെ. അനില്‍ കുമാര്‍, കവിതാ അനില്‍ കുമാര്‍,എം.ഇസ്മായില്‍, കെ പി രവീന്ദ്രന്‍ , കെ.കെ.ഷെറിന്‍ കുമാര്‍ ,അജയ് മാളിയേക്കല്‍, എന്‍. ധനേഷ്,പി.പി.ഭാസ്‌കരന്‍,നസീര്‍ വീരോളി, രാജീവന്‍ എടത്തട്ട ,എന്നിവര്‍ പ്രസംഗിച്ചു.

** പിണറായി കോടീശ്വരന്മാരുടെ കൂട്ടുകാരന്‍ : മുല്ലപ്പള്ളി രാമചന്ദ്രന്‍ **

അഴിയൂര്‍ : സഹസ്രകോടീശ്വരന്മാരുടെ കൂട്ടുകാരനാണ് പിണറായി വിജയനെന്ന് മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍.കെറെയില്‍ വിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിലുള്ള ജില്ലാ പ്രചാരണവാഹനജാഥ ജില്ലാ ചെയര്‍മാന്‍ ടി.ടി. ഇസ്മയിലിന് പതാക കൈമാറി അഴിയൂരില്‍ ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ലൈന്‍ പാത കേരളത്തിന്റെ വിനാശത്തിന് കാരണമാകും. കൂടിയാലോചനകളോ പഠനങ്ങളോ ഇല്ലാതെ ധൃതിപിടിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ജനങ്ങളുടെ സംശയങ്ങള്‍ക്ക് നിവാരണമുണ്ടാക്കണം. സില്‍വര്‍ലൈന്‍ പാത കേരളത്തെ രണ്ടായി കീറിമുറിക്കുമെന്ന് നിതി ആയോഗ് പോലും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആറുവരി ദേശീയപാതയും തീരദേശപാതയും മലയോരപ്പാതയും ദേശീയ ജലപാതയും നടപ്പാകുന്ന കേരളത്തില്‍ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് പാതയ്ക്ക് സമാന്തരമായി നിര്‍മിക്കുന്ന സില്‍വര്‍ലൈന്‍ പാത പ്രാവര്‍ത്തികമായാല്‍ കേരളംതന്നെ ഇല്ലാതാകും. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ കാരണം കുടിയൊഴിപ്പിക്കപ്പെട്ട മുന്നൂറോളം കുടുംബങ്ങള്‍ ഇപ്പോഴും പ്ലാസ്റ്റിക് ടെന്റുകളിലാണ് കഴിയുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കെ.പി. ചെറിയകോയ തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി എം.എ. റസാഖ്, ജാഥാ ക്യാപ്റ്റന്‍ ടി.ടി. ഇസ്മയില്‍, വൈസ് ക്യാപ്റ്റന്‍ വരപ്രത്ത് രാമചന്ദ്രന്‍, കെ.പി.സി.സി. സെക്രട്ടറി സുനില്‍ മടപ്പള്ളി, പി.എം. ശ്രീകുമാര്‍, അടിയേരി രവീന്ദ്രന്‍, എ. ശേഖര്‍, എം. പ്രഭുദാസ്, ശുഹൈബ് കൈതാല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16199/udf-opposes-k-rail-project-popular-march-to-the-collectorate-on-the-18th)