---
title: "'സര്‍ഗ്ഗസാക്ഷ്യം' യുവ സാഹിത്യ ക്യാമ്പ്   ഇരിങ്ങല്‍ സര്‍ഗാലയില്‍ "
english_title: " 'Sargasakshyam' Youth Literary Camp at Iringal Sargala"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16222/sargasakshyam-youth-literary-camp-at-iringal-sargala"
published_at: "2021-12-15T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61b9e6061b1e3_SARGALAYA PHOTO.jpg"
keywords: []
---

# 'സര്‍ഗ്ഗസാക്ഷ്യം' യുവ സാഹിത്യ ക്യാമ്പ്   ഇരിങ്ങല്‍ സര്‍ഗാലയില്‍ 

> **Lead Summary:** വടകര : യുവ സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സാഹിത്യസൃഷ്ടികള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് നടത്തുന്ന 'സര്‍ഗസാക്ഷ്യം' യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ 50 പ്രതിനിധികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

## Article Content

വടകര : യുവ സാഹിത്യകാരന്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനും സാഹിത്യസൃഷ്ടികള്‍ ചര്‍ച്ച ചെയ്യുന്നതിനും അവരുമായി സംവദിക്കുന്നതിനും അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് നടത്തുന്ന 'സര്‍ഗസാക്ഷ്യം' യുവ സാഹിത്യ ക്യാമ്പ് വടകര ഇരിങ്ങല്‍ സര്‍ഗാലയയില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെ നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലെ 50 പ്രതിനിധികളാണ് മൂന്നു ദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നത്.

ക്യാമ്പിന്റെ ഉദ്ഘാടനം ഡിസംബര്‍ 17ന് രാവിലെ 10 മണിക്ക് ടി.പദ്മനാഭന്‍ നിര്‍വഹിക്കും. സംസ്ഥാന യുവജനക്ഷേമബേര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും.സി.വി ബാലകൃഷ്ണന്‍ വിശിഷ്ടാതിഥിയാകും. യു.എല്‍.സി.സി ചെയര്‍മാന്‍ രമേശന്‍ പാലേരി ആശംസ അര്‍പ്പിക്കും. ബോര്‍ഡ് അംഗങ്ങളായ ദിപു പ്രേംനാഥ്, ഷെരീഫ് പാലോളി, ഷെനിന്‍ എം.പി, ഷബീറലി.പി.എം, യുവജനക്ഷേമബേര്‍ഡ് മെമ്പര്‍ സെക്രട്ടറി വി.ഡി.പ്രസന്നകുമാര്‍, ജില്ലാ കോഡിനേറ്റര്‍ ടി.കെ.സുമേഷ് എന്നിവര്‍ സന്നിഹിതരായിരിക്കും. ക്യാമ്പ് ഡയറക്ടര്‍ ഇ.പി. രാജഗോപാലന്‍ ക്യാമ്പ് വിശദീകരണം നടത്തും.

'കഥ ജീവിതം ചരിത്രം' എന്ന സെഷനില്‍ അശോകന്‍ ചരുവില്‍ അവതരണം നടത്തും,'സാഹിത്യംസമൂഹംപ്രത്യയശാസ്ത്രം' എന്ന വിഷയത്തില്‍ പ്രൊഫ. എം.എം.നാരായണന്‍ ക്ലാസെടുക്കും. 'കാവ്യവിചാരം' എന്ന സെഷനില്‍ വീരാന്‍കുട്ടി, മാധവന്‍ പുറച്ചേരി, ശിവദാസ് പുറമേരി, ഒ.പി.സുരേഷ്, സോമന്‍ കടലൂര്‍, ബിജു കാഞ്ഞങ്ങാട്, ശ്രീജിത്ത് അരിയല്ലൂര്‍, എം.ജീവേഷ്, വിമല്‍ പ്രസാദ്, ബിനീഷ് പുതുപ്പണം, അജിത രാജേഷ്, പി.ആര്‍.രതീഷ് എന്നിവര്‍ പങ്കെടുക്കും.

ഡിസംബര്‍ 18ന് 'എഴുത്തനുഭവങ്ങള്‍' എന്ന വിഷയത്തില്‍ വി.ആര്‍.സുധീഷ് അവതരണം നടത്തും . 'സാഹിത്യം സ്ത്രീ സമൂഹം' എന്ന സെഷന്‍ ഡോ. ഖദീജ മുംതാസ്,ഡോ. രാജശ്രീ ടീച്ചര്‍ എന്നിവര്‍ അവതിരിപ്പിക്കും. 'നോവലിലെ ജ്ഞാനമണ്ഡലങ്ങള്‍' എന്ന വിഷയത്തില്‍ കെ.പി.രാമനുണ്ണി സംസാരിക്കും. 'അരങ്ങും സാഹിത്യവും' എന്ന സെഷനില്‍ കരിവള്ളൂര്‍ മുരളി, ഇ.പി.രാജഗോപാലന്‍ എന്നിവര്‍ പങ്കെടുക്കും. 'സാഹിത്യവിമര്‍ശനം സമകാലീന ദൗത്യങ്ങള്‍' എന്ന വിഷയത്തില്‍ സജയ് കെ.വി, രാജേന്ദ്രന്‍ എടത്തുങ്കര എന്നിവര്‍ ക്ലാസെടുക്കും. മന്ത്രിയോടൊപ്പം എന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് സംസാരിക്കും. കാനത്തില്‍ ജമീല എം.എല്‍.എ , പയ്യോളി നഗരസഭ ചയര്‍മാന്‍ വടക്കയില്‍ ഷെഫീക്ക്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ്, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് അംഗം ദിപു പ്രേംനാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് ക്യാമ്പംഗങ്ങളുടെ സൃഷ്ടികളുടെ അവതരണവും വിലയിരുത്തലും നടക്കും. എ.വി.പവിത്രന്‍, വീരാന്‍കുട്ടി, ശിവദാസ് പുറമേരി എന്നിവര്‍ സംബന്ധിക്കും. ഡിസംബര്‍ 19 ന് 'വായനാവിസ്മയങ്ങള്‍' എന്ന സെഷന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ് അവതിരിപ്പിക്കും. 'കലകാലംജനത' എന്ന സെഷന്‍ എം.സ്വരാജ് അവതിരിപ്പിക്കും.'പുതുകാലം പുതുകവിത' എന്ന വിഷയത്തില്‍ മോഹനകൃഷ്ണന്‍ കാലടി, ഡി.അനില്‍കുമാര്‍, വിജില, അശോകന്‍ മറയൂര്‍, വിമീഷ് മണിയൂര്‍ എന്നിവര്‍ സംസാരിക്കും'സംഗീതവും സാഹിത്യവും' എന്ന വിഷയത്തില്‍ വി.ടി.മുരളി ക്ലാസെടുക്കും. സമാപനസമ്മേളനം സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ്.സതീഷ് അദ്ധ്യക്ഷനാകും. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍മാരായ വി.കെ.സനോജ്, ഷെരീഫ് പാലൊളി, ഷെനിന്‍ എം.പി, ഷബീറലി പി.എം എന്നിവര്‍ സന്നിഹിതരാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16222/sargasakshyam-youth-literary-camp-at-iringal-sargala)