---
title: "#AbdulSamadSamadani | മഹാത്മജി ഭൂതകാലത്തിന്റെ ഓർമ്മ മാത്രമല്ല വർത്തമാനകാലത്തിന്റെ ആവേശവും; അബ്ദുൽ സമദ് സമദാനി "
english_title: "#Mahatmaji #memory #past #excitement #present #AbdulSamadSamadani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/162526/mahatmaji-memory-past-excitement-present-abdulsamadsamadani"
published_at: "2023-11-15T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6554df92bf721_samad.jpg"
keywords: []
---

# #AbdulSamadSamadani | മഹാത്മജി ഭൂതകാലത്തിന്റെ ഓർമ്മ മാത്രമല്ല വർത്തമാനകാലത്തിന്റെ ആവേശവും; അബ്ദുൽ സമദ് സമദാനി 

> **Lead Summary:** **വടകര: [ **മഹാത്മജി ഭൂതകാലത്തിന്റെ ഓർമ്മ മാത്രമല്ല വർത്തമാനകാലത്തിന്റെ ആവേശവും ഭാവിയുടെ പ്രതീക്ഷയും ആണെന്ന് പ്രമുഖ പ്രഭാഷകൻ ഡോക്ടർ എംപി അബ്ദുൽ സമദ് സമദാനി എംപി പ്രസ്താവിച്ചു.

## Article Content

**വടകര: [ **മഹാത്മജി ഭൂതകാലത്തിന്റെ ഓർമ്മ മാത്രമല്ല വർത്തമാനകാലത്തിന്റെ ആവേശവും ഭാവിയുടെ പ്രതീക്ഷയും ആണെന്ന് പ്രമുഖ പ്രഭാഷകൻ ഡോക്ടർ എംപി അബ്ദുൽ സമദ് സമദാനി എംപി പ്രസ്താവിച്ചു.

അഹിംസയിൽ അധിഷ്ഠിതമായ രാഷ്ട്രീയ സാംസ്‌കാരിക പ്രത്യയശാസ്ത്രവും മാനവികതയിൽ അടിയുറച്ചു നിൽക്കുന്ന പ്രവർത്തന ശൈലിയും ആണ് ഗാന്ധിസത്തെ ജനപ്രിയമാക്കി മാറ്റിയത്.

അവകാശ സമര പോരാട്ടങ്ങളുടെ സമരഭൂമിയിൽ ആയുധങ്ങൾക്ക് പ്രസക്തിയില്ലെന്നും പകരം ധാർമിക സമരത്തിന്റെ മാർഗ്ഗമായ സത്യാഗ്രഹവും നിരാഹാരവും ആണ് അഭികാമ്യം എന്നും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലൂടെ ലോകത്തിന് ബോധ്യപ്പെടുത്തി കൊടുക്കുവാൻ ഗാന്ധിസത്തിന് കഴിഞ്ഞിട്ടുണ്ട്.

മഹാത്മജിയെ കൊന്നു കുഴിച്ചുമൂടിയാൽ ഗാന്ധിയൻ പ്രത്യശാസ്ത്രത്തിന്റെ സൗന്ദര്യത്തെ വികലമാക്കാൻ കഴിയുമെന്ന് വ്യാമോഹിച്ചു നടന്നവരാണ് രാജ്യത്തെ സംഘപരിവാർ ശക്തികൾ.

ഗാന്ധിസത്തിന്റെ നീതിബോധവും ഉന്നതമായ മാനവികതയും ഭാരതത്തിന്റെ മണ്ണിൽ നിന്നും ഗാന്ധിവധത്തോടെ പിഴുതെഴുവാൻ ആർഎസ്എസ് ഉൾപ്പെടുന്ന ഫാസിസ്റ്റ് ശക്തികൾക്ക് കഴിഞ്ഞിട്ടില്ല.

ലോകം ഉള്ളടത്തോളം കാലം അതിന് ഫാസിസ്റ്റ് ശക്തികൾക്ക് കഴിയുകയുമില്ല. മഹാത്മാഗാന്ധി നരേന്ദ്രമോദിയെ പോലുള്ള ഹിന്ദുമത വിശ്വാസിയായിരുന്നില്ല. സത്യവും നീതിയും മാനവികതയും ഉയർത്തിപ്പിടിക്കുന്ന തികഞ്ഞ ഹിന്ദുമത വിശ്വാസിയായിരുന്നു അദ്ദേഹം.

അതോടൊപ്പം തന്നെ മതേതരത്വത്തിന്റെ ഉജ്വല പോരാളിയും കൂടിയായിരുന്നു മഹാത്മാഗാന്ധി. ഇന്ത്യയിലെ ഹിന്ദുക്കളെ സ്‌നേഹിക്കുന്നതുപോലെ മുസ്ലിം മത വിശ്വാസികളെയും തന്റെ ഹൃദയത്തോട് ചേർത്തു പിടിക്കാൻ മഹാത്മാഗാന്ധിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അബ്ദുൽ സമദ് സമദാനി ഓർമിപ്പിച്ചു.

ഗാന്ധിജിയുടെ വടകര സന്ദർശനത്തിന്റെ നവതി ആഘോഷത്തോടനുബന്ധിച്ച് 'മഹാത്മാവിന്റെ ഇന്ത്യ ' എന്ന വിഷയത്തിൽ നടന്ന സിമ്പോസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐ. മൂസ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം. പി, രമേശ് ചെന്നിത്തല എം. എൽ. എ,എൻ. വേണു, മനയത്ത് ചന്ദ്രൻ, ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/162526/mahatmaji-memory-past-excitement-present-abdulsamadsamadani)