---
title: "കൊയിലാണ്ടി കൊല്ലത്ത് കടലിന് പച്ചനിറം ; ആശങ്ക  വിട്ടുമാറാതെ തീരദേശ വാസികള്‍"
english_title: " Sea green at Koyilandy Kollam; Concern Coastal dwellers incessantly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16324/sea-green-at-koyilandy-kollam-concern-coastal-dwellers-incessantly"
published_at: "2021-12-16T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bade9325e2a_green sea .jpg"
keywords: []
---

# കൊയിലാണ്ടി കൊല്ലത്ത് കടലിന് പച്ചനിറം ; ആശങ്ക  വിട്ടുമാറാതെ തീരദേശ വാസികള്‍

> **Lead Summary:** കൊയിലാണ്ടി : കൊല്ലം മന്ദമംഗലം ഭാഗത്ത് കടല്‍വെള്ളത്തിന് കടുംപച്ച നിറം. ബുധനാഴ്ച രാവിലെയാണ് ഈ പ്രതിഭാസം തീരവാസികള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കടല്‍വെള്ളത്തിലെ നിറവ്യത്യാസം കാണാനെത്തി. പ്രദേശത്ത് ആദ്യമായാണ് ഇത്തരം പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

## Article Content

കൊയിലാണ്ടി : കൊല്ലം മന്ദമംഗലം ഭാഗത്ത് കടല്‍വെള്ളത്തിന് കടുംപച്ച നിറം. ബുധനാഴ്ച രാവിലെയാണ് ഈ പ്രതിഭാസം തീരവാസികള്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് നിരവധി പേര്‍ കടല്‍വെള്ളത്തിലെ നിറവ്യത്യാസം കാണാനെത്തി. പ്രദേശത്ത് ആദ്യമായാണ് ഇത്തരം പ്രതിഭാസം ശ്രദ്ധയില്‍പ്പെടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

നേരത്തെ കാസര്‍കോട് തീരത്തും കൊച്ചിയിലും ആലപ്പുഴയിലുമെല്ലാം സമാന പ്രതിഭാസമുണ്ടായിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസവ്യവസ്ഥ താളംതെറ്റുന്നതാണ് കടല്‍ പച്ചനിറത്തിലേക്ക് വഴിമാറാന്‍ കാരണമെന്നാണ് നിഗമനം. ആല്‍ഗകളുടെ ഈ പ്രതിഭാസത്തെ ആല്‍ഗല്‍ ബ്ലൂം എന്നാണ് വിളിക്കുന്നത്.

കടല്‍ക്കറ എന്ന് സാധാരണ അറിയപ്പെടുന്ന പ്രതിഭാസമാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. മഴയ്ക്കുശേഷം പുഴകള്‍, കായല്‍, ജലാശയങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് സസ്യങ്ങള്‍ വളരാന്‍ ആവശ്യമായ ധാതുക്കള്‍ ഏറെ അടങ്ങിയ ജലം കടലിലേക്ക് ഒഴുകിയെത്തും.

ഇതേത്തുടര്‍ന്ന് കടല്‍വെള്ളത്തിലെ അതിസൂക്ഷ്മ ആല്‍ഗകള്‍ പതിന്മടങ്ങ് വര്‍ധിക്കുന്നതിനാലാണ് പച്ചനിറം കാണപ്പെടുന്നതിന് ഇടയാക്കുന്നത്. കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് പച്ച നിറത്തിന് കാരണമെന്ന് കുസാറ്റിലെ മറൈന്‍ വിഭാഗം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16324/sea-green-at-koyilandy-kollam-concern-coastal-dwellers-incessantly)