---
title: "#navakeralasadass | നവകേരള സദസ്സിന് ഒരുങ്ങി കുറ്റ്യാടി മണ്ഡലം; മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി "
english_title: "#Kuttiady #constituency #ready #navakeralasadass #Preparations #complete #Memunda #HigherSecondarySchool"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/164194/kuttiady-constituency-ready-navakeralasadass-preparations-complete-memunda-highersecondaryschool"
published_at: "2023-11-22T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/655d9e2a0ab1f_navakerala.jpg"
keywords: []
---

# #navakeralasadass | നവകേരള സദസ്സിന് ഒരുങ്ങി കുറ്റ്യാടി മണ്ഡലം; മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി 

> **Lead Summary:** **വടകര: [ **മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നവ കേരള നിർമ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാനും നവ കേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ മേമുണ്ട ഒരുങ്ങി.

## Article Content

**വടകര: [ **മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. നവ കേരള നിർമ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാനും ഭാവി പ്രവർത്തനങ്ങൾക്കുള്ള അഭിപ്രായങ്ങൾ സ്വീകരിക്കാനും നവ കേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ മേമുണ്ട ഒരുങ്ങി.

നവംബർ 24 വെള്ളിയാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നു മണി മുതൽ മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പരിപാടി നടക്കുക.

മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നായെത്തുന്ന പതിനായിരങ്ങളെ വരവേൽക്കാനായി കൂറ്റൻ പന്തലാണ് മേമുണ്ട സ്‌കൂളിൽ ഒരുങ്ങിയത്. കുറ്റ്യാടി മണ്ഡലം നവകേരള സദസിന്റ ഒരുക്കങ്ങൾ പൂർത്തിയായതായി കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കാൽ ലക്ഷം പേർ നവകേരള സദസിന്റ ഭാഗമാവും. പ്രധാന വേദിക്ക് മുന്നിലായി 3000 പേർക്കും, സ്‌കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ 2000 പേർക്കും ഇരിപ്പിടം ഒരുക്കിയിട്ടുണ്ട്. ഇൻഡോർ സ്റ്റേഡിയത്തിൽ എൽഇഡി വാളിലൂടെ പരിപാടി തത്സമയം പ്രദർശിപ്പിക്കും.

രണ്ടര മുതൽ കലാപരിപാടികൾ ആരംഭിക്കും. പൊതുജനങ്ങൾക്ക് നിവേദനം സമർപ്പിക്കാൻ 20 കൗണ്ടറുകൾ പ്രവർത്തിക്കും. ഇതിനായി അഞ്ച് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. അന്നേ ദിവസം രാവിലെ പത്ത് മുതൽ കൗണ്ടറിലെത്തി നിവേദനങ്ങൾ സമർപ്പിക്കാം.

കൗണ്ടർ നവകേരള സദസ് കഴിയും വരെ പ്രവർത്തിക്കും. വയോജനങ്ങൾ, സ്ത്രീകൾ, ഭിന്ന ശേഷിക്കാർ, മറ്റ് പരിഗണന അർഹിക്കുന്നവർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഉണ്ടാകും. കൗണ്ടറുകളിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്ക് ട്രോളി സൗകര്യവും ലഭിക്കും.

മെഡിക്കൽ സൗകര്യം, കുടിവെള്ള സൗകര്യം എന്നിവയും സ്ഥലത്ത് ലഭ്യമായിരിക്കും. നവകേരള സദസ്സിന്റെ പ്രചാരണാർത്ഥം വിപുലമായ പരിപാടികളാണ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നത്.

വിളംബര ജാഥ, വിവിധ കലാ-കായിക പരിപാടികൾ, രചനാ മത്സരങ്ങൾ ടൂർണമെന്റുകൾ തുടങ്ങി വിവിധ പരിപാടികൾ, വീട്ടുമുറ്റ കൂട്ടായ്മകൾ എന്നിവ സംഘടിപ്പിച്ചു.

വരും ദിവസങ്ങളിലും വിവിധ സ്ഥലങ്ങളിൽ പ്രചാരണ പരിപാടികൾ നടക്കും. വാർത്താ സമ്മേളനത്തിൽ നോഡൽ ഓഫീസർ ഡിഡിഇ സി മനോജ് കുമാർ, അസി. രജിസ്ട്രാർ പി ഷിജു, കെ കെ ദിനേശൻ, ടി പി ഗോപാലൻ, പി സുരേഷ് ബാബു എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/164194/kuttiady-constituency-ready-navakeralasadass-preparations-complete-memunda-highersecondaryschool)