---
title: "  താലൂക്ക് ഓഫീസിലെ  തീപ്പിടുത്തം ;  വടകരയില്‍ തെളിവെടുപ്പ് "
english_title: " Vadakara fire; A native of Adra Reached Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16704/vadakara-fire-a-native-of-adra-reached-vadakara"
published_at: "2021-12-18T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bd940777088_accuesd .jpg"
keywords: []
---

#   താലൂക്ക് ഓഫീസിലെ  തീപ്പിടുത്തം ;  വടകരയില്‍ തെളിവെടുപ്പ് 

> **Lead Summary:** വടകര : വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായ ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനേയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം വടകരയില്‍ തെളിവെടുപ്പ് നടത്തി. വടകരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് , പൂര്‍ണ്ണമായും കത്തി നശിച്ച താലൂക്ക് , വടകര നാഷണല്‍ ഹൈവേ ഓഫീസ് എന്നിവടങ്ങളിലാണ് തെളിവെടുപ്പ്നടന്നത്.

## Article Content

വടകര : വടകര താലൂക്ക് ഓഫീസിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായ ആന്ധ്രാപ്രദേശ് സ്വദേശി സതീഷ് നാരായണനേയും കൊണ്ട് പ്രത്യേക അന്വേഷണ സംഘം വടകരയില്‍ തെളിവെടുപ്പ് നടത്തി. വടകരയിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് , പൂര്‍ണ്ണമായും കത്തി നശിച്ച താലൂക്ക് , വടകര നാഷണല്‍ ഹൈവേ ഓഫീസ് എന്നിവടങ്ങളിലാണ് തെളിവെടുപ്പ്നടന്നത്.

താലൂക്ക് ഓഫീസ് പരിസരത്ത് നേരത്തെ തീയിടാന്‍ ശ്രമിച്ചയാളാണിത്. തീപ്പിടുത്തത്തിന്റെ കാരണം കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘം നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഹരിദാസന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. 11 ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ആന്ധ്ര സ്വദേശി സതീഷ് നാരായണന്‍ (37) ആണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. നേരത്തെ ചെറിയ തീപിടുത്തമുണ്ടായ സമീപത്തെ കെട്ടിടങ്ങളിലും ഇയാള്‍ എത്തിയതായി കണ്ടെത്തിയിരുന്നു.

വടകര താലൂക്ക് ഓഫീസിന് സമീപമെത്തി വലിച്ചെറിയപ്പെട്ട കടലാസുകള്‍ കൂട്ടിയിട്ട് തീയിട്ട ശേഷം, തീ ആളിപ്പടരുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നായിരുന്നു. പ്രാഥമിക നിഗമനം. വടകര പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലായിരുന്നു് പ്രതി. അട്ടിമറി സാധ്യതയടക്കം സംഘം പരിശോധിക്കുന്നുണ്ട്.

ജില്ലാ കളക്ടറുടെയും എഡിഎമ്മിന്റെയും മേല്‍നോട്ടത്തിലാണ് അന്വേഷണം. കഴിഞ്ഞ ദിവസം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറടക്കം സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല അപകടം നടന്നതെന്ന നിഗമനത്തിലാണ് എത്തിയത്. അതേസമയം തിങ്കളാഴ്ച മുതല്‍ താത്കാലിക കെട്ടിടത്തില്‍ താലൂക്ക് ഓഫീസ് പ്രവര്‍ത്തിക്കാനായി നടപടികള്‍ തുടങ്ങി. തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി ഹെല്‍പ് ഡെസ്‌കും പ്രവര്‍ത്തിക്കുമെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16704/vadakara-fire-a-native-of-adra-reached-vadakara)