---
title: "പ്രതീക്ഷയോടെ കര്‍ഷകര്‍ ;  വിലയില്‍ കേമനായി അടയ്ക്കയും കുരുമുളകും"
english_title: "relife for farmers ; Close, pepper prices are soaring"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16738/relife-for-farmers-close-pepper-prices-are-soaring"
published_at: "2021-12-18T15:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdb5d3ac1c9_PEPPER PRICE .jpg"
keywords: []
---

# പ്രതീക്ഷയോടെ കര്‍ഷകര്‍ ;  വിലയില്‍ കേമനായി അടയ്ക്കയും കുരുമുളകും

> **Lead Summary:** വടകര: അടയ്ക്ക, കുരുമുളക് വില ഉയരുന്നതോടെ കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം. നാളികേരത്തിന്റെ വിലക്കുറവും, അടയ്ക്കയുടെ കുറച്ചു വര്‍ഷങ്ങളായുള്ള വില സ്ഥിരതയും കോവിഡിന് ശേഷമുണ്ടായ അപ്രതീക്ഷിത കുതിപ്പുമാണ് കര്‍ഷകര്‍ കമുക്, കുരുമുളക് കൃഷിയിലേക്ക് അടുപ്പിക്കുന്നത് .

## Article Content

വടകര: അടയ്ക്ക, കുരുമുളക് വില ഉയരുന്നതോടെ കര്‍ഷകര്‍ക്ക് താല്‍ക്കാലിക ആശ്വാസം. നാളികേരത്തിന്റെ വിലക്കുറവും, അടയ്ക്കയുടെ കുറച്ചു വര്‍ഷങ്ങളായുള്ള വില സ്ഥിരതയും കോവിഡിന് ശേഷമുണ്ടായ അപ്രതീക്ഷിത കുതിപ്പുമാണ് കര്‍ഷകര്‍ കമുക്, കുരുമുളക് കൃഷിയിലേക്ക് അടുപ്പിക്കുന്നത് .

രണ്ട് വര്‍ഷംമുമ്പ് 290 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ ഒരു കിലോ അടക്കയ്ക്ക് 390 രൂപ വരെ ലഭിക്കുന്നുണ്ട്. പഴയ അടയ്ക്കയുടെ വില ആദ്യമായി 480 വരെ ഉയര്‍ന്നു. വില കുതിച്ചതോടെ മുന്തിയ വിത്ത് ഇനങ്ങളും തൈകളും തേടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. പെട്ടെന്ന് കായ്ക്കുന്ന കുള്ളന്‍ തൈകളോടാണ് കര്‍ഷകര്‍ക്ക് താല്‍പ്പര്യം. മംഗള, മോഹിത് നഗര്‍, സുമംഗല, ശ്രീമംഗള, സ്വര്‍ണ മംഗള എന്നിവയാണ് കൂടുതല്‍ പേരും നടുന്നത്. മൂന്നാം വര്‍ഷം മുതല്‍ കായ്ച്ചു തുടങ്ങും എന്നതാണ് ഇവയുടെ ഗുണം. അധികം ഉയരമില്ലാത്തതിനാല്‍ വിളവെടുക്കലും മരുന്ന് പ്രയോഗവും ഉള്‍പ്പെടെയുള്ളവ കര്‍ഷകര്‍ക്ക് തന്നെ നടത്താം.

എന്നതാണ് ഇവയെ പ്രിയപ്പെട്ടതാക്കുന്നത്. പാക്കറ്റിലുള്ള തൈയ്ക്ക് 35 രൂപയും സാധാരണ തൈയ്ക്ക് 25 രൂപയുമാണ് വില. 10 രൂപയാണ് വിത്തടയ്ക്കയുടെ വില. അടയ്ക്ക വില കുറഞ്ഞ കാലത്ത് തോട്ടം പരിപാലനം ഉപേക്ഷിച്ച കര്‍ഷകര്‍ ഇപ്പോള്‍ കവുങ്ങിന്റെ പരിപാലനത്തില്‍ അതീവ ശ്രദ്ധ കാണിക്കുകയാണ്. കുരുമുളക് വില 52,400വരെ ഉയര്‍ന്നതോടെ ഇതിലേക്കും കര്‍ഷകര്‍ തിരിഞ്ഞു. ചട്ടിയില്‍ വളര്‍ത്തി വര്‍ഷം മുഴുവന്‍ വിളവെടുക്കാന്‍ കഴിയുന്ന പൗര്‍ണമി ബുഷ് തൈകള്‍ക്കാണ് ആവശ്യക്കാര്‍ എറെ.

ആറു മാസത്തിനുള്ളില്‍ തിരിയിട്ടുതുടങ്ങും. ഇതില്‍ നിന്ന് വര്‍ഷം മുഴുവന്‍ കുരുമുളക് ലഭിക്കും. ചെടിയില്‍ നിന്ന് വര്‍ഷം കുറഞ്ഞത് ഒരു കിലോ കുരുമുളക് ലഭിക്കും. ഗ്രാഫ്റ്റ് ചെയ്ത തൈകള്‍ക്ക് 250 രൂപയാണ്. കൂടത്തൈക്ക് 150 രൂപയും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16738/relife-for-farmers-close-pepper-prices-are-soaring)