---
title: "താലൂക്ക് ഓഫീസിൽ കിടന്നുറങ്ങിയതായി തീവെപ്പ് കേസിലെ പ്രതിയ്ക്ക് വടകരയില്‍ ബന്ധുക്കള്‍ "
english_title: "Relatives of the accused in the fire case in Vadakara said that he was sleeping in the taluk office"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16781/relatives-of-the-accused-in-the-fire-case-in-vadakara-said-that-he-was-sleeping-in-the-taluk-office"
published_at: "2021-12-18T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdf5fa2e528_satheesh.jpg"
keywords: []
---

# താലൂക്ക് ഓഫീസിൽ കിടന്നുറങ്ങിയതായി തീവെപ്പ് കേസിലെ പ്രതിയ്ക്ക് വടകരയില്‍ ബന്ധുക്കള്‍ 

> **Lead Summary:** **വടകര : **വടകര നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്ന് തീവെപ്പ് കേസുകളിൽ പോലീസ് അറസ്റ്റിലായ സതീഷ് നാരായണന് വടകരയുടെ സമീപപ്രദേശങ്ങളിൽ ബന്ധുക്കളുണ്ടെന്ന് വിവരം. ഇത്തരത്തിലുള്ള രണ്ടുപേരെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.അകന്ന ബന്ധുക്കളാണെന്നും സതീഷിനെ തങ്ങൾ കാണാതായിട്ട് വർഷങ്ങളായെന്നുമാണ് ഇവർ പോലീസിന് നൽകിയ മൊഴി.

## Article Content

**വടകര : **വടകര നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മൂന്ന് തീവെപ്പ് കേസുകളിൽ പോലീസ് അറസ്റ്റിലായ സതീഷ് നാരായണന് വടകരയുടെ സമീപപ്രദേശങ്ങളിൽ ബന്ധുക്കളുണ്ടെന്ന് വിവരം. ഇത്തരത്തിലുള്ള രണ്ടുപേരെ പൊലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്.അകന്ന ബന്ധുക്കളാണെന്നും സതീഷിനെ തങ്ങൾ കാണാതായിട്ട് വർഷങ്ങളായെന്നുമാണ് ഇവർ പോലീസിന് നൽകിയ മൊഴി.

താലൂക്ക് ഓഫീസിൽ തീ വെപ്പിന് പിന്നിലും ഇയാൾക്ക് പങ്കുണ്ടെന്ന് സൂചന. എന്നാൽ തീപിടുത്തം ഉണ്ടായ തലേ ദിവസം രാത്രി താലൂക്ക് ഓഫീസിൽ കിടന്നുറങ്ങിയതായും തണുപ്പ് അനുഭവപ്പെട്ടപ്പോൾ പഴയൊരു കുടയും പേപ്പറുകളും കൂട്ടിവെച്ച് തീ കത്തിച്ചതായും സതീഷ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. തീയാളി പടർന്നപ്പോൾ സമീപത്തുണ്ടായിരുന്ന മിനറൽ ബോട്ടിലെ വെള്ളം ഉപയോഗിച്ച് കെടുത്താൻ ശ്രമിച്ചെങ്കിലും ആവശ്യത്തിന് വെള്ളം ഇല്ലാത്തതിനാൽ തീയണയ്ക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു.

എന്നാൽ ഇത് സ്ഥിരീകരിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. അതേസമയം, വടകരയിൽ കഴിഞ്ഞ ദിവസം നടന്ന മൂന്നു തീ പിടുത്തത്തിന് പിന്നിലും പ്രതി പോലീസ് കസ്റ്റഡിയിലായ സതീഷ് നാരായണൻ തന്നെയെന്ന് ശരിവെച്ച് റൂറൽ എസ്പിയുടെ വാർത്താസമ്മേളനം. താലൂക്ക് ഓഫീസ് കത്തിയ സംഭവത്തിൽ അന്വേഷണം പ്രാഥമികഘട്ടത്തിലാണ്. നാല് തീപിടുത്ത കേസുകളാണ് പോലീസ് അന്വേഷിക്കുന്നത്. മൂന്നു കേസുകളിലും പ്രതി സതീഷ് നാരായണനെതിരെ തെളിവുണ്ടെന്ന് ഡോക്ടർ എ ശ്രീനിവാസ് ഐപിഎസ് പറഞ്ഞു.

താലൂക്ക് ഓഫീസ് തീപിടിത്തത്തിൽ തെളിവുകൾ ശേഖരിച്ചു വരികയാണ്. പ്രതി പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. ശാസ്ത്രീയമായ അന്വേഷണങ്ങൾ വരാനുണ്ട്. കൂടുതൽ സാക്ഷികളുടെ മൊഴിയെടുക്കും. തെലുങ്ക് ഇംഗ്ലീഷ് ഹിന്ദി കൂടാതെ മലയാളത്തിലും ഇയാൾ സംസാരിക്കുന്നുണ്ട്. പ്രതിയുടെ മാനസിക പരിശോധന അടുത്ത ദിവസങ്ങളിൽ നടത്തും. താലൂക്ക് ഓഫീസ് കത്തിച്ചതിന് പിന്നിലും ഇയാളാണെന്ന് സംശയമുണ്ട്.

പ്രതി സമൂഹമാധ്യമങ്ങളിൽ സജീവമാണ്. സൈബർസെല്ലിന്‍റെ സഹായത്തോടെ പ്രതിയുടെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകൾ പരിശോധിക്കും. പ്രതി ആന്ധ്ര സ്വദേശിയാണെന്ന് സംശയമുണ്ടെങ്കിലും വ്യക്തത വരുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നതായും അദേഹം പറഞ്ഞു. ഇന്നലെ പുലർച്ചെയോടെയുണ്ടായ താലൂക്ക് ഓഫിസിലെ തീപിടുത്തത്തിൽ 80 ശതമാനം ഫയലുകൾ കത്തിനശിച്ചിരുന്നു. മുമ്പ് ശുചിമുറിയിൽ നടന്ന തീപിടുത്തത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

ഈ തീപിടുത്തത്തെ കുറിച്ച് നേരത്തെ അന്വേഷിച്ച് നടപടിയെടുത്തിരുന്നെങ്കിൽ വലിയ തീപിടുത്തം ഉണ്ടാകുമായിരുന്നില്ലെന്ന വിമർശനം ഉയരുന്നുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചതായി എസ്പി എ. ശ്രീനിവാസൻ അറിയിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16781/relatives-of-the-accused-in-the-fire-case-in-vadakara-said-that-he-was-sleeping-in-the-taluk-office)