---
title: "സ്വകാര്യ കെട്ടിടത്തിൽ വടകര താലൂക്ക് ഓഫീസ് നാളെ പ്രവർത്തനം പുനരാരംഭിക്കും "
english_title: "The Vadakara taluk office will resume operations in a private building tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/16817/the-vadakara-taluk-office-will-resume-operations-in-a-private-building-tomorrow"
published_at: "2021-12-19T09:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61beac9b511f5_new taluk.jpg"
keywords: []
---

# സ്വകാര്യ കെട്ടിടത്തിൽ വടകര താലൂക്ക് ഓഫീസ് നാളെ പ്രവർത്തനം പുനരാരംഭിക്കും 

> **Lead Summary:** **വടകര : **കത്തിയമർന്നതിൽ നിന്ന് എല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വടകര താലൂക്ക് ഓഫീസ് ജീവനക്കാർ. തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് തഹസിൽദാർ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിൻ്റെ മുകളിലായാണ് താലൂക്ക് ഓഫീസും ഇനി കുറച്ചു കാലം പ്രവർത്തിക്കുക.

## Article Content

**വടകര : **കത്തിയമർന്നതിൽ നിന്ന് എല്ലാം വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് വടകര താലൂക്ക് ഓഫീസ് ജീവനക്കാർ. തിങ്കളാഴ്ച മുതൽ ഓഫീസ് പ്രവർത്തനം ആരംഭിക്കുമെന്ന് തഹസിൽദാർ ട്രൂ വിഷൻ ന്യൂസിനോട് പറഞ്ഞു. ഇപ്പോൾ ട്രഷറി പ്രവർത്തിക്കുന്ന സ്വകാര്യ കെട്ടിടത്തിൻ്റെ മുകളിലായാണ് താലൂക്ക് ഓഫീസും ഇനി കുറച്ചു കാലം പ്രവർത്തിക്കുക.

ഇതിനായി ഫർണിച്ചറുകളും കമ്പ്യൂട്ടറുകളും ഉൾപ്പെടെ എത്തിത്തുടങ്ങി. നവീകരിച്ച വില്ലേജ് ഓഫീസുകളിലെ പഴയ ഫർണിച്ചറുകളാണ് താൽക്കാലികമായി ഉപയോഗിക്കുക. തീപ്പിടിക്കാതെ കിട്ടിയ ഫയലുകളും തീപ്പിടിത്തത്തിനിടെ പുറത്തെടുത്തിട്ട ഫയലുകളുമെല്ലാം അടുക്കിവെക്കുന്ന തിരക്കിലായിരുന്നു ഇന്നലെ താലൂക്ക് ഓഫീസ് ജീവനക്കാർ.

70 ഓളം ജീവനക്കാരിൽ എല്ലാവരും ശനിയാഴ്ച എത്തി. വെള്ളം നനഞ്ഞ ഫയലുകൾ വെയിലത്തിട്ട് ഉണക്കാനും കുറേപേർ രംഗത്തിറങ്ങി. കുറച്ച് കത്തിയ ഫയലുകൾ കരിയൊക്കെ നീക്കി വൃത്തിയാക്കിയും വെച്ചു. ഭൂസംബന്ധമായ രേഖകൾ ഭൂരിഭാഗവും നശിച്ചെന്നാണ് കണക്കാക്കുന്നത്. റെക്കോഡ് റൂമിൽ എത്ര ഫയലുകളും രേഖകളുമുണ്ട്, ഏതെല്ലാമാണ് രേഖകൾ, നശിച്ചത് എത്ര എന്നിവ സംബന്ധിച്ച് ഒരു വ്യക്തതയും ഇതുവരെ കിട്ടിയിട്ടില്ല.

ഫയലുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവെക്കുന്ന രജിസ്റ്ററുകൾ ഉൾപ്പെടെ പൂർണമായും കത്തിപ്പോയി. ഈ രജിസ്റ്റർ കിട്ടിയിരുന്നെങ്കിൽ ഏതൊക്കെ രേഖകൾ നഷ്ടപ്പെട്ടു എന്ന് കണ്ടെത്താമായിരുന്നു. ഇതില്ലാത്തത് വലിയ ആശയക്കുഴപ്പം തീർക്കുന്നുണ്ട്. കത്താതെ കിട്ടിയ രേഖകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. ഇത് ക്രമപ്രകാരം അടുക്കിവെക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ഇതും ജീവനക്കാർ ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/16817/the-vadakara-taluk-office-will-resume-operations-in-a-private-building-tomorrow)