---
title: "#Rehabilitation | കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണം;16 കോടി രൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റായി "
english_title: "#Rehabilitation #Kuttiadi #irrigation #canals #emergency #works #estimated #16crore"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168502/rehabilitation-kuttiadi-irrigation-canals-emergency-works-estimated-16crore"
published_at: "2023-12-11T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657724f427780_kk_rama.jpg"
keywords: []
---

# #Rehabilitation | കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണം;16 കോടി രൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റായി 

> **Lead Summary:** **വടകര: [ **കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 16 കോടിരൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് ആയതായും ഇതിനു ഭരണാനുമതി നേടിയെടുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കെ.കെ രമ എം.എൽ.എ അറിയിച്ചു.

## Article Content

**വടകര: [ **കുറ്റ്യാടി ഇറിഗേഷൻ കനാലുകളുടെ പുനരുദ്ധാരണ പ്രവൃത്തികൾക്കായി 16 കോടിരൂപയുടെ അടിയന്തിര പ്രവൃത്തികൾക്ക് എസ്റ്റിമേറ്റ് ആയതായും ഇതിനു ഭരണാനുമതി നേടിയെടുക്കാൻ സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും കെ.കെ രമ എം.എൽ.എ അറിയിച്ചു.

കനാലുകളുടെ അവസ്ഥ നേരിൽ കണ്ടു മനസിലാക്കാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സംഘം എം.എൽ.എയുടെ നേതൃത്വത്തിൽ മണ്ഡലത്തിലൂടെ കടന്നുപോകുന്ന കനാലുകൾ സന്ദർശിച്ചതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.

വലിയ ജലക്ഷാമം അനുഭവിക്കുന്ന സമയങ്ങളിൽ കൃഷിയിടങ്ങളിലും കിണറുകളിലും വെള്ളമെത്തിക്കാൻ കഴിയുംവിധം ഉൾനാടുകളിലൂടെ കടന്നുപോകുന്ന കനാലുകളിൽ പലതും ഇപ്പോൾ പൂർണ അർത്ഥത്തിൽ പ്രവർത്തന ക്ഷമമല്ല.

കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ 17 കിലോമീറ്ററിൽ പരം നീളമുള്ള അഴിയൂർ ബ്രാഞ്ച് കനാലും അതിനോട് അനുബന്ധമായ എട്ടോളം ഡിസ്ട്രിബ്യുട്ടറി കനാലുകളുമാണ് സംഘം സന്ദർശിച്ചത്.

ഇതിൽ കാർത്തികപ്പള്ളിയിലൂടെ കടന്നുപോകുന്ന ഡിസ്ട്രിബ്യുട്ടറി കനാൽ, ഒഞ്ചിയം പഞ്ചായത്തിലൂടെ കടന്നുപോകുന്ന അഴിയൂർ ബ്രാഞ്ച് കനാൽ എന്നിവയുടെ അക്വഡേറ്റുകൾ അപകടാവസ്ഥയിലാണ്. കാലപ്പഴക്കത്താലും ചോർച്ച കാരണവും സിമന്റുകട്ടകൾ അടർന്നുവീഴുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

ഇത് പരിഹരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കാൻ വകുപ്പുതല ഉദ്യോഗസ്ഥരോട് നിർദേശിച്ചതായും എം.എൽ.എ പറഞ്ഞു. ഏറാമലയിൽ ഡിസ്ട്രിബ്യൂട്ടറി കനാൽ ചോർച്ചകാരണം വെള്ളം തുറന്നുവിടാൻ പറ്റാത്ത അവസ്ഥയാണ്.

ഇതിന്റെ പുനർനിർമാണത്തിനായി 3 കോടി രൂപയുടെ പ്രത്യേക പദ്ധതി ഇറിഗേഷൻ വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിനുള്ള സർക്കാർ അംഗീകാരം നേടിയെടുക്കുന്നതിനുള്ള ഇടപെടലുകളും ഊർജിതമാക്കും.

കുറിഞ്ഞാലിയോട് കാർത്തികപ്പള്ളി ഭാഗത്തു ഭൂമിയെചൊല്ലി തർക്കം നിലനിൽക്കുന്നതിനാൽ പരസ്പരം ബന്ധപ്പെടുത്താൻ കഴിയാതെ ജലവിതരണം മുടങ്ങി കിടക്കുന്ന കനാൽ പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ പറഞ്ഞു.

അഴിയൂർ പഞ്ചായത്തിൽ വർഷങ്ങൾക്ക് മുൻപെ അക്വയർ ചെയ്ത രണ്ട് കിലോമീറ്റർ ദൂരം ഇപ്പോഴും കനാൽ നിർമാണം പൂർത്തിയായിട്ടില്ല. വൈകാതെ തന്നെ ഇവിടെ കനാൽ നിർമാണം ആരംഭിക്കേണ്ടതുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും എം.എൽ.എ പറഞ്ഞു.

ഡിസംബർ അവസാനത്തോടെ മണ്ഡലത്തിലെ കനാൽ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കും. മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, ജനപ്രതിനിധികളുടെയും, സന്നദ്ധ സംഘടനകളുടെയും ജനകീയ പങ്കാളിത്തത്തോടെ ഇത്തരം ശുചീകരണ പ്രവൃത്തികൾ നടത്താൻ എല്ലാവരും തയാറാവണമെന്നും എം.എൽ.എ അഭ്യർത്ഥിച്ചു.

കുറ്റ്യാടി ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യു.കെ ഗിരീഷ്‌കുമാർ, എക്‌സിക്യുട്ടീവ് എഞ്ചിനീയർ അരവിന്ദാക്ഷൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും വിവിധ ജനപ്രതിനിധികളും എം.എൽ.എയ്ക്ക് ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168502/rehabilitation-kuttiadi-irrigation-canals-emergency-works-estimated-16crore)