---
title: "#DistrictSchoolArtsFestival | ജില്ലാ സ്കൂൾ കലോത്സവം; മികച്ച പ്രകടനം കാഴ്ചവച്ച് മേമുണ്ട ജില്ലയിൽ രണ്ടാമത് "
english_title: "#DistrictSchoolArtsFestival #Second #Memunda #district #excellent #performance"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168635/districtschoolartsfestival-second-memunda-district-excellent-performance"
published_at: "2023-12-12T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65780cbacd6f3_memunda.jpg"
keywords: []
---

# #DistrictSchoolArtsFestival | ജില്ലാ സ്കൂൾ കലോത്സവം; മികച്ച പ്രകടനം കാഴ്ചവച്ച് മേമുണ്ട ജില്ലയിൽ രണ്ടാമത് 

> **Lead Summary:** **വടകര: [** കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സമാപിച്ച കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിൽ 297 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി.

## Article Content

**വടകര: [** കഴിഞ്ഞ ദിവസം പേരാമ്പ്രയിൽ സമാപിച്ച കോഴിക്കോട് ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി ജനറൽ വിഭാഗത്തിൽ 297 പോയിന്റ് നേടി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ രണ്ടാം സ്ഥാനം നേടി.

ജില്ലാ കലോത്സവത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലയിൽ രണ്ടാമതാകാൻ മേമുണ്ടക്ക് കഴിഞ്ഞു. ഹൈസ്ക്കൂൾ വിഭാഗത്തിൽ 145 പോയിന്റോടെയും, ഹയർസെക്കണ്ടറി വിഭാഗത്തിൽ 132 പോയിന്റും നേടി ജില്ലയിൽ രണ്ടാം സ്ഥാനത്തെത്താൻ മേമുണ്ട സ്കൂളിന് സാധിച്ചു.

ഇതിൽ ചെറിയ പോയിന്റ് വ്യത്യാസത്തിനാണ് മേമുണ്ടക്ക് ഓവറോൾ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടത്. ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി പത്ത് ഇനങ്ങളിൽ മേമുണ്ട സ്കൂൾ വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം നേടി.

ഹൈസ്ക്കൂൾ വിഭാഗത്തിൽ ഭരതനാട്യം, മാപ്പിളപ്പാട്ട്, ഒപ്പന, ലളിതഗാനം, ഇംഗ്ലീഷ് പദ്യംചൊല്ലൽ, സംസ്കൃത ഗാനാലാപനം, അഷ്ടപതി, എന്നിവയും ഹയർസെക്കണ്ടറി വിഭാഗത്തിൽ വട്ടപ്പാട്ട്, പൂരക്കളി, മിമിക്രി എന്നിവയും ആണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ഹൈസ്ക്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി പതിമൂന്ന് ഇനങ്ങൾക്ക് രണ്ടാം സ്ഥാനം എ ഗ്രേഡും, എട്ട് ഇനങ്ങൾക്ക് മൂന്നാം സ്ഥാനം എ ഗ്രേഡും ലഭിച്ചു.

ഒന്നാം സ്ഥാനം ലഭിച്ച പത്ത് ഇനങ്ങളിലായി മേമുണ്ടയിലെ 39 വിദ്യാർത്ഥികൾ കോഴിക്കോട് ജില്ലക്ക് വേണ്ടി കൊല്ലത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മാറ്റുരക്കും. മേമുണ്ടക്ക് വേണ്ടി മികച്ച വിജയം കരസ്ഥമാക്കിയ കലാപ്രതിഭകളെ പിടിഎ യും, മാനേജ്മെന്റും ചേർന്ന് അഭിനന്ദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168635/districtschoolartsfestival-second-memunda-district-excellent-performance)