---
title: "#Kunjipally | എലൈൻ്റ്മെൻ്റ് പ്ലാനിൽ കൃത്രിമങ്ങൾ? കലക്ടറുടെ മുന്നിൽ തെളിവ് സഹിതം ബോധ്യപ്പെടുത്തി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമിതി "
english_title: "#Manipulations #alignment #plan #Convinced #Kunjipally #Graveyard #Protection #Committee #evidence #front #Collector"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/168681/manipulations-alignment-plan-convinced-kunjipally-graveyard-protection-committee-evidence-front-collector"
published_at: "2023-12-12T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6578466cce431_kunjippally_2.jpg"
keywords: []
---

# #Kunjipally | എലൈൻ്റ്മെൻ്റ് പ്ലാനിൽ കൃത്രിമങ്ങൾ? കലക്ടറുടെ മുന്നിൽ തെളിവ് സഹിതം ബോധ്യപ്പെടുത്തി കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമിതി 

> **Lead Summary:** **വടകര: [** ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ എലൈൻ്റ്മെൻ്റ് പ്ലാനിലെ കൃത്രിമങ്ങൾ രേഖകൾ സഹിതം വിശദീകരിച്ച് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമിതി.

## Article Content

**വടകര: [** ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമി സംബന്ധിച്ച് ജില്ലാ കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ എലൈൻ്റ്മെൻ്റ് പ്ലാനിലെ കൃത്രിമങ്ങൾ രേഖകൾ സഹിതം വിശദീകരിച്ച് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമിതി.

2009ലെ ഡിപിആർ പ്ലാനിൽ നിന്നും വിത്യസ്തമായി 2017ൽ എയ്കോം ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി അഴിയൂർ-വെങ്ങളം റീച്ചിലെ തുടക്കമായ അണ്ടിക്കമ്പനി മുതൽ ചോമ്പാൽ ഹാർബർ വരെ മാത്രം വരുന്ന 4 കിലോ മീറ്റർ ചൈനേജിലേക്ക് മാത്രമായി തയ്യാറാക്കിയതും 2020ൽ ദേശീയപാത അതോറിറ്റി അപ്രൂവ് ചെയ്തതുമായ എലൈൻ്റ്മെൻ്റിലാണ് കുഞ്ഞിപ്പള്ളി കബർസ്ഥാൻ ഭൂമി കൂടുതലായി നഷ്ടപ്പെടുന്ന കൃത്രിമം നടന്നതായി ഖബർസ്ഥാൻ സംരക്ഷണ സമിതി ജില്ല കലക്ടർ വിളിച്ച് ചേർത്ത യോഗത്തിൽ രേഖകൾ സമർപ്പിച്ച് വിശദീകരിച്ചത്‌.

പ്രൊജക്ട് ഡയരക്ടർ ഓഫീസിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച പ്രസ്തുത പ്ലാനിലാണ് കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ ഭൂമിക്ക് സമീപം കൂടുതൽ വളവ് വരുന്നതായി വ്യക്തമാവുന്നത്‌. ശേഷം കിഴക്ക് ഭാഗത്തേക്ക് ദേശീയപാത മാറുന്നതായും സ്കെച്ച് പ്ലാനിൽ നിന്നും മനസ്സിലാവുന്നുണ്ട്.

നിലവിലെ ദേശീയപാതയുടെ മധ്യഭാഗത്ത് നിന്നും എത്ര മീറ്റർ ഇരുവശത്തേക്കും ഭൂമി ഏറ്റെടുക്കും എന്ന് വ്യക്തമാക്കുന്ന ഓഫ്സെറ്റ് ഡീറ്റയ്ൽസ് രേഖയിൽ ഖബർസ്ഥാൻ ഭാഗത്തേക്ക് 28 മീറ്ററാണ് അളവ് രേഖപ്പെടുത്തിയത്. നിലവിൽ കബർസ്ഥാൻ്റെ മതിൽ വരെ പടിഞ്ഞാറ് ഭാഗത്ത് 20 മീറ്റർ സ്ഥലം ഉണ്ട്.

ബാക്കി 8 മീറ്ററിന് പകരം 13 മീറ്റർ ഏറ്റെടുക്കുന്നതിന് ദേശീയപാത അധികൃതർ അപ്രോഷ്മെൻ്റ് സ്കെച്ച് തയ്യാറാക്കിയതായും സംരക്ഷണ സമിതി യോഗത്തിൽ ഉന്നയിച്ചു. ഇത് സംബന്ധിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കലക്ടർ സ്നേഹിൽ കുമാർ സിങ്ങ് ദേശീയപാത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കിഴക്ക് ഭാഗത്ത് സ്വകാര്യ ഭൂമി നിലനിൽക്കെ പടിഞ്ഞാറ് ഭാഗത്തെ വഖഫ് ഭൂമി ഏറ്റെടുക്കുന്നത് പൊതു ആവശ്യത്തിനാണെങ്കിലും പാടില്ലെന്നാണ് 1995,2019 ലെ വഖഫ് നിയമം അനുശാസിക്കുന്നതെന്നും ഖബർസ്ഥാൻ സംരക്ഷണ സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി.

കെ മുരളീധരൻ എംപി എലിവേറ്റഡ് ഹൈവേക്കായി നൽകിയ പ്രൊപ്പോസൽ പരിഗണിക്കുന്നതിന് ഈ മാസം 24 വരെ കാത്ത് നിൽക്കണമെന്ന് ചോമ്പാല കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റി ഭാരവാഹികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

യോഗത്തിൽ ജില്ലാ കലക്ടർക്ക് പുറമേ ആർഡിഒ കെ ബിജു, ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ, കുഞ്ഞിപ്പള്ളി ഖബർസ്ഥാൻ സംരക്ഷണ സമിതിക്ക് വേണ്ടി ചെയർമാൻ സാലിം പുനത്തിൽ, ഉമ്മർ ഏറാമല, റഫീഖ് അഴിയൂർ, അബ്ദുള്ള എരിക്കിൽ കുഞ്ഞിപ്പള്ളി പരിപാലന കമ്മറ്റിക്ക് വേണ്ടി പ്രസിഡണ്ട് ടി ജി നാസർ, ചെറിയ കോയ തങ്ങൾ, അൻഫീർ ടി എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/168681/manipulations-alignment-plan-convinced-kunjipally-graveyard-protection-committee-evidence-front-collector)