---
title: "#arrest| ഷബ്നയുടെ മരണം; ഒളിവില്‍പോയ ഭർതൃമാതാവ് അറസ്റ്റിൽ"
english_title: "#shabna's #death #Fugitive #mother-in-law #arrest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/169171/shabnas-death-fugitive-mother-in-law-arrest"
published_at: "2023-12-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657ad6beb97e1_shabna_death.jpg"
keywords: []
---

# #arrest| ഷബ്നയുടെ മരണം; ഒളിവില്‍പോയ ഭർതൃമാതാവ് അറസ്റ്റിൽ

> **Lead Summary:** **ഓർക്കാട്ടേരി : [**ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ ഒരു അറസ്റ്റ് കൂടി. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. അതേസമയം, ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

## Article Content

**ഓർക്കാട്ടേരി : [**ഓര്‍ക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയില്‍ ഒരു അറസ്റ്റ് കൂടി. ഷബ്നയുടെ ഭര്‍ത്താവിന്‍റെ അമ്മ നബീസയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഇവരെ കോഴിക്കോട്ടെ ലോഡ്ജില്‍നിന്നാണ് പിടികൂടിയത്. പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കി. അതേസമയം, ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ മറ്റുപ്രതികളായ ഭര്‍ത്താവ് ഹബീബ്, ഭര്‍തൃസഹോദരി, ഭര്‍തൃപിതാവ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഹബീബിന്റെ അമ്മാവന്‍ ഹനീഫയുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കുന്നുണ്ട്. ഷബ്‌നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭര്‍ത്താവിന്റെ അമ്മാവന്‍ ഹനീഫയും ഭര്‍തൃമാതാവ് നബീസയുമാണ് ഇതുവരെ അറസ്റ്റിലായവര്‍. ഹനീഫ ഷബ്‌നയെ മർദ്ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം ബന്ധുക്കള്‍ നേരത്തെ പുറത്തുവിട്ടിരുന്നു. കുന്നുമ്മക്കര തട്ടാര്‍കണ്ടി ഹബീബിന്റെ ഭാര്യ ഷബ്‌ന(30)യെ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ കുടുംബം ഉന്നയിച്ചിരുന്നത്. മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ അമ്മാവനായ ഹനീഫ ഷബ്‌നയെ മര്‍ദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ഷബ്‌ന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ പരാതി. മാത്രമല്ല, ഭര്‍ത്താവിന്റെ മാതാവും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഷബ്‌ന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു.

ഇതിന്റെപേരിലാണ് കഴിഞ്ഞ തിങ്കളാഴ്ച തര്‍ക്കം നടന്നത്. ഭര്‍ത്താവിന്റെ മാതാവും പിതാവും സഹോദരിയും മാതാവിന്റെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ മാതാവിന്റെ സഹോദരനായ ഹനീഫ കൈയോങ്ങിക്കൊണ്ട് ഷബ്‌നയ്ക്ക് നേരേ പോകുന്നത് സി.സി.ടി.വി. ദൃശ്യത്തിലുണ്ട്. ഇതിനുപിന്നാലെയാണ് ഷബ്‌ന മുറിയില്‍ക്കയറി വാതിലടച്ചത്. അകത്തുനിന്ന് ശബ്ദംകേട്ടപ്പോള്‍ പത്തുവയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ആരും വാതില്‍തുറക്കാന്‍ ശ്രമിച്ചില്ല. വീട്ടില്‍ എന്തോ പ്രശ്നമുണ്ടെന്ന് ഷബ്‌നയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷമാണ് വാതില്‍ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷബ്‌ന മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/169171/shabnas-death-fugitive-mother-in-law-arrest)