---
title: "#KKRamaMLA | ചോറോട് കല്ലറക്കൽ തോട്; നവീകരണത്തിനായി ഒന്നര കോടിയുടെ പ്രവർത്തികൾക്ക് അനുമതിയായി - കെ.കെ.രമ എം.എൽ.എ "
english_title: "#Chorod #Graveyard #Works #crores #sanctioned #renovation #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170583/chorod-graveyard-works-crores-sanctioned-renovation-kkramamla"
published_at: "2023-12-19T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6581a2030ea16_rama_mla.jpg"
keywords: []
---

# #KKRamaMLA | ചോറോട് കല്ലറക്കൽ തോട്; നവീകരണത്തിനായി ഒന്നര കോടിയുടെ പ്രവർത്തികൾക്ക് അനുമതിയായി - കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: [ **ചോറോട് പഞ്ചായത്തിലെ 20,21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു.

## Article Content

**വടകര: [ **ചോറോട് പഞ്ചായത്തിലെ 20,21 വാർഡുകളിലൂടെ കടന്നുപോകുന്ന കല്ലറക്കൽ തോടിന്റെ നവീകരണത്തിനായി ഒന്നരക്കോടി രൂപയുടെ പ്രവൃത്തിക്ക് അനുമതി ലഭിച്ചതായി കെ.കെ.രമ എം.എൽ.എ അറിയിച്ചു.

ഓരോ നിയോജക മണ്ഡലത്തിലും നടപ്പാക്കുന്നതിനായി എം.എൽ.എ.മാരിൽ നിന്നും സ്വീകരിക്കുന്ന പ്രൊപ്പോസലുകളിൽ നിന്നുള്ള പദ്ധതികൾക്കാണ് ബഡ്ജറ്റിൽ തുക വകയിരുത്തുന്നത്.

2022-23 സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിനായി വടകര എം.എൽ.എ സമർപ്പിച്ച പ്രൊപ്പോസലിന്മേലാണ് സർക്കാർ കല്ലറക്കൽ തോട് ഡ്രെയിനേജ് കം ഫുട്പാത്ത് എന്ന പദ്ധതിക്ക് തുക വകയിരുത്തിക്കൊണ്ട് ഉത്തരവായിരിക്കുന്നത്.

പ്രവൃത്തിയുടെ എസ്റ്റിമേറ്റ് തയാറാക്കുന്നതിന് ഇറിഗേഷൻ ഉദ്യോഗസ്ഥരോടൊപ്പം തോട് കടന്നുപോകുന്ന വഴികൾ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എൽ.എ. കാലങ്ങളായുള്ള പ്രദേശവാസികളുടെ നിരന്തരമായുള്ള ആവശ്യത്തിന് ഇതോടെ പരിഹാരമാവുകയാണ്.

കക്കാട്ട് പള്ളിയിലെ ചോറോട് ബാങ്കിന്റെ ശാഖ നിൽക്കുന്ന സ്ഥലം മുതൽ അംഗൻവാടി വഴി കടന്നുപോകുന്ന തോടിന്റെ ഇരുവശങ്ങളും പാർശ്വഭിത്തി കെട്ടി സംരക്ഷിക്കാനും ഭാവിയിൽ സഞ്ചാരയോഗ്യമാക്കാനും കഴിയുംവിധമാണ് പ്രവൃത്തി രൂപകല്പന ചെയ്തിരിക്കുന്നത്.

കടലിൽ ചെന്ന് അവസാനിക്കുന്ന ഈ തോട്ടിൽ വേലിയേറ്റ സമയങ്ങളിൽ കടൽവെള്ളം തിരിച്ചു കയറി പരിസരത്തുള്ള കിണറുകളിലും മറ്റും ഉപ്പുവെള്ളം നിറയുന്ന അവസ്ഥയാണ് നിലവിലുള്ളത്.

ഇതു കാരണം കുടിവെള്ളത്തിനായി മറ്റു സ്രോതസുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്ക്. വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഇത്തരം പ്രശ്‍നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രസ്തുത പ്രവൃത്തി ബജറ്റ് ഫ്രണ്ടിൽ ഉൾപ്പെടുത്തി സർക്കാരിൽ അപേക്ഷ സമർപ്പിക്കുകയായിരുന്നു.

ഇതേ തുടർന്ന് ധനകാര്യ വകുപ്പ് ഇറക്കിയ പ്രത്യേക ഉത്തരവിലാണ് കല്ലറക്കൽ തോടിന് ഒന്നരക്കോടി അനുവദിച്ചതെന്ന് എം.എൽ.എ പറഞ്ഞു. ഇറിഗേഷൻ ഉദ്യോഗസ്ഥർ വൈകാതെ തന്നെ ഡീറ്റൈൽ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിൽ സമർപ്പിക്കുമെന്നും, സാങ്കേതിക അനുമതികൾ ലഭ്യമായ ഉടൻ പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും എം.എൽ.എ അറിയിച്ചു.

പഞ്ചായത്തു പ്രസിഡന്റ് പി.പി ചന്ദ്രശേഖരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്തു മെമ്പർ ശ്യാമള കൃഷ്ണാർപ്പിതം, വാർഡ് മെമ്പർമാരായ അബൂബക്കർ, ആബിദ, മൈനർ ഇറിഗേഷൻ എക്സികുട്ടീവ് എഞ്ചിനീയർ സത്യൻ, അസിറ്റന്റ് എക്സികുട്ടീവ് എഞ്ചിനീയർ ഹബി, എ.ഇ രാജ്‌മോഹൻ, ഓവർസിയർ രൂപിഷ പ്രദേശത്തെ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170583/chorod-graveyard-works-crores-sanctioned-renovation-kkramamla)