---
title: "#SDPI | ബിജെപി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; എസ്ഡിപിഐ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു "
english_title: "#BJP #government #butchering #democracy #SDPI #organized #protest #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/170916/bjp-government-butchering-democracy-sdpi-organized-protest-vadakara"
published_at: "2023-12-20T22:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/658321a922e3f_sdpi.jpg"
keywords: []
---

# #SDPI | ബിജെപി സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു; എസ്ഡിപിഐ വടകരയിൽ പ്രതിഷേധം സംഘടിപ്പിച്ചു 

> **Lead Summary:** **വടകര: [** 141 എംപിമാരെ സസ്പെന്റ് ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.

## Article Content

**വടകര: [** 141 എംപിമാരെ സസ്പെന്റ് ചെയ്ത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ബിജെപി സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.

വടകര ഓവർ ബ്രിഡ്ജിൽ നിന്നു തുടങ്ങിയ റാലി പുതിയ ബസ്സ് സ്റ്റാൻഡിൽ സമാപിച്ചു. സമാപന പരിപാടി വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജലീൽ സഖാഫി പരിപാടി ഉദ്‌ഘാടനം ചെയ്തു.

അതീവ സുരക്ഷാ മേഖലയായ പാർലമെന്റിനുള്ളിൽ പുക ബോംബ് ആക്രമണം നടത്തിയതു സംബന്ധിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടതിനാണ് എംപിമാരെ സസ്പെന്റ് ചെയ്തിരിക്കുന്നത്. കർണാടകയിൽ നിന്നുള്ള ബിജെപി എംപി ഒപ്പിട്ടു നൽകിയ സന്ദർശന പാസ് ഉപയോഗിച്ചാണ് പ്രതികൾ പാർലമെന്റിനുള്ളിൽ കടന്നത്.

പ്രതിപക്ഷ എംപിമാരുടെ വായടപ്പിക്കാൻ ശ്രമിക്കുന്ന ബിജെപി ഭരണകൂടം പ്രതികൾ സുരക്ഷാവലയം ഭേദിച്ച് എങ്ങിനെ കയറിയെന്ന് വിശദീകരിച്ചിട്ടില്ല. അതേസമയം പാർലമെന്റിൽ നടന്ന അതിക്രമം ആസൂത്രിതമാണെന്ന സംശയം ബലപ്പെടുകയാണ്.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് ഗുരുതര ഭീഷണി ഉയർത്തുന്ന ബില്ലുകളാണ് പ്രതിപക്ഷ എംപിമാരുടെ അഭാവത്തിൽ പാർലമെന്റിൽ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത്. വാർത്താ വിതരണ മേഖലയെ നിശബ്ദമാക്കുന്ന ടെലി കമ്മ്യൂണിക്കേഷൻസ് ബിൽ, ക്രിമിനൽ ചട്ടം ഭേദഗതി ബിൽ തുടങ്ങിയ ബില്ലുകൾ ചർച്ച കൂടാതെ പാസ്സാക്കുന്നതിനുള്ള അടവുനയമാണോ ഇതെന്ന് പൗരസമൂഹം ആശങ്കപ്പെടുകയാണ്.

ഈ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഏകാധിപത്യവാഴ്ചയ്ക്കെതിരേ ശക്തമായ സമരത്തിന് ജനങ്ങൾ തയ്യാറാവണമെന്നും ജലീൽ സഖാഫി പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം അഡ്വക്കെറ്റ് ഇ കെ മുഹമ്മദലി, ജില്ലാ കമ്മിറ്റി അംഗം സരിത ജി, മണ്ഡലം സെക്രട്ടറി ബഷീർ കെ കെ എന്നിവർ സംസാരിച്ചു.

സാദിക്ക് ബേങ്ക് റോഡ്, സക്കറിയ പയ്യോളി, കബീർ പയ്യോളി, ഉമർ കല്ലോളി, മിശാൽ മണിയൂർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/170916/bjp-government-butchering-democracy-sdpi-organized-protest-vadakara)