---
title: " മടപ്പള്ളി കോളജ് പി.ജി ബ്ലോക്ക് കെട്ടിട നിര്‍മാണവും  യൂനിവേഴ്‌സിറ്റി സെന്റര്‍ ഭൂമി റജിസ്‌ട്രേഷനും പൂര്‍ത്തീകരിക്കും "
english_title: "Construction of Madappally College PG Block Building The University Center will also complete the land registration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17194/construction-of-madappally-college-pg-block-building-the-university-center-will-also-complete-the-land-registration"
published_at: "2021-12-21T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1b3f5bb7bd_p g block .jpg"
keywords: []
---

#  മടപ്പള്ളി കോളജ് പി.ജി ബ്ലോക്ക് കെട്ടിട നിര്‍മാണവും  യൂനിവേഴ്‌സിറ്റി സെന്റര്‍ ഭൂമി റജിസ്‌ട്രേഷനും പൂര്‍ത്തീകരിക്കും 

> **Lead Summary:** വടകര: മടപ്പള്ളി ഗവ : കോളേജിന്റെ പി. ജി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനും വനിതാ ഹോസ്റ്റല്‍ വാച്ച്മാന്‍ റൂം നിര്‍മ്മിക്കുന്നതിനുമായി 28.5 ലക്ഷം രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കെ.കെ രമ എം.എല്‍.എയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ മടപ്പള്ളിയുടെ വികസനമെന്നത്. എം.എല്‍.എ ആയ തുടക്കകാലത്തു തന്നെ ഇതിനായി കോളജ് അധികൃതര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരുടെ യോഗം എം.എല്‍.എ വിളിച്ചിരുന്നു.

## Article Content

വടകര: മടപ്പള്ളി ഗവ : കോളേജിന്റെ പി. ജി ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നതിനും വനിതാ ഹോസ്റ്റല്‍ വാച്ച്മാന്‍ റൂം നിര്‍മ്മിക്കുന്നതിനുമായി 28.5 ലക്ഷം രൂപ അനുവദിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് കെ.കെ രമ എം.എല്‍.എയുടെ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു മണ്ഡലത്തിലെ ഏക സര്‍ക്കാര്‍ കോളേജായ മടപ്പള്ളിയുടെ വികസനമെന്നത്. എം.എല്‍.എ ആയ തുടക്കകാലത്തു തന്നെ ഇതിനായി കോളജ് അധികൃതര്‍, ജനപ്രതിനിധികള്‍, പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍, ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ എന്നിവരുടെ യോഗം എം.എല്‍.എ വിളിച്ചിരുന്നു.

ആ യോഗത്തിലുയര്‍ന്ന പ്രധാന പ്രതിസന്ധികളില്‍ ഒന്നായിരുന്നു കോളജിലെ പി.ജി ബ്ലോക്ക് കെട്ടിടത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരണം എന്നത്. നേരത്തെ അനുവദിക്കപ്പെട്ട തുകകൊണ്ട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും ഇലക്ട്രിക്ക് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കിന്നതിനായി കൂടുതല്‍ തുക ആവശ്യമാണെന്നും പ്രവര്‍ത്തി നടത്തിക്കൊണ്ടിരിക്കുന്ന ഊരാളുങ്കല്‍ സൊസൈറ്റി പ്രതിനിധികള്‍ യോഗത്തില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് തുടര്‍പ്രവര്‍ത്തിക്കുള്ള തുകയുടെ എസ്റ്റിമേറ്റ് എടുത്തു. വകുപ്പുതല ഇടപെടല്‍ നടത്താന്‍ പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥരെ യോഗം ചുമതലപ്പെടുത്തുകയായിരുന്നു.

തുടര്‍ന്ന് നടന്ന ഡി.ഡി.സി യോഗത്തില്‍ പി.ജി ബ്ലോക്ക് പ്രശ്‌നം പ്രത്യേക വിഷയമായി ഉന്നയിക്കുകയും, ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് എം.എല്‍.എ കത്തുനല്‍കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇപ്പോള്‍ പി.ജി ബ്ലോക്കിന്റെ തുടര്‍പ്രവര്‍ത്തികള്‍ക്കും വാച്ച്മാന്‍ റൂം നിര്‍മിക്കുന്നതിനുമായി 28.5 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. പി.ജി ബ്ലോക്കിന്റെ ബാക്കി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് 23ലക്ഷത്തി പതിനായിരവും, വാച്ച്മാന്‍ റൂം നിര്‍മിക്കാന്‍ അഞ്ച് ലക്ഷത്തി നാല്‍പതിനായിരവുമാണ് കോളജ് വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിരിക്കുന്നത്. ഇതോടൊപ്പം ഈ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ആശങ്കയിലായിരുന്ന വടകര പുതുപ്പണത്ത് സ്ഥിതി ചെയ്യുന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സെന്ററിന് സ്വന്തമായ ഭൂമി എന്ന സ്വപ്നവും യാഥാര്‍ഥ്യമാവുകയാണ്.

വടകര നഗരസഭ വര്‍ഷങ്ങള്‍ക്കു മുന്‍പ് അനുവദിച്ച 83 സെന്റ് ഭൂമിയുടെ ഔദ്യോഗിക രജിസ്‌ട്രേഷന്‍ കാലമിത്രായായും പൂര്‍ത്തീകരിക്കപ്പെട്ടിരുന്നില്ല. ഇതിന്റെ ഭാഗമായി ഇവിടെയുള്ള ബി.എഡ് കോഴ്‌സുകളുടെ അംഗീകാരം പോലും നഷ്ടപ്പെടുന്ന സ്ഥിതിവിശേഷമുണ്ടായി. സമയബന്ധിതമായി ഭൂമിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ കുട്ടികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു.

കഴിഞ്ഞദിവസത്തെ ഉത്തരവ് പ്രകാരം റജിസ്‌ട്രേഷനായി അഞ്ച് ലക്ഷത്തി പതിനാലായിരം രൂപ അനുവദിച്ചതായി അസിസ്റ്റന്‍ഡ് റജിസ്ട്രാര്‍ അറിയിച്ചു. ഇനി വൈകാതെ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാമെന്നും, വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശങ്ക വേണ്ടെന്നും എം.എല്‍.എ അറിയിച്ചു. വകരയിലെ വിദ്യാര്‍ഥികളുടെ ഏറെകാലത്തെ സ്വപ്നമാണ് യൂനിവേഴ്‌സിറ്റി സെന്ററിന് സ്വന്തം കെട്ടിടമെന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17194/construction-of-madappally-college-pg-block-building-the-university-center-will-also-complete-the-land-registration)