---
title: "വടകരയില്‍ കത്താതെ ബാക്കിയായ  ചരിത്ര രേഖകള്‍ കൗതുകമുണര്‍ത്തുന്നു"
english_title: " Remaining unburned in  Vatakara  The historical record is intriguing"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17351/remaining-unburned-in-vatakara-the-historical-record-is-intriguing"
published_at: "2021-12-22T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c30f726d1e7_historical records .jpg"
keywords: []
---

# വടകരയില്‍ കത്താതെ ബാക്കിയായ  ചരിത്ര രേഖകള്‍ കൗതുകമുണര്‍ത്തുന്നു

> **Lead Summary:** വടകര : തീപിടിച്ച് ഭൂരിഭാഗം രേഖകളും നശിച്ച വടകര താലൂക്ക് ഓഫീസിനുള്ളില്‍ നിന്ന് ലഭിച്ച ചരിത്ര രേഖകള്‍ കൗതുകമുണര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള (1800 മുതല്‍) പഴക്കമുള്ള റവന്യു രേഖകളാണ് താലൂക്ക് ഓഫീസിലെ റെക്കോര്‍ഡ്‌സ് റൂമില്‍ നിന്നും ലഭിച്ചത്. റെക്കോഡ് മുറിയിലെ അവശേഷിക്കുന്ന രേഖകള്‍ പുറത്തെത്തിക്കുന്നതിനിടെയാണ് തീയേല്‍ക്കാത്തനിലയില്‍ രേഖകള്‍ കണ്ടെടുത്തത്. ഇതില്‍ പ്രധാനം ഭൂമിയുടെ അടിസ്ഥാനരേഖകളായ സെറ്റില്‍മെന്റ് രജിസ്റ്ററുകളാണ്.

## Article Content

വടകര : തീപിടിച്ച് ഭൂരിഭാഗം രേഖകളും നശിച്ച വടകര താലൂക്ക് ഓഫീസിനുള്ളില്‍ നിന്ന് ലഭിച്ച ചരിത്ര രേഖകള്‍ കൗതുകമുണര്‍ത്തുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള (1800 മുതല്‍) പഴക്കമുള്ള റവന്യു രേഖകളാണ് താലൂക്ക് ഓഫീസിലെ റെക്കോര്‍ഡ്‌സ് റൂമില്‍ നിന്നും ലഭിച്ചത്. റെക്കോഡ് മുറിയിലെ അവശേഷിക്കുന്ന രേഖകള്‍ പുറത്തെത്തിക്കുന്നതിനിടെയാണ് തീയേല്‍ക്കാത്തനിലയില്‍ രേഖകള്‍ കണ്ടെടുത്തത്. ഇതില്‍ പ്രധാനം ഭൂമിയുടെ അടിസ്ഥാനരേഖകളായ സെറ്റില്‍മെന്റ് രജിസ്റ്ററുകളാണ്.

1903ലെ രജിസ്റ്ററുകളാണിത്. ആദ്യസര്‍വേ നടത്തിയശേഷമുള്ള അടിസ്ഥാനരേഖയാണിവ. പിന്നീട് റീസര്‍വേകള്‍ നടന്നിട്ടുണ്ടെങ്കിലും ഏറ്റവും ആദ്യത്തെ രേഖയെന്നനിലയില്‍ ഏറെ സുപ്രധാനമാണിവ. പുറമ്പോക്ക് ഭൂമിസംബന്ധമായ കൃത്യമായവിവരം ഇവയില്‍നിന്ന് കിട്ടും. പഴയ കുറുമ്പ്രനാട് താലൂക്കിലെ രേഖകളാണിത്. അതുകൊണ്ടുതന്നെ വടകര, കൊയിലാണ്ടി താലൂക്കുകളിലെ വിവരങ്ങള്‍ ഇതിലുണ്ടാകും. ഏതൊക്കെ വില്ലേജിലെ വിവരങ്ങള്‍ ഉണ്ടെന്നത് വ്യക്തമായിട്ടില്ല.

തരംതിരിച്ചുള്ള പരിശോധന നടന്നുവരുകയാണ്. പഴയ കുറേ രേഖകള്‍ വേറെയും കിട്ടിയിട്ടുണ്ട്. ഇതെല്ലാം അടുക്കിവെക്കുകയെന്നത് ശ്രമകരമായ ജോലിയാണ്. ഇതിനിടെ നഷ്ടപ്പെട്ട ഭൂസംബന്ധമായ രേഖകളുടെ പകര്‍പ്പ് ലഭ്യമാക്കാനുള്ള ശ്രമം തുടങ്ങി. സര്‍വേവിഭാഗത്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എഫ്.എം.ബി, അടങ്കല്‍, ബി.ടി.ആര്‍ തുടങ്ങിയ രേഖകളാണ് ലഭ്യമാക്കേണ്ടത്. ചിലത് പുരാവസ്തുവകുപ്പിലും ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്ത് തന്നെ വിപുലമായ റെക്കേര്‍ഡ്‌സ് സംവിധാനമായിരുന്നു വടകരയിലുണ്ടായിരുന്നുവെന്നത് റവന്യു ജീവനക്കാര്‍ പറയുന്നു. പഴയ കുറുമ്പ്രനാട് താലൂക്കിലെ റവന്യു രേഖകള്‍, മദ്രാസ് ഗവണ്‍മെന്റിന്റെ കാലത്തുണ്ടായ സീലുകള്‍, മുദ്രകള്‍, നാദാപുരം കോടതിയുമായി ബന്ധപ്പെട്ട രേഖകള്‍, ഇന്ന് റവന്യു വകുപ്പുമായി ബന്ധമില്ലാത്തെ വിവാഹ രജിസ്‌ട്രേഷന്‍, ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട വസൂരി രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകളൊക്കെ കത്താതെ ബാക്കിയായതില്‍ പെടും.

റെക്കോഡ് റൂമിലെ സാധനങ്ങള്‍ പുറത്തെടുക്കുന്നതിനിടെ മൂന്നുവാളുകളും കിട്ടി. കാലങ്ങളായി ഇവിടെ സൂക്ഷിച്ചിരുന്ന വാളുകളാണിത്. ഇത് ഇവിടെ എങ്ങിനെ എത്തിയെന്നതില്‍ വ്യക്തതയില്ല. എന്തായാലും പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കുന്നത്. വാളുകള്‍ തുരുമ്പിച്ചിട്ടുണ്ട്. അതേസമയം തീപ്പിടിത്തത്തില്‍ നശിച്ചിട്ടില്ല. ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച പഴയകാല സീലുകള്‍, മുദ്രകള്‍ എന്നിവയും പോറലേല്‍ക്കാതെ പുറത്തെത്തിച്ചു. വാള്‍ താലൂക്ക് ഇലക്ഷന്‍വിഭാഗത്തിലാണ് സൂക്ഷിച്ചിട്ടുണ്ട്. പുതിയ ഓഫീസ് നിര്‍മ്മിക്കുമ്പോള്‍ അനുബന്ധമായി മ്യൂസിയം സ്ഥാപിച്ച് ചരിത്ര രേഖകള്‍ സംരക്ഷിക്കുമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17351/remaining-unburned-in-vatakara-the-historical-record-is-intriguing)