---
title: "അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് 26ന് അരങ്ങുണരും; ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും"
english_title: "All Kerala Dance and Music Drama Festival to be held on the 26th; Goa Governor Adv. PS Sreedharan Pillai will inaugurate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17392/all-kerala-dance-and-music-drama-festival-to-be-held-on-the-26th-goa-governor-adv-ps-sreedharan-pillai-will-inaugurate"
published_at: "2021-12-22T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c33b396b097_press club.jpg"
keywords: []
---

# അഖില കേരള നൃത്ത സംഗീത നാടകോത്സവത്തിന് 26ന് അരങ്ങുണരും; ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും

> **Lead Summary:** **പയ്യോളി:** കോവിഡ് മഹാമാരിയിൽ വേദികളില്ലാതെ തളർന്നു പോയ നാടക കലാകാരന്മാർക്ക് കൈത്താങ്ങാവാനും പ്രദേശത്തെ കലാസാംസ്കാരിക പരിപാടികൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള ഓഡിറ്റോറിയം സജ്ജമാക്കുന്നതിനുമായി, അയനിക്കാട് നാടകോത്സവത്തിനായി ഒരുങ്ങുന്നു.

## Article Content

**പയ്യോളി:** കോവിഡ് മഹാമാരിയിൽ വേദികളില്ലാതെ തളർന്നു പോയ നാടക കലാകാരന്മാർക്ക് കൈത്താങ്ങാവാനും പ്രദേശത്തെ കലാസാംസ്കാരിക പരിപാടികൾക്കും മറ്റ് ആവശ്യങ്ങൾക്കും ഉതകുന്ന രീതിയിലുള്ള ഓഡിറ്റോറിയം സജ്ജമാക്കുന്നതിനുമായി, അയനിക്കാട് നാടകോത്സവത്തിനായി ഒരുങ്ങുന്നു.

നർത്തന കലാലയത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ പ്രഗത്ഭ നാടകസമിതികളെ ഉൾപ്പെടുത്തി ഡിസംബർ 26 മുതൽ 31 വരെയാണ് അഖില കേരള നൃത്ത-സംഗീത നാടകോത്സവം സംഘടിപ്പിക്കുന്നത്. 28 ന് ചൊവ്വാഴ്ച വൈകു 4 ന് ഗോവ ഗവർണർ അഡ്വ.പി എസ് ശ്രീധരൻപിള്ള നാടകോത്സവം ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിക്കും. യു എൽ സി സി ചെയർമാൻ രമേശൻ പാലേരി മുഖ്യാതിഥിയാവും. തുടർന്ന് നാടകപ്രവർത്തകർക്ക് സമാദരണം, ഭരതനാട്യം ചിത്രകല, ഡിപ്ലോമ പരീക്ഷകളുടെ സർട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. 31 ന് നടക്കുന്ന സമാപന സമ്മേളനവും അവാർഡ് സമർപ്പണവും കെ മുരളീധരൻ എം പി നിർവഹിക്കും.

എം എൽ എ കാനത്തിൽ ജമീല അധ്യക്ഷത വഹിക്കും. നാടകനടനുള്ള സംസ്ഥാന പുരസ്കാര ജേതാവ് സജി മുരാട്, കോവിഡ് കാലപ്രതിരോധ പ്രവർത്തനങ്ങളിൽ സ്തുത്യർഹമായ ഏകോപനം നിർവഹിച്ച നഗരസഭ ഉദ്യോഗസ്ഥൻ ടി പി പ്രജീഷ് കുമാർ എന്നിവരെ ചടങ്ങിൽ സമാദരിക്കും.

പ്രമുഖരുടെ സാന്നിധ്യം ചടങ്ങിലുണ്ടാവും. 26 ന് ഞായറാഴ്ച രാവിലെ നർത്തന ഓഡിറ്റോറിയം സമർപ്പണം എസ് എൻ ഡി പി യോഗം വടകര യൂണിയൻ സെക്രട്ടറി പി എം രവീന്ദ്രൻ നിർവഹിക്കും.വൈകു.3ന് കേരള അഗ്നി രക്ഷാ സേന ഒരുക്കുന്ന ജീവൻ സുരക്ഷ: മുൻകരുതലും പരിഹാരവും സെമിനാർ മുൻ എംഎൽഎ കെ ദാസൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന് വൈകു. 7 ന് നവരസ കലാക്ഷേത്ര അവതരിപ്പിക്കുന്ന നാടകം പൊന്നാപുരം കോട്ട, 27 ന് തിങ്കളാഴ്ച രാവിലെ 10 ന് സംസ്ഥാന കൃഷിവകുപ്പിൻ്റെ സംയുക്താഭിമുഖ്യത്തിൽ മണ്ണ് പരിശോധനയും കാർഷിക സെമിനാറും പി അനിത ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുതിർന്ന കർഷകൻ ഇ വി ഗോപാലനെ സമാദരിക്കും.

വൈകു.7 ന് ഹരിലക്ഷ്മി ചങ്ങനാ ശ്ശേരിയുടെ നാടകം ദേവീ കാത്യായനി, 28 ന് ചൊവ്വ ഉദ്ഘാടന സദസ്സിന് ശേഷം വൈകു. 7 ന് കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ നാടകം യക്ഷനാരി, 29 ന് വൈകു.7 ന് ആലുവ രംഗകല അവതരിപ്പിക്കുന്ന നാടകം ശ്രീഭദ്രകാളി, 30 ന് വ്യാഴാഴ്ച രാവിലെ 10ന് കേരള പൊലീസുമായി  സഹകരിച്ച് സ്ത്രീ സുരക്ഷയും സമൂഹവും സെമിനാർ പയ്യോളി പോലീസ് സർക്കിൾ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു ഉദ്ഘാടനം ചെയ്യും.

വൈകു.7 ന് തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന നാടകം ഉജ്ജയിനിയിലെ മഹാഭദ്ര, 31 ന് അവാർഡ് സമർപ്പണത്തിന് ശേഷം ഫ്രണ്ട്സ് വോയ്സ് അവതരിപ്പിക്കുന്ന ഗാനമേള എന്നിവയുമുണ്ടാകും.

വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ഭാരവാഹികളായ രാജൻ കൊളാവിപ്പാലം, കെ ടി രാജീവൻ, പി ടി വി രാജീവൻ, റഷീദ് പലേരി, എം ടി അബ്ദുള്ള, വി പി നാണു മാസ്റ്റർ, ദാമു നർത്തന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17392/all-kerala-dance-and-music-drama-festival-to-be-held-on-the-26th-goa-governor-adv-ps-sreedharan-pillai-will-inaugurate)