---
title: "ബാക്കിയായ ചരിത്ര ശേഷിപ്പുകളില്‍  നാദാപുരം റെന്റ് കോര്‍ട്ട് മുതല്‍ വില്ലേജ് പൊലീസ് മുദ്ര വരെ "
english_title: " In the remaining historical relics From Nadapuram Rent Court to Revenue Police Stamp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17490/in-the-remaining-historical-relics-from-nadapuram-rent-court-to-revenue-police-stamp"
published_at: "2021-12-23T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c42f71d6af3_revanue  police - rente court .jpg"
keywords: []
---

# ബാക്കിയായ ചരിത്ര ശേഷിപ്പുകളില്‍  നാദാപുരം റെന്റ് കോര്‍ട്ട് മുതല്‍ വില്ലേജ് പൊലീസ് മുദ്ര വരെ 

> **Lead Summary:** **വടകര :** കത്തിയമര്‍ന്ന ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ വടകര താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കുന്നത് ചരിത്ര ശേഷിപ്പുകള്‍ . കത്തി നശിച്ചവയില്‍ ബാക്കിയായി വസൂരികാലത്ത് കുത്തിവെപ്പ് എടുത്തവരുടെ വിവരങ്ങളും. ബ്രിട്ടീഷ് ഭരണകാലത്തെ താലൂക്ക് ഓഫീസിന്റെ ഫയല്‍ മുറിയില്‍ നിന്നും മൂന്ന് വാളുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**വടകര :** കത്തിയമര്‍ന്ന ഫയലുകള്‍ നീക്കം ചെയ്യുമ്പോള്‍ വടകര താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കുന്നത് ചരിത്ര ശേഷിപ്പുകള്‍ . കത്തി നശിച്ചവയില്‍ ബാക്കിയായി വസൂരികാലത്ത് കുത്തിവെപ്പ് എടുത്തവരുടെ വിവരങ്ങളും. ബ്രിട്ടീഷ് ഭരണകാലത്തെ താലൂക്ക് ഓഫീസിന്റെ ഫയല്‍ മുറിയില്‍ നിന്നും മൂന്ന് വാളുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച പഴയ കാല സീലുകളും മുദ്രകളും ലഭിച്ചു. തീപ്പിടിക്കാതെ കിട്ടിയവയില്‍ 1903 ലെ സെറ്റില്‍മെന്റ് റജിസ്റ്ററുകളുമുണ്ട്. പഴയ കുറുമ്പ്രനാട് താലൂക്കിലെ ഭൂസര്‍വെ സെറ്റില്‍മെന്റ് രജിസ്റ്ററുകളും ശേഷിച്ചവയില്‍പെടും. രാജഭരണകാലം മുതലുള്ള പുറംപോക്ക് ഭൂമി ഉള്‍പ്പെടെ വിശദമായി ഈ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലച്ചില്‍ പ്രിന്റ് ചെയ്‌തെടുത്ത പുസ്തക രൂപത്തിലുള്ള രജിസ്റ്ററാണിത്.

1800 മുതലുള്ള ഭൂസംബന്ധമായ പുറംപോക്ക് കയ്യേറ്റം ഉള്‍പ്പെടെ കണ്ടെത്തുന്നതിന് സഹായകരമായ ആധികാരിക രേഖയാണിതെന്ന് അധികൃതര്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പഴക്കമുള്ള വിവാഹ രജിസ്‌ട്രേഷന്‍ . മലബാര്‍ റവന്യു ഡിപ്പാര്‍ട്ട് മെന്റിലെ 'ദക്ഷയദാര്‍' അരപ്പട്ടയില്‍ ഘടിപ്പിച്ചിരുന്ന രണ്ട് മുദ്രയും റവന്യൂ പൊലീസ് മുദ്രയും തിരിച്ചു കിട്ടിയവയിലുണ്ട്.

മദ്രാസ് സ്റ്റേറ്റില്‍ ഉപ കോടതിയായിരുന്നു ഇവിടം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സീലില്‍ 'നാദാപുരം റെന്റ് കോര്‍ട്ട് ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . നശിച്ച ഫയലുകള്‍ കണ്ടെത്താനുള്ള ശ്രമം അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. ചരിത്രരേഖകള്‍ വടകരയില്‍ തന്നെ സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി തഹസില്‍ദാര്‍ വി .കെ സുധീര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17490/in-the-remaining-historical-relics-from-nadapuram-rent-court-to-revenue-police-stamp)