---
title: "#Nationalhighway | ദേശീയപാത നിർമ്മാണം; ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗം "
english_title: "#National #highway #construction #Taluk #Development #Committee #meeting #demanding #call #meeting #concerned #parties"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/175143/national-highway-construction-taluk-development-committee-meeting-demanding-call-meeting-concerned-parties"
published_at: "2024-01-07T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659a3ff295bdb_highway.jpg"
keywords: []
---

# #Nationalhighway | ദേശീയപാത നിർമ്മാണം; ബന്ധപ്പെട്ടവരുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് താലൂക്ക് വികസന സമിതി യോഗം 

> **Lead Summary:** **വടകര: [ **ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വടകര നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ ചേർക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

## Article Content

**വടകര: [ **ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വടകര നഗരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച്‌ ചേർക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

നഗരത്തിൽ പാത നിർമ്മാണത്തിന്റെ ഭാഗമായി സർവ്വീസ് റോഡ് പണി പൂർത്തിയാവാത്തതും കെ.എസ്.ഇ.ബി വൈദ്യുതലൈൻ മാറ്റാത്തതും നിരവധി പ്രശ്നങ്ങൾക്ക് കാരണമാവുന്നതായി യോഗത്തിൽ പരാതി ഉയർന്നു.

പൊടി ശല്യം, ഗതാഗത തടസ്സം, പാറേമ്മൽ സ്കൂളിന് സമീപം ഓവുചാൽ ഉയർന്നതുമായ കാര്യങ്ങൾ ജനങ്ങൾക്ക് ദുരിതമയമാവുന്നതായിസമിതി അംഗം പ്രദീപ് ചോമ്പാല ചൂണ്ടിക്കാട്ടി.

ആർ.ഡി.ഒ മുൻകൈ എടുത്ത് ജനപ്രതിനിധികൾ, ദേശീയപാത അതോറിറ്റി, കെ.എസ്.ഇ.ബി അടക്കമുള്ളവരെ പങ്കെടുപ്പിക്കണമെന്ന് ആവശ്യം ഉയർന്നു. തലശ്ശേരി മാഹി ബൈപ്പാസിൽ അഴിയൂർ ഭാഗത്ത് സർവ്വീസ് റോഡ് പൂർത്തീകരിക്കാൻ ആവശ്യമായ സ്ഥലം ഏറ്റെടുക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ ആവശ്യപ്പെട്ടു.

വടകര താലൂക്ക് ഓഫീസ് കത്തിയ സ്ഥലത്ത് പൈതൃക കെട്ടിടമായി പുതിയ താലൂക്ക് ഓഫീസ് നിർമ്മാണം ത്വരിതപ്പെടുത്തണമെന്ന് സമിതി അംഗങ്ങളായ പി.പി.രാജൻ, ബാബു ഒഞ്ചിയം എന്നിവർ ആവശ്യപ്പെട്ടു.

ഇതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് നടപടികൾ പൂർത്തിയായി വരുന്നതായി തഹസിൽദാർ കല ഭാസ്‌ക്കർ അറിയിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിട നമ്പർ തരുന്നതിൽ പ്രയാസം സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്ന് വിശദീകരണം തേടും.

കാവിലുംപാറ പഞ്ചായത്ത് പ്രസിഡന്റ് പി.ജി.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സമിതി അംഗങ്ങളായ പി പി രാജൻ, പ്രദീപ് ചോമ്പാല, ബാബു ഒഞ്ചിയം, ബാബു പറമ്പത്ത്, വി പി അബ്ദുള്ള എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/175143/national-highway-construction-taluk-development-committee-meeting-demanding-call-meeting-concerned-parties)