---
title: "ഇപ്പോൾ കസ്റ്റഡി വേണ്ട; താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല"
english_title: "No custody now; The court did not consider the custody application of the accused in the taluk office fire case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/17583/no-custody-now-the-court-did-not-consider-the-custody-application-of-the-accused-in-the-taluk-office-fire-case"
published_at: "2021-12-24T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c541eb61bf0_satheesh.jpg"
keywords: []
---

# ഇപ്പോൾ കസ്റ്റഡി വേണ്ട; താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ പ്രതിയുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല

> **Lead Summary:** **വടകര : ** താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ അറസ്റ്റിലായ സിക്കന്ദരാബാദ് സ്വദേശി നാരായൺ സതീഷിനെ മാനസികപ്രശ്നത്തെത്തുടർന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയ സാഹചര്യത്തിൽ ഇയാളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല.

## Article Content

**വടകര : ** താലൂക്ക് ഓഫീസ് തീവെപ്പുകേസിൽ അറസ്റ്റിലായ സിക്കന്ദരാബാദ് സ്വദേശി നാരായൺ സതീഷിനെ മാനസികപ്രശ്നത്തെത്തുടർന്ന് മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റിയ സാഹചര്യത്തിൽ ഇയാളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല.

മാനസിക ആരോഗ്യം മെച്ചപ്പെട്ടാൽ മാത്രമേ ഇനി ഇയാളെ കസ്റ്റഡിയിൽ വിട്ടുനൽകാൻ കഴിയുകയുള്ളുവെന്ന് കോടതി. ഇതിനിടെ നാരായൺ സതീഷിന്റെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങി. ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോൺ നേരത്തേ നഷ്ടപ്പെട്ടിരുന്നു.

നാട്ടിൽ നടത്തിയ അന്വേഷണത്തിൽ ഫോൺ നമ്പർ പോലീസ് സംഘടിപ്പിച്ചു. ഇത് സൈബർ സെല്ലിന്റെ ഉൾപ്പെടെ പരിശോധനയ്ക്ക് നൽകിയിട്ടണ്ട്. കേസിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നും സതീഷിന്റെ ബന്ധങ്ങളെക്കുറിച്ച് അറിയാനുമാണ് ഈ അന്വേഷണം. ഫൊറൻസിക് സംഘം നടത്തിയ പരിശോധനയുടെ ഫലത്തിനും കാത്തിരിക്കുകയാണ് അന്വേഷണസംഘം.

തീവെക്കുന്നതിനു മുമ്പേ പെട്രോൾ, മണ്ണെണ്ണ പോലുള്ളവ ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഈ പരിശോധനയിലൂടെ അറിയേണ്ടത്. എടോടിയിൽ തീയിട്ട കെട്ടിടത്തിലേക്ക് ഇയാൾ കയറുന്നതും ഇറങ്ങുന്നതുമായ സി.സി.ടി.വി. ദൃശ്യങ്ങളിൽ ഇയാളുടെ കൈയിൽ ഒരു കുപ്പിയുണ്ടായിരുന്നു. ഇത് പെട്രോൾപോലുള്ള വസ്തുക്കളാണോ എന്നായിരുന്നു സംശയം. അത് കുടിവെള്ളമാണെന്നാണ് സതീഷ് നൽകിയ മറുപടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/17583/no-custody-now-the-court-did-not-consider-the-custody-application-of-the-accused-in-the-taluk-office-fire-case)