---
title: "#Chombalaport | യോഗം ചേർന്നു; ചോമ്പാല തുറമുഖത്ത് ഡെങ്കിപ്പനി തടയാൻ നടപടിയെടുക്കും "
english_title: "#meeting #held #Steps #taken #prevent #denguefever #Chombalaport"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/176024/meeting-held-steps-taken-prevent-denguefever-chombalaport"
published_at: "2024-01-11T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/659f82a42734b_meeting.jpg"
keywords: []
---

# #Chombalaport | യോഗം ചേർന്നു; ചോമ്പാല തുറമുഖത്ത് ഡെങ്കിപ്പനി തടയാൻ നടപടിയെടുക്കും 

> **Lead Summary:** **വടകര: [** ചോമ്പാല തുറമുഖത്ത് വള്ളങ്ങളിലും മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യ ബോക്സുകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലം നീക്കം ചെയ്യാൻ അഴിയൂർ പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി വ്യാപകമായി തുറമുഖത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.

## Article Content

**വടകര: [** ചോമ്പാല തുറമുഖത്ത് വള്ളങ്ങളിലും മത്സ്യബന്ധന ഉപകരണങ്ങൾ, മത്സ്യ ബോക്സുകളിലും മറ്റും കെട്ടിക്കിടക്കുന്ന മലിന ജലം നീക്കം ചെയ്യാൻ അഴിയൂർ പഞ്ചായത്ത് വിളിച്ച് ചേർത്ത യോഗം തീരുമാനിച്ചു. ഡെങ്കിപ്പനി വ്യാപകമായി തുറമുഖത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേർന്നത്.

ജനപ്രതിനിധികൾ കുടുംബാരോഗ്യ കേന്ദ്രം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങൾ, പോലീസ്, തുറമുഖ വകുപ്പ്, ഫിഷറീസ് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു. തുറമുഖത്തിനുള്ളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന വള്ളത്തിലും ചെറുതോണിയിലും വെള്ളം കെട്ടിനിന്ന് ഇവിടം കൊതുക് വളർത്തു കേന്ദ്രമായി മാറിയതായി യോഗത്തിൽ പരാതി ഉയർന്നു.

തുറമുഖത്തെ ലേലപ്പുരയിൽ വർഷങ്ങളായി സൂക്ഷിച്ച വലകളും മറ്റും നീക്കം ചെയ്യാൻ നടപടി സ്വീകരിക്കും. ഉപയോഗശൂന്യമായതടക്കം മാസങ്ങളോളം തുറമുഖത്ത് നിർത്തിയിട്ട വള്ളങ്ങൾക്ക് എതിരെ നടപടിയെടുക്കുമെന്ന് ബന്ധപ്പെട്ടവർ യോഗത്തിൽ പറഞ്ഞു.

തുറമുഖത്തിനകത്ത് വൃത്തിഹീനമായി പ്രവർത്തിക്കുന്ന തട്ടുകടകൾക്ക്‌ എതിരെ നടപടിയെടുക്കും. തുറമുഖത്ത് ഡെങ്കിപ്പനി തടയുന്നത് അടക്കമുള്ള കാര്യത്തിൽ തുറമുഖ. ഫിഷറീസ് വകുപ്പുകൾ ഫലപ്രദമായി ഇടപെടുന്നില്ലെന്ന് പരാതി ഉയർന്നു. തുറമുഖത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളുടെ സഹായത്തോടെ ശുചീകരണം നടക്കും.

പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോറ , ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ.സുക്ഫാന , കോസ്റ്റൽ എസ് ഐ അബ്ദുൽ സലാം, എം.ബാബു , കെ.ലീല ,പി.കെ.പ്രീത , എം.പ്രമോദ് , പ്രദീപ് ചോമ്പാല , ശ്രീധരൻ കൈപ്പാട്ടിൽ ബി എസ് ഫിലോസ്‌, കെ.കെ.ഷെറിൻ കുമാർ ,വിപി.സുനിഷ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/176024/meeting-held-steps-taken-prevent-denguefever-chombalaport)