---
title: "#Watersupply | ജലവിതരണം മുടങ്ങി; ജലഅതോറിറ്റിയുടെ കുടിവെള്ളം പൂർണമായും മുടങ്ങിയിട്ട് ആറു ദിവസം, ജനങ്ങൾ ബുദ്ധിമുട്ടിൽ"
english_title: "#Watersupply #Sixdays #water #authority #drinking #completely #people #trouble"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177544/watersupply-sixdays-water-authority-drinking-completely-people-trouble"
published_at: "2024-01-17T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8024296c54_water.jpg"
keywords: []
---

# #Watersupply | ജലവിതരണം മുടങ്ങി; ജലഅതോറിറ്റിയുടെ കുടിവെള്ളം പൂർണമായും മുടങ്ങിയിട്ട് ആറു ദിവസം, ജനങ്ങൾ ബുദ്ധിമുട്ടിൽ

> **Lead Summary:** **വടകര: [ **ജലഅതോറിറ്റിയുടെ കുടിവെള്ളം പൂർണമായും മുടങ്ങിയിട്ട് ആറു ദിവസം പിന്നിട്ടു. പുതിയാപ്പ് ടാങ്കിൽനിന്ന് വീരഞ്ചേരിയിലെ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണം. ദേശീയപാതാ നവീകരണപ്രവൃത്തി നടക്കുന്നതിനിടയാണ് പൈപ്പ് പൊട്ടിയത്.

## Article Content

**വടകര: [ **ജലഅതോറിറ്റിയുടെ കുടിവെള്ളം പൂർണമായും മുടങ്ങിയിട്ട് ആറു ദിവസം പിന്നിട്ടു. പുതിയാപ്പ് ടാങ്കിൽനിന്ന് വീരഞ്ചേരിയിലെ ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പ് പൊട്ടിയതാണ് ജലവിതരണം മുടങ്ങാൻ കാരണം. ദേശീയപാതാ നവീകരണപ്രവൃത്തി നടക്കുന്നതിനിടയാണ് പൈപ്പ് പൊട്ടിയത്.

വീരഞ്ചേരി, പെരുവട്ടുംതാഴ, ജെ ടി റോഡ്, കസ്റ്റംസ് റോഡ്, കുരിയാടി ബീച്ച്, കോടതി, ജയിൽപരിസരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജലവിതരണം മുടങ്ങിയിട്ടുണ്ട്. ദേശീയപാതയുടെ കൃത്യമായ അലൈൻമെന്റ് പ്രകാരം പൈപ്പുകൾ മാറ്റി പണി ആരംഭിക്കുകയാണെങ്കിൽ പൈപ്പ് പൊട്ടൽ പ്രശ്നം പരിഹരിക്കാം.

എന്നാൽ അലൈൻമെന്റ് ഇതുവരെ ജല വകുപ്പിനു നൽകിയിട്ടില്ല. കൃത്യമായ ആസൂത്രണത്തോടെ അല്ല പ്രവർത്തികൾ നടക്കുന്നത്. ജല അതോറിറ്റി പണി ഏറ്റെടുത്ത കമ്പനിയുമായി ബന്ധപ്പെടുമ്പോൾ അനുകൂലമായ മറുപടികൾ ഒന്നും ലഭിക്കുന്നില്ല നഗരസഭ ഒന്നാംവാർഡായ കുരിയാടി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയതോടെ ജനങ്ങൾ ഏറെ പ്രയാസത്തിലാണ്.

കുഴൽക്കിണറുകളാണ് ഇവിടെ കൂടുതലുള്ളത്. ഇതിൽ ഉപ്പുവെള്ളമാണ്. വാർഡിലെ 420 വീട്ടുകാരിൽ 200 വീട്ടുകാരും ബുദ്ധിമുട്ടിലാണ്. മിക്ക വീട്ടുകാരും ഇപ്പോൾ ഉപ്പുവെള്ളമാണ് ഉപയോഗിക്കുന്നത്. അനിശ്ചിതമായി വിതരണം മുടങ്ങിയാൽ എന്തുചെയ്യും എന്ന പ്രയാസത്തിലാണ് തീരവാസികൾ. ദേശീയപാതാനവീകരണത്തിന്റെ ഭാഗമായി മിക്കയിടങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവാണ്.

പ്രവൃത്തി ഏറ്റെടുത്ത കമ്പനിയോട് ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ജലഅതോറിറ്റി പറയുന്നത്. പൈപ്പ് പൊട്ടി നന്നാക്കി തൊട്ടടുത്ത ദിവസമാണ് വലിയരീതിയിൽ വീണ്ടും പൊട്ടൽ ഉണ്ടായത്. ആ ഭാഗത്ത് ധാരാളം മണ്ണുതള്ളിയതിനാൽ നന്നാക്കുന്നതിന് സമയമെടുക്കും.

കരാർകമ്പനിയെ പരാതി അറിയിച്ചിട്ടും ഒരു മറുപടിയും ലഭിച്ചില്ലെന്നും ജലഅതോറിറ്റി വ്യക്തമാക്കി. വിതരണം മുടങ്ങുമ്പോൾ പഴികേൾക്കേണ്ടിവരുന്നത് ജലഅതോറിറ്റിയാണ്. ജനങ്ങൾക്ക് എത്രയും വേഗം വെള്ളമെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്‌.

നഗരസഭയിലെ വീരഞ്ചേരി ഭാഗത്ത് ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം മുടങ്ങിയിട്ട് മൂന്നാഴ്ചയോളമായി. ജലഅതോറിറ്റി ഓഫീസ് സ്ഥിതിചെയ്യുന്ന പ്രദേശമാണിത്. ദേശീയപാതാനവീകരണത്തിനിടെ പൈപ്പ് പൊട്ടിയതാണ് ഇവിടെ വെള്ളം കിട്ടാത്തതിന്റെയും കാരണം.

നഗരസഭയിലെ ഉയരംകൂടിയ പ്രദേശങ്ങളിലൊന്നാണിത്. ഭൂരിഭാഗം വീട്ടുകാരും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. തുടർച്ചയായി വെളളം കിട്ടാതെവന്നതോടെ നാട്ടുകാർ വലിയ പ്രതിസന്ധിയിലാണ്. നഗരപരിധിയിൽ എത്രയും പെട്ടെന്ന് ജലവിതരണം പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177544/watersupply-sixdays-water-authority-drinking-completely-people-trouble)