---
title: "#KKRamaMLA | നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി തടസ്സപ്പെട്ട ജലവിതരണ സംവിധാനം ഉടൻ പുനഃസ്ഥാപിക്കണം - കെ.കെ.രമ എം.എൽ.എ "
english_title: "#Interrupted #water #supply #system #restored #immediately #part #NationalHighwaydevelopment #KKRamaMLA"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177789/interrupted-water-supply-system-restored-immediately-part-nationalhighwaydevelopment-kkramamla"
published_at: "2024-01-18T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a9349e1f9c2_rama.jpg"
keywords: []
---

# #KKRamaMLA | നാഷണൽ ഹൈവേ വികസനത്തിന്റെ ഭാഗമായി തടസ്സപ്പെട്ട ജലവിതരണ സംവിധാനം ഉടൻ പുനഃസ്ഥാപിക്കണം - കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: [** നാഷണൽ ഹൈവേ വികസനപ്രവൃത്തികളുടെ ഭാഗമായി പൈപ് ലൈനുകൾ പൊട്ടിയതിനെ തുടർന്ന് ഭാഗമായി തകർന്ന വടകര മേഖലയിലെ ജലവിതരണ സംവിധാനം ഉടൻ പുനഃസ്ഥാപിക്കണമെന്നു കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.

## Article Content

**വടകര: [** നാഷണൽ ഹൈവേ വികസനപ്രവൃത്തികളുടെ ഭാഗമായി പൈപ് ലൈനുകൾ പൊട്ടിയതിനെ തുടർന്ന് ഭാഗമായി തകർന്ന വടകര മേഖലയിലെ ജലവിതരണ സംവിധാനം ഉടൻ പുനഃസ്ഥാപിക്കണമെന്നു കെ.കെ.രമ എം.എൽ.എ ആവശ്യപ്പെട്ടു.

ഇതിന്റെ ഭാഗമായി പലഭാഗങ്ങളിൽ നിന്നായി ഉയർന്ന പരാതികൾക്ക് പരിഹാരം കാണാൻ വാട്ടർ അതോറിറ്റി ഉദോഗസ്ഥരെയും നാഷണൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുമായി പ്രശ്‌നങ്ങളുള്ള സ്ഥലങ്ങൾ എം.എൽ.എ സന്ദർശിച്ചു. പൊട്ടിയ പൈപ്പുകൾ ഉടൻ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ എം.എൽ.എക്ക് ഉറപ്പുനൽകി.

ഇനിമേൽ നടക്കുന്ന പ്രവൃത്തികൾക്ക് മുൻപേ ജല വിതരണ പൈപ്പുകളുടെ സ്കെച്ച് നാഷണൽ ഹൈവേ അതോറിറ്റിക്ക് കൈമാറണമെന്നും അതിനനുസൃതമായി പൈപ്പുകൾക്ക് കേടുപാടുപറ്റാതെ പ്രവൃത്തിനടത്താനാവശ്യമായ മുൻകരുതലുകൾ കൈക്കൊള്ളാനും എം.എൽ.എ നിർദ്ദേശിച്ചു.

വാട്ടർ അതോറിറ്റി വിഭാഗവും നാഷണൽ ഹൈവേ അതോറിറ്റിയും പ്രത്യേകം ഒരു ഉദ്യോഗസ്ഥനെ ഇത് മോണിറ്റർ ചെയ്യുന്നതിനായി ചുമതലപ്പെടുത്താനും നിർദേശിച്ചതായി എം.എൽ.എ അറിയിച്ചു. തുടർന്ന് നാദാപുരം റോഡ്, മടപ്പള്ളി, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ വിഷയങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളും സംഘം സന്ദർശിച്ചു.

നാദാപുരം റോഡിൽ അണ്ടർ പാസ് സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത പ്രദേശത്തെ ജനങ്ങൾ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു. നിലവിൽ മടപ്പള്ളിക്കും നാദാപുരം റോഡിനുമിടയിലായി മടപ്പള്ളി സ്കൂൾ ജംങ്ഷനിൽ നിന്നും അര കിലോമീറ്റർ മാറിയാണ് അണ്ടർ പാസ് അനുവദിച്ചിരിക്കുന്നത്.

ഇത് നാദാപുരം റോഡിലെ മടപ്പള്ളി സ്‌കൂൾ ജങ്ഷനിലേക്ക് മാറ്റി സ്ഥാപിക്കണം എന്നതാണ് പ്രദേശവാസികളുടെ ആവശ്യം. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്ന മടപ്പള്ളി സ്‌കൂളിലെ കുട്ടികളുടെ യാത്രാപ്രശ്നം ഏറെ ഗൗരവമാണ്. ജില്ലയിലെ പ്രധാന സർക്കാർ കോളജ് ആയ മടപ്പള്ളി കോളജ് സ്ഥിതിചെയ്യുന്ന സ്ഥലത്തു അണ്ടർ പാസ് അനുവദിക്കാത്തതും വലിയ ജനകീയ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.

ഈ പ്രശ്നങ്ങൾ നേരത്തെ തന്നെ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ആവശ്യമായ പരിഗണന ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം തിരുവന്തപുരത്തുള്ള ദേശീയപാത ഡിവിഷണൽ ജനറൽ മാനേജരെ നേരിൽകണ്ട് ഈ ആവശ്യം വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നതായും എം.എൽ.എ പറഞ്ഞു.

കണ്ണൂക്കരയിൽ വലിയ തോതിൽ മണ്ണെടുത്ത സ്ഥലങ്ങളിലെ ഇരുവശത്തുമായി സ്ഥിതിചെയ്യുന്ന വീടുകളുടെ അപകടാവസ്ഥയും ഉദ്യോഗസ്ഥരെ നേരിൽ കാണിക്കുകയും വീടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായുള്ള അടിയന്തര നടപടികൾ കൈക്കൊള്ളാൻ നിർദ്ദേശിച്ചതായും എം.എൽ.എ പറഞ്ഞു.

കുഞ്ഞിപ്പള്ളിയിലും മുക്കാളിയിലും നിലനിൽക്കുന്ന ഡ്രൈനേജ് നിർമാണത്തിലെ അപാകതകളും, ബ്ലോക്ക് പഞ്ചായത്തു ഓഫീസിലേക്കുള്ള വഴി തടസപ്പെട്ടു കിടക്കുന്നതിന്റെ പ്രയാസവും ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായും എം.എൽ.എ പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് കെ.പി.ഗിരിജ, ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റ് പി.ശ്രീജിത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കോട്ടയിൽ രാധാകൃഷ്ണൻ, കെ.എം സത്യൻമാസ്റ്റർ, ജനപ്രതിനിധികളായ ഷജിന കൊടക്കാട്ട്, ലീല, പ്രമോദ്, പ്രീത തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിധികളും പ്രദേശവാസികളും ഒപ്പമുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177789/interrupted-water-supply-system-restored-immediately-part-nationalhighwaydevelopment-kkramamla)