---
title: "#ArfaKhanamSherwani | ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നു – ആർഫാ ഖാനം ഷെർവാണി "
english_title: "#India #demands #strong #opposition #ArfaKhanamSherwani"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/177828/india-demands-strong-opposition-arfakhanamsherwani"
published_at: "2024-01-18T21:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a951e01974f_arfa.jpg"
keywords: []
---

# #ArfaKhanamSherwani | ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നു – ആർഫാ ഖാനം ഷെർവാണി 

> **Lead Summary:** **വടകര: [** വർത്തമാന കാല ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക അർഫാ ഖാനം ഷെർവാണി അഭിപ്രായപ്പെട്ടു. മടപ്പള്ളി ഗവ കോളേജിൽ രണ്ടാമത് എം ആർ നാരായണ കുറുപ്പ് സ്മാരക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

## Article Content

**വടകര: [** വർത്തമാന കാല ഇന്ത്യ ശക്തമായ പ്രതിപക്ഷത്തെ ആവശ്യപ്പെടുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക അർഫാ ഖാനം ഷെർവാണി അഭിപ്രായപ്പെട്ടു. മടപ്പള്ളി ഗവ കോളേജിൽ രണ്ടാമത് എം ആർ നാരായണ കുറുപ്പ് സ്മാരക പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

'മാധ്യമകുത്തകകൾ, വർഗീയത, ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നിർവഹിച്ച അവർ സമകാലിക ഇന്ത്യയിൽ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള മത ന്യൂനപക്ഷങ്ങളും, ദളിത് ജനവിഭാഗങ്ങളും വലിയ രീതിയിലുള്ള വിവേചനം നേരിടുന്നതായി സമകാലിക ഇന്ത്യൻ മാധ്യമ രംഗത്തെ ശ്രദ്ധേയമായ മുഖമായ അർഫാ ഖാനം ഷെർവാണി പറഞ്ഞു.

ഇന്ത്യൻ സമൂഹത്തിന്റെ വർഗീയവൽക്കരണത്തിന്റെ ഗുണഫലം ഇന്നത്തെ ഭരണകൂടത്തിന്റെ അധികാരത്തിന്റെ സാധൂകരിക്കുന്നുണ്ട്. വർഗീയ കലാപങ്ങൾ നടന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള പല സ്ഥലത്തും, ഇപ്പോഴും ജനങ്ങൾ പരസ്പര ബന്ധമില്ലാതെ നിൽക്കുന്നതായും, അവിടുത്തെ ഭരണകൂടം ഇതിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

ഈ വിഷമാവസ്ഥയിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾക്ക് പോലും അവരുടെ ജോലി നിർവ്വഹിക്കാൻ സാധിക്കുന്നില്ലെന്ന് സ്വാതന്ത്രമാധ്യമ രംഗത്തെ സുപ്രധാന മാധ്യമായ 'ദി വയറി'ന്റെ സീനിയർ എഡിറ്റർ കൂടിയായ അർഫാ ഖാനം ഷെർവാണി പറഞ്ഞു.

സമൂഹത്തിന്റെ അരികുകളിൽ ജീവിക്കുന്ന ജനവിഭാഗങ്ങൾക്ക് ഭരണകൂടം ഒരു പിന്തുണ പോലും നൽകുന്നില്ലായെന്നതാണ് വാസ്തവം. ഇതിനെതിരായി ശക്തമായ പ്രതിഷേധം ഉണ്ടാവണം. കോളേജ് പ്രിൻസിപ്പാൾ ഡോ. പ്രീത ബി ആധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ജിനീഷ് പി എസ് സ്വാഗതവും, എ എം ശശി നന്ദിയും പറഞ്ഞു.

പ്രഭാഷണത്തെ തുടർന്ന് നടന്ന സംവാദത്തിൽ മടപ്പള്ളി കോളേജ് ചരിത്ര വിഭാഗം ആധ്യക്ഷനായ എ എം ഷിനാസ് മോഡറേറ്ററായി. മടപ്പള്ളി കോളേജ് സ്ഥാപിക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച എം ആർ നാരായണ കുറുപ്പിന്റെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ഈ പാരമ്പരയിലെ പ്രഥമ പ്രഭാഷണം ഇന്റർനാഷണൽ ബുക്കർ പ്രൈസ് അവാർഡ് ജേത്രിയായ ഗീതാഞ്ജലിയാണ് കഴിഞ്ഞ വർഷം നിർവ്വഹിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/177828/india-demands-strong-opposition-arfakhanamsherwani)