---
title: "#UbuRoi | 'ഉബു റോയ്' വടകരയിൽ; ദീപൻ ശിവരാമൻ്റെ നാടകവിസ്മയം ഫെബ്രുവരി 3, 4, 5 തീയതികളിൽ "
english_title: "#UbuRoi #Vadakara #DeepanSivaraman's #drama #February"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/179950/uburoi-vadakara-deepansivaramans-drama-february"
published_at: "2024-01-27T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b4e2879739d_drama.jpg"
keywords: []
---

# #UbuRoi | 'ഉബു റോയ്' വടകരയിൽ; ദീപൻ ശിവരാമൻ്റെ നാടകവിസ്മയം ഫെബ്രുവരി 3, 4, 5 തീയതികളിൽ 

> **Lead Summary:** **വടകര: [ **മികച്ച നാടകാവിഷ്കാരങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ഉബു റോയ് ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗരത്തിൽ അവതരിപ്പിക്കുന്നു. തൃശൂർ ആസ്ഥാനമായ ഓക്സിജൻ തിയറ്റർ കമ്പനിയാണ് ഉബു റോയി അവതരിപ്പിക്കുന്നത്.

## Article Content

**വടകര: [ **മികച്ച നാടകാവിഷ്കാരങ്ങളിലൂടെ ലോകശ്രദ്ധ നേടിയ ദീപൻ ശിവരാമൻ്റെ പുതിയ നാടകം ഉബു റോയ് ഫെബ്രുവരി 3, 4, 5 തീയതികളിൽ വടകര നാരായണനഗരത്തിൽ അവതരിപ്പിക്കുന്നു. തൃശൂർ ആസ്ഥാനമായ ഓക്സിജൻ തിയറ്റർ കമ്പനിയാണ് ഉബു റോയി അവതരിപ്പിക്കുന്നത്.

ഒന്നേകാൽ നൂറ്റാണ്ടു മുമ്പ് ഫ്രഞ്ച് സാഹിത്യകാരൻ ആൽഫ്രഡ് ജാരി (Alfred Jarry) രചിച്ച വിഖ്യാതനാടകത്തിൻ്റെ ഈ പുനരാഖ്യാനത്തിൻ സമകാലിക ഇൻഡ്യൻ സാഹചര്യത്തിൽ പ്രത്യേക പ്രസക്തിയുണ്ട്. മലയാള നാടക, സിനിമാ രംഗങ്ങളിലെ ശ്രദ്ധേയരായ അഭിനേതാക്കൾ ജെയിംസ് ഏലിയ, കെ ഗോപാലൻ, കല്ലു കല്യാണി, സി ആർ രാജൻ, ജോസ് പി റാഫേൽ എന്നിവർ മുഖ്യവേഷങ്ങളിൽ എത്തുന്നു.

ജോസ് കോശിയാണ് ടെക്നിക്കൽ ഡയറക്ടർ. സംഗീതം ഒരുക്കുന്നത് സുനിലും. വിവിധ ലോകഭാഷകളിൽ സിനിമയ്ക്കും നാടകത്തിനും ചിത്രകലയ്ക്കും ഒക്കെ വിഷയമായ ഉബു റോയ് നാടകം 1896-ൽ പാരീസിൽ ആദ്യമായി അവതരിപ്പിച്ചപ്പോൾ അത് നാടകരംഗത്തെ എല്ലാ സാമ്പ്രദായികതകളെയും സമൂഹത്തിലെ പല പൊതുധാരണകളെയും പിടിച്ചുലച്ചു.

ജാരി 23-ാം വയസിൽ രചിച്ച നാടകത്തെ ആധുനികതയുടെ നാന്ദിയായും ഡാഡായിസം, സർറിയലിസം, തിയേറ്റർ ഓഫ് അബ്സർഡ് എന്നിവയുടെ മുന്നോടിയായും ഒക്കെ പിൽക്കാലത്ത് പണ്ഡിതർ വിലയിരുത്തി. വടകര നാരായണനഗരത്തിൽ നാടകാവതരണത്തിന് പി കെ. കൃഷ്ണദാസ് ചെയർമാനും സന്ദേശ് ഇ പ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപവൽക്കരിച്ചു.

ഐ മൂസ, ശ്രീധരൻ എടയത്ത്, കെ ടി ദിനേശ് എന്നിവരാണ് വൈസ് ചെയർപേഴ്സൺമാർ. ദീപ ഡി, കെ സി പവിത്രൻ, രാജൻ മാസ്റ്റർ എന്നിവരെ ജോയിൻ്റ് കൺവീനർമാരായും തെരഞ്ഞെടുത്തു. സബ് കമ്മിറ്റികളുടെ അധ്യക്ഷരും കൺവീനർമാരും: പബ്ലിസിറ്റി - പ്രതാപ് മൊണാലിസ, അമ്പിളി, സ്റ്റേജ് - വേണു കക്കട്ടിൽ, വികേഷ്, ഭക്ഷണം - നിധിൻ കെ വൈദ്യർ, രോഹിത്, വളൻ്റിയർ കെ പി ശ്രീജിത്, അമൽ രാജ്, അക്കോമൊഡേഷൻ - മനോജൻ കെ എം, അർജുൻ.

കാഴ്ചയുടെ ശീലങ്ങളെ നവീകരിക്കുന്ന സവിശേഷാനുഭവം ആകും നാടകമെന്ന് നാടകത്തിൻ്റെ നിർമ്മാതാവായ കേരള ആട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ടി യു ശ്രീപ്രസാദ് പറഞ്ഞു. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ ഉപസ്ഥാപനമാണ് തിരുവനന്തപുരം കോവളത്തുള്ള ക്രാഫ്റ്റ് വില്ലേജ്.

ഫിബ്രവരി 3, 4, 5 തീയ്യതികളിൽ, വടകര നാരായണ നഗറിൽ പ്രത്യേകം തയ്യാറാക്കുന്ന വേദിയിലാണ് നാടകം അരങ്ങേറുക. ഒരു ദിവസം ഒരു പ്രദർശനമാണ്. ഒരു പ്രദർശനത്തിൽ 600 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. 499 രൂപ 999 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഒരു ടിക്കറ്റിൽ ഒരാൾക്ക് മാത്രമേ പ്രവേശനമുള്ളൂ.

'ബുക്ക്മൈഷോ' എന്ന ആപ്പിലൂടെയും ( സർവ്വീസ് ചാർജ് ബാധകമാണ്), 9288001197,9288001155 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ചും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഈ നാടക വിസ്മയം ആസ്വദിക്കുവാനായി നിങ്ങളുടെ ടിക്കറ്റ് മുൻകൂട്ടി ഉറപ്പു വരുത്തണമെന്നും ഈ പരിപാടി വൻ വിജയമാക്കണമെന്നും സംഘാടക സമിതി ചെയർമാൻ പി.കെ കൃഷ്ണദാസും സന്ദേശ് ഇപയും അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/179950/uburoi-vadakara-deepansivaramans-drama-february)