---
title: "#SadanandaGowda  | പിണറായി വിജയൻ അഴിമതിയിൽ കോൺഗ്രസുമായി മത്സരിക്കുന്നുവെന്ന് സദാനന്ദ ഗൗഡ "
english_title: "#SadanandaGowda #says #competing #Congress #PinarayiVijayan #scam"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/181086/sadanandagowda-says-competing-congress-pinarayivijayan-scam"
published_at: "2024-01-31T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ba7e8684f63_sadanada_gauda.jpg"
keywords: []
---

# #SadanandaGowda  | പിണറായി വിജയൻ അഴിമതിയിൽ കോൺഗ്രസുമായി മത്സരിക്കുന്നുവെന്ന് സദാനന്ദ ഗൗഡ 

> **Lead Summary:** **വടകര: [** അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസുമായി മത്സരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. വടകരയിൽ കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എയുടെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

**വടകര: [** അഴിമതിയുടെ കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കോൺഗ്രസുമായി മത്സരിക്കുകയാണെന്ന് മുൻ കേന്ദ്രമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. വടകരയിൽ കെ.സുരേന്ദ്രൻ നയിക്കുന്ന എൻ.ഡി.എയുടെ കേരള പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒമ്പതര വർഷമായി കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നിട്ട്. ഒരു അഴിമതി ആരോപണം പോലും ഈ കേന്ദ്രസർക്കാരിനെതിരെ ഉന്നയിക്കപ്പെട്ടിട്ടില്ല. ബി.ജെ.പിയുടെ ഭരണം കേരളത്തിലും വന്നാൽ മാത്രമേ കേരളം വികസിതമാവുകയുള്ളൂ എന്നദ്ദേഹം പറഞ്ഞു.

അയൽ സംസ്ഥാനമായ കർണാടകം ലോകസഭയിലേക്ക് 28 പേരെയാണ് ബി.ജെ.പി സഖ്യത്തിന് നൽകുന്നത്. അപ്പോൾ കേരളം ഒരു എട്ടു സീറ്റെങ്കിലും നൽകണം. സംസ്ഥാന സർക്കാർ വിഭവ സമാഹരണത്തിൽ പരാജയപ്പെട്ടതുകൊണ്ടാണ് കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുള്ളത്.

58,000 കോടി കേരളത്തിന് നൽകാനുണ്ടെന്ന് വ്യാജപ്രചാരണമാണ് കേരളത്തിലെ സി.പി.എം നടത്തുന്നത്. മുമ്പ്് നൽകിയ തുകയുടെ കണക്കുകൾ നൽകാത്തതിനാൽ 4,800 കോടി രൂപ മാത്രമാണ് പിടിച്ചുവച്ചിരിക്കുന്നത്. കണക്കുകൾ നൽകിയാൽ മൂന്നാം ദിവസം പണം നൽകാമെന്ന് ധനനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചതാണ്.

ഇത്രനാളായിട്ടും സംസ്ഥാനം മറുപടി നൽകിയിട്ടില്ല. നികുതി ഇനത്തിൽ കേരളം 14,000 കോടി രൂപയുടെ വീഴ്ചയാണ് വരുത്തിയത്. അത് പിരിച്ചെടുക്കുകയാണ് വേണ്ടത്. ക്രമസമാധാന നിലയിലും കേരളം തകർന്നിരിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ 3568 പോക്‌സോ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

രജിസ്റ്റർ ചെയ്യപ്പെട്ട കേസുകളാണിത്. ഇതുകൂടാതെ പെൺകുട്ടികൾക്ക് നേരെ കേരളത്തിൽ ഇതിലും കൂടുതൽ ലൈംഗിക അതിക്രമങ്ങളും നടക്കുന്നുണ്ട്. സംസ്ഥാനത്തിനായി കേന്ദ്രസർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളും സദാനന്ദ ഗൗഡ അക്കമിട്ട് നിരത്തി. കേരളത്തിൽ 3.41 ലക്ഷം വീട്ടമ്മമാർക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകി.

10786 ജനൗഷധി കേന്ദ്രങ്ങൾ തുടങ്ങി. തെരുവു വാണിഭക്കാർക്കായി 62.58 കോടി രൂപ വിതരണം ചെയ്തു. 7,37,000 പേർക്ക് ആയുഷ് മാൻ ഭാരത് ഹെൽത്ത് കാർഡുകൾ നൽകി. പി.എം ആവാസ് യോജന പ്രകാരം 1.14 ലക്ഷം വീടുകൾ നൽകി. 36 ലക്ഷം പേർക്ക് 6,000 രൂപ വീതം കിസാൻ സമ്മാൻ നിധി നൽകി.

1.56 ലക്ഷം കോടി രൂപ ചെലവിട്ട് 1020 കിലോ മീറ്റർ ദേശീയ പാത സ്ഥാപിച്ചു. ബി.ജെ.പി നേതാക്കളായ പി.കെ. കൃഷ്ണദാസ്, കെ.പി ശ്രീശൻ, പ്രഫുൽകൃഷ്ണ, എം.ടി രമേശ് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/181086/sadanandagowda-says-competing-congress-pinarayivijayan-scam)