---
title: "അയനിക്കാട് നര്‍ത്തന  നൃത്ത സംഗീത  നാടകോത്സവത്തിന് തുടക്കമായി "
english_title: " Ayanikad Dance Dance Music It was the beginning of the drama festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18237/ayanikad-dance-dance-music-it-was-the-beginning-of-the-drama-festival"
published_at: "2021-12-29T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc05004c81a_sreedran pilla .jpg"
keywords: []
---

# അയനിക്കാട് നര്‍ത്തന  നൃത്ത സംഗീത  നാടകോത്സവത്തിന് തുടക്കമായി 

> **Lead Summary:** പയ്യോളി: രാജ്യത്തെ ഏകീകരിക്കാന്‍ മതത്തിനോ ജാതിക്കോ ഭാഷയ്‌ക്കോ കഴിയില്ലെന്നും അതിന് കലയ്ക്കും സംഗീതത്തിനും സാഹിത്യത്തിനും മാത്രമേ കഴിയൂ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. അയനിക്കാട് നര്‍ത്തന കലാലയം അഖില കേരള നൃത്ത സംഗീത നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

## Article Content

പയ്യോളി: രാജ്യത്തെ ഏകീകരിക്കാന്‍ മതത്തിനോ ജാതിക്കോ ഭാഷയ്‌ക്കോ കഴിയില്ലെന്നും അതിന് കലയ്ക്കും സംഗീതത്തിനും സാഹിത്യത്തിനും മാത്രമേ കഴിയൂ എന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു. അയനിക്കാട് നര്‍ത്തന കലാലയം അഖില കേരള നൃത്ത സംഗീത നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രാമങ്ങളിലൂടെ കടന്നു പോകുമ്പോഴാണ് യഥാര്‍ഥ കലാകാരന്മാരെ കണ്ടെത്താന്‍ കഴിയൂ. അവസരം ലഭിക്കാതെ നാമറിയാതെ പോയ എത്രയോ കഴിവുള്ള കലാകാരന്മാര്‍ നമുക്കിടയിലുണ്ടെന്നും അത് കണ്ടെത്താനുള്ള മാനദണ്ഡം നമുക്കില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഏറെയൊന്നും കടന്നു ചെല്ലാത്ത, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിസോറാമിലും സാമ്പത്തികമായി ഏറെ മുന്നിലുള്ള ഗോവയിലും ഗവര്‍ണറായിട്ടുണ്ട്.

എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്റെ ഹാപ്പിനസ് ഇന്‍ഡക്‌സില്‍ ഏറെ മുന്നില്‍ നില്‍ക്കുന്നത് മിസോറാമിലെ ജനങ്ങളാണ്. ഇത് സൂചിപ്പിക്കുന്നത് വികസനവും സാമ്പത്തി കോന്നതിയുമല്ല ജനതയുടെ സന്തോഷം നിര്‍ണയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് മഹാമാരിയില്‍ വേദികളില്ലാതെ തളര്‍ന്നു പോയ നാടക കലാകാരന്മാര്‍ക്ക് കൈത്താങ്ങാവാനും പ്രദേശത്തെ കലാസാംസ്‌കാരിക പരിപാടികള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഉതകുന്ന രീതിയിലുള്ള ഓഡിറ്റോറിയം സജ്ജമാക്കുന്നതിനുമായി സംഘടിപ്പിച്ച നാടകോത്സവ ഉദ്ഘാടന സമ്മേളനത്തില്‍ പയ്യോളി നഗരസഭ ചെയര്‍മാന്‍ ഷഫീഖ് വടക്കയില്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ വിവിധ മേഖലകളില്‍ കലാപ്രതിഭ തെളിയിച്ച ഇ വി ഗോപാലന്‍ മാസ്റ്റര്‍, ദാമു നര്‍ത്തന, എം ടി ശിവദാസന്‍ മാസ്റ്റര്‍, ഇ വി രാമകൃഷ്ണന്‍, സജി മൂരാട്, വി കേളപ്പന്‍, പള്ളിക്കര കരുണാകരന്‍ എന്നിവരെ ആദരിച്ചു. ചിത്രകാരന്‍ ഇ വി ശിവജി വരച്ച ഗവര്‍ണറുടെ ചിത്രം, ചിത്രകാരനില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി. ഭാരത് സേവക് സമാജ് നടത്തിയ ഭരതനാട്യം ചിത്രകല ഡിപ്ലോമ പരീക്ഷ സര്‍ട്ടിഫിക്കറ്റ് വിതരണം നടന്നു.

നഗരസഭാംഗം കെ സി ബാബുരാജ്, രാജന്‍ കൊളാവിപ്പാലം, പി ടി വി രാജീവന്‍, കെ ടി രാജീവന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കോഴിക്കോട് കാദംബരി കലാക്ഷേത്രയുടെ നാടകം യക്ഷനാരി അരങ്ങേറി. നാടകോത്സവം 31 ന് സമാപിക്കും. സമാപന സമ്മേളനവും അവാര്‍ഡ് സമര്‍പ്പണവും കെ മുരളീധരന്‍ എം പി നിര്‍വഹിക്കും. എം എല്‍ എ കാനത്തില്‍ ജമീല അധ്യക്ഷത വഹിക്കും. കോവിഡ് കാലപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ ഏകോപനം നിര്‍വഹിച്ച നഗരസഭ ഉദ്യോഗസ്ഥന്‍ ടി പി പ്രജീഷ് കുമാറിനെ ചടങ്ങില്‍ സമാദരിക്കും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18237/ayanikad-dance-dance-music-it-was-the-beginning-of-the-drama-festival)