---
title: "കെ എസ് ടി എ ജില്ലാ അധ്യാപക  കലോത്സവം കൊയിലാണ്ടിയില്‍"
english_title: " KSTA District Teachers' Festival at Koyilandy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/18274/ksta-district-teachers-festival-at-koyilandy"
published_at: "2021-12-29T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61cc36a9498ad_press koyilandi.jpg"
keywords: []
---

# കെ എസ് ടി എ ജില്ലാ അധ്യാപക  കലോത്സവം കൊയിലാണ്ടിയില്‍

> **Lead Summary:** **കൊയിലാണ്ടി:** കെ എസ് ടി എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം ഡിസംബര്‍ 30, 31 തീയതികളില്‍ ഗവണ്‍മെന്റ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തുന്ന വര്‍ത്തമാനകാല ദേശീയ സാഹചര്യത്തില്‍ സര്‍ഗ്ഗാത്മക അധ്യാപനം പ്രതിരോധ മാര്‍ഗ്ഗമായി കണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബര്‍ 31ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും.

## Article Content

**കൊയിലാണ്ടി:** കെ എസ് ടി എ കോഴിക്കോട് ജില്ലാ അധ്യാപക കലോത്സവം ഡിസംബര്‍ 30, 31 തീയതികളില്‍ ഗവണ്‍മെന്റ് മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് നടക്കും. സ്വതന്ത്ര ചിന്തയ്ക്കും ആവിഷ്‌കാരത്തിനും വിലക്കേര്‍പ്പെടുത്തുന്ന വര്‍ത്തമാനകാല ദേശീയ സാഹചര്യത്തില്‍ സര്‍ഗ്ഗാത്മക അധ്യാപനം പ്രതിരോധ മാര്‍ഗ്ഗമായി കണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബര്‍ 31ന് പ്രശസ്ത സാഹിത്യകാരന്‍ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്യും.

സ്വാഗതസംഘം ചെയര്‍മാന്‍ ടി കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. ജനപ്രതിനിധികളും കെ എസ് ടി എ ജില്ല സംസ്ഥാന നേതാക്കളും പങ്കെടുക്കും. അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സര്‍ഗ്ഗാത്മക ചിന്തയും യുക്തിചിന്തയും വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഒട്ടേറെ പരിപാടികളാണ് സംഘടന ഏറ്റെടുത്തു വരുന്നത്. നവകേരള സൃഷ്ടിക്ക് കരുത്തേകുന്ന ഇത്തരം പരിപാടികളുടെ കാലിക പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

ഡിസംബര്‍ 30ന് രാവിലെ കഥാരചന, കവിതാ രചന, ചിത്രരചന, കാര്‍ട്ടൂണ്‍ തുടങ്ങിയ രചനാമത്സരങ്ങള്‍ നടത്തപ്പെടും. വൈകുന്നേരം പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പാട്ട് വരപന്തം എന്ന അനുബന്ധ പരിപാടി കെ എസ് ടി എ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം വി പി രാജീവന്‍ ഉദ്ഘാടനം ചെയ്യും. അരങ്ങ് കൊയിലാണ്ടി അവതരിപ്പിക്കുന്ന നാടന്‍ പാട്ട്, പ്രശസ്ത കവികളുടെ കവിതാലാപനം, പ്രശസ്ത ചിത്രകലാ അധ്യാപകര്‍ പങ്കെടുക്കുന്ന,ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഹിഡന്‍ അജണ്ടകള്‍ ആവിഷ്‌കരിക്കുന്ന, ചിത്രരചന തുടങ്ങിയ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

ഡിസംബര്‍ 31ന് ഉദ്ഘാടനസമ്മേളനത്തെ തുടര്‍ന്നു ഒപ്പന, മാര്‍ഗംകളി, തിരുവാതിരക്കളി, നാടന്‍പാട്ട്, മോണോആക്ട് തുടങ്ങിയ വൈവിധ്യപൂര്‍ണമായ മത്സര പരിപാടികള്‍ നടത്തപ്പെടും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നാനൂറോളം അധ്യാപക കലാകാരന്മാര്‍ പങ്കെടുക്കും. സമാപന സമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാസെക്രട്ടറി ആര്‍ എം രാജന്‍, സ്വാഗത സംഘം വൈസ് ചെയര്‍മാന്‍ പി.കെ ഭരതന്‍ ജനറല്‍ കണ്‍വീനര്‍ പി കെ ജിതേഷ്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഡി കെ ബിജു, സി ഉണ്ണികൃഷ്ണന്‍, ഗണേഷ് കക്കഞ്ചേരി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/18274/ksta-district-teachers-festival-at-koyilandy)