---
title: "#KKRamaMLA | ഫിഷിംഗ് ഹാർബറുകൾ; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ "
english_title: "#fishing #harbors #KKRamaMLA #presented #submission #assembly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/184529/fishing-harbors-kkramamla-presented-submission-assembly"
published_at: "2024-02-14T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65cccb46b0c01_rama.jpg"
keywords: []
---

# #KKRamaMLA | ഫിഷിംഗ് ഹാർബറുകൾ; നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് കെ.കെ.രമ എം.എൽ.എ 

> **Lead Summary:** **വടകര: [ **ഫിഷിംഗ് ഹാർബറുകളുടെ കുറവും നിലവിലെ ഫിഷിംഗ് ഹാർബറുകൾ നവീകരിക്കാത്തതിനാലും വടകരയിലെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

## Article Content

**വടകര: [ **ഫിഷിംഗ് ഹാർബറുകളുടെ കുറവും നിലവിലെ ഫിഷിംഗ് ഹാർബറുകൾ നവീകരിക്കാത്തതിനാലും വടകരയിലെ മത്സ്യത്തൊഴിലാളികൾ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനുള്ള നടപടികൾ വേണമെന്നാവശ്യപ്പെട്ട് കെ.കെ.രമ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചു.

തിക്കോടി മുതൽ ധർമ്മടം വരെയുള്ള ഏകദേശം 5000 ത്തോളം വരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും ആയിരക്കണക്കിന് മറ്റു തൊഴിലാളികളും ഉപജീവനം നടത്തിവരുന്ന കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖങ്ങളിൽ ഒന്നാണ് ചോമ്പാൽ ഹാർബർ.

എന്നാൽ ഇന്ന് പരാധീനതകളുടെ നടുവിൽ വിർപ്പുമുട്ടുകയാണ് ഈ ഹാർബർ. കാലങ്ങളായി ഇവിടെ യഥാസമയം മെയിന്റനൻസ് നടക്കുന്നില്ല. നാലുവർഷത്തോളം കാലമായി ട്രഡ്ജിങ് നടത്താത്തത് മൂലം ഇവിടെ തോണിമറിഞ്ഞുള്ള അപകടങ്ങൾ പതിവാണ്.

മത്സ്യബന്ധനവലകളുൾപ്പടെ മറ്റു ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തുവാനും സാധിക്കുന്നില്ലെന്നതും വലിയ പ്രശ്നമായി നിലനിൽക്കുന്നതാണ് എം.എൽ.എ സബ്മിഷനിലൂടെ ഉന്നയിച്ചു. കടലിലും കടൽത്തീരത്തും വച്ച് അപകടത്തിൽപ്പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ചോമ്പാൽ ഹാർബറിൽ പോലും ഒരു സംവിധാനവുമില്ല.

ഹാർബറിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു ആരോഗ്യ സബ്‌സെന്റർ സ്ഥാപിച്ച് മത്സ്യത്തൊഴിലാളിയുടെ ജീവൻ രക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണം. ഈ തീരമേഖലയിൽ ഉണ്ടാകാറുള്ള ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ശക്തമായ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നത് കാലാകാലങ്ങളായുള്ള ആവശ്യമാണ്.

അതിനും ഒരു പരിഹാരവും കാണാൻ ഈ കാലമത്രയും സാധിച്ചിട്ടില്ല. മത്സ്യ സംരക്ഷണത്തിനായി ഇവിടെ ഒരു ഐസ് പ്ലാൻറും മാലിന്യ നിർമ്മാർജ്ജനത്തിനായി ഒരു ബയോഗ്യാസ് പ്ലാൻറും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ പ്രവർത്തനക്ഷമമല്ല.

ഇവ ഉടൻ തന്നെ പ്രവർത്തനക്ഷമമാക്കണം. വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യം, ഡീസൽ ബങ്ക്, ഇങ്ങനെ മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് അവരുടെ തൊഴിൽ സുഗമമായി ചെയ്യുന്നതിനായി നിരവധി ആവശ്യങ്ങളാണ് ചോമ്പാല ഹാർബറിൽ ഉള്ളത്.

ഇതിനെല്ലാം പരിഹാരം കാണാൻ കഴിയുംവിധമുള്ള അടിയന്തിര ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. വടകരയിൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മറ്റൊരു പ്രദേശമാണ് കുരിയാടി. കുരിയാടിയിൽ ഒരു മത്സ്യബന്ധന തുറമുഖം സ്ഥാപിക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്.

ഇവിടെ തുറമുഖം നിർമ്മിക്കുന്നതു സംബന്ധിച്ച പഠനം നടത്താൻ വേണ്ടി 2015-ൽ 59 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇതിൻറെ പഠനം നടന്നുവരികയാണെന്നും നിർത്തിവെക്കാൻ വേണ്ടി തീരുമാനിച്ചതായും കേൾക്കുന്നുണ്ട്. ഈ കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്.

നിർത്തിവെക്കാനാണ് തീരുമാനിച്ചതെങ്കിൽ അത് പുന:പരിശോധിക്കാൻ സർക്കാർ തയ്യാറാകണമെന്നും പഠനം പൂർത്തിയാക്കി കുരിയാടിയിൽ ഒരു മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നുംഎം.എൽ.എ ആവശ്യപ്പെട്ടു.

നേരത്തെ വടകരയിൽ നടന്ന തീരസദസിൽ ഇക്കാര്യങ്ങൾ വളരെ വിശദമായി തന്നെ ബഹുമാനപ്പെട്ട മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുള്ളതാണ്. എന്നിട്ടും യാതൊരു നടപടിയും ഈ വിഷയങ്ങളിൽ ഉണ്ടായില്ല എന്നതു ഖേദകരമാണ്.

ഈ രണ്ടു ഹാർബറുകളുടെ കാര്യങ്ങളിലും സർക്കാരിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണം എന്ന് സബ്മിഷനിലൂടെ കെ.കെ.രമ നിയമസഭയിൽ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/184529/fishing-harbors-kkramamla-presented-submission-assembly)